കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി കശ്മീർ എംഎൽഎ യൂസുഫ് തരിഗാമി
ന്യൂഡൽഹി: സുപ്രീം കോടതിയുടെ പ്രത്യേക വിധിപ്രകാരം ഡൽഹിയിൽ ചികിത്സ ആവശ്യാർത്ഥം എത്തിയ സിപിഐഎം എംഎൽഎ യൂസഫ് തരിഗാമി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ച് തരിഗാമി രംഗത്തെത്തിയത്. കശ്മീരില്‍ ജനങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണ്, കശ്മീരികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണം, ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുപോലെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടാകില്ല. സ്വാതന്ത്ര്യം അനുഭവിക്കാന്‍, അവസരം നല്‍കിയതിന് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും തരിഗാമി പറഞ്ഞു. ഇന്ത്യൻ ഫെഡറേഷനോട് ഐക്യപ്പെട്ട ഒരു വലിയ ജനതയെ രാജ്യത്തിന്റെ ശത്രുക്കളാക്കി മാറ്റാനാണ് കേന്ദ്ര സർക്കാരിന്റെ നടപടികൾ വഴിവെച്ചതെന്ന് തരിഗാമി ആരോപിച്ചു. ജനങ്ങള്‍ ഇത്രയും കാലം ഇന്ത്യയോടൊപ്പം നിന്നിട്ടും അവരെ എല്ലാ അര്‍ഥത്തിലും ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഫാറൂഖ് അബ്ദുല്ല ഭീകരനല്ലെന്നും താന്‍ വിദേശിയല്ലെന്നും പറഞ്ഞ തരിഗാമി കശ്മീരിനെ ഇന്ത്യയുമായി അടുപ്പിച്ച് നിര്‍ത്തിയ നേതാക്കളായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ കുടുംബമെന്ന് കേന്ദ്ര സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു. പട്ടാളക്കാർ സൃഷ്ടിച്ച പ്രശ്നങ്ങളല്ല കശ്മീരിനെ കലുഷിതമാക്കിയതെന്നും മറിച്ച് രാഷ്ട്രീയമാണതിന് കാരണമെന്നും പറഞ്ഞ തരിഗാമി കശ്മീരിനെ രക്ഷിക്കാൻ പ്രധാനമന്ത്രി മുന്നോട്ടുവരണമെന്നും അഭ്യർത്ഥിച്ചു. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. നേരത്തെ സുപ്രീം കോടതിയുടെ അനുമതി പ്രകാരം ജമ്മുകശ്മീരിൽ ചെന്ന് സീതാറാം യെച്ചൂരി തരിഗാമിയെ സന്ദർശിച്ചിരുന്നു തുടർന്നാണ് ചികിത്സ ആവശ്യാർത്ഥം ഡൽഹിയിലേക്ക് വരാൻ സുപ്രീം കോടതി അനുവാദം നൽകിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter