2019 ലെ തെരഞ്ഞെടുപ്പും സംഘ്പരിവാറിന്റെ ബാബരി അജണ്ടയും

പൊതുതെരുഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംഘ്പരിവാര്‍ വീണ്ടും ബാബരിയുടെ പേരില്‍ വര്‍ഗീയ കാര്‍ഡ് കളിച്ചുതുടങ്ങി. കാലങ്ങളായി രാജ്യത്ത് വര്‍ഗീയത വിതച്ച് ലാഭം കൊയ്യാന്‍ ശ്രമിച്ച പാര്‍ട്ടി അവസര രാഷ്ട്രീയത്തിന്റെ പുതിയ ചുവടുകള്‍ ആരംഭിച്ചിരിക്കുന്നു. 

2019 ല്‍ നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മന:സാക്ഷിയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഹിന്ദു വര്‍ഗീയ വികാരം ഇളക്കിടിവിടല്‍ സഹായിക്കുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. അതിനായി പല തവണ ഉപയോഗിച്ച അയോധ്യാ വിഷയം തന്നെ എടുത്തുയര്‍ത്തിയിരിക്കുന്നു.

പൊതുതെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് ബി.ജെ.പി മുന്‍ എം.പി.യും രാമജന്മഭൂമി ന്യാസ് അധ്യക്ഷനുമായ രാംവിലാസ് വേദാന്തി ഈയിടെ പ്രഖ്യാപിച്ചുകഴിഞ്ഞു. 

പൊതുതെരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി നിര്‍വാഹക സമിതി യോഗം അയോധ്യാ വിഷയം പരാമര്‍ശിച്ചിരുന്നില്ല. പത്രക്കാര്‍ തദ്ദ്വിഷയകമായി ചോദിച്ച ചോദ്യങ്ങളില്‍നിന്നും ബി.ജെ.പി വക്താവ് ഒഴിഞ്ഞുമാറുകയായിരുന്നു. രാജ്യത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.

എന്നാല്‍, അത് കഴിഞ്ഞ് ഏറെ പിന്നിടുന്നതിനു മുമ്പാണ് തെരഞ്ഞെടുപ്പിനു മുമ്പായി രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി രാമജന്മഭൂമി ന്യാസ് രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹൈന്ദവ ട്രസ്റ്റായ രാംലല്ലയ്ക്കു നല്‍കി സുപ്രിംകോടതി ഉത്തരവ് പ്രഖ്യാപിച്ചാല്‍ രാജ്യത്ത് വര്‍ഗീയ കലാപം ഉണ്ടാകില്ലെന്ന ഭീഷണിയും ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉയര്‍ത്തിയിരുന്നു. 

തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള ബി.ജെ.പിയുടെ ഈ അവസര വാദ രാഷ്ട്രീയം രാജ്യം നേരിടാന്‍ പോകുന്ന വലിയ ദുരന്തത്തെയാണ് സൂചിപ്പിക്കുന്നത്. ഹിന്ദു വര്‍ഗീയത ഇളക്കിവിടുക വഴി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും വളര്‍ത്തുകയും അതിലൂടെ തെരഞ്ഞെടുപ്പ് ലാഭം കൊയ്യുകയും ചെയ്യുകയെന്നതാണ് ബി.ജെ.പി സ്വപ്‌നം കാണുന്നത്. 

രാജ്യം നൂറ്റാണ്ടുകളായി കാത്തുപോരുന്ന സൗഹൃദവും ബഹുസ്വരതയും തകിടം മറിച്ച് പാര്‍ട്ടി വളര്‍ത്തുകയാണ് ബി.ജെ.പി അതിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്നതിലൂടെ ചെയ്യുന്നത്. രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്നായിരിക്കും അത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter