ഡൽഹി കലാപത്തിൽ സ്വതന്ത്രാന്വേഷണം വേണം: രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കള്‍
കോണ്‍ഗ്രസ് പാര്‍ട്ടി എംപി അഹമ്മദ് പട്ടേല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡി രാജ, ദ്രാവിഡ മുന്നേറ്റ കഴകം നേതാവും എംപിയുമായ കനിമൊഴി, രാഷ്ട്രീയ ജനതാദള്‍ എംപി മനോജ് ഝാ എന്നിവരാണ് രാഷ്ട്രപതിയെ കണ്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. 53 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ വംശീയാതിക്രമത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്ത് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കൾക്കെതിരേ നടപടിയെടുക്കാതെ, സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ പ്രതിഷേധങ്ങളെ ഈ അക്രമവുമായി ബന്ധിപ്പിക്കുന്ന തിരക്കഥ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തില്‍ തയാറാക്കുകയായിരുന്നുവെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
"നിരപരാധികളായ നിരവധി ആക്ടിവിസ്റ്റുകളേയും അറിയപ്പെടുന്ന ബുദ്ധിജീവികളെയും രാഷ്ട്രീയ നേതാക്കളെയും പോലിസ് വേട്ടയാടുകയാണ്. ഡല്‍ഹി പോലിസിന്റെ ഇത്തരമൊരു ഗൂഡാലോചനയുടെ ഭാഗമായി ഈ വംശീയാതിക്രമത്തിന്റെ കുറ്റവാളികളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കുന്നതില്‍ നിന്ന് അവര്‍ വ്യതിചലിക്കുന്നു. ഈ അക്രമത്തിന് ഇരയായവരെ അറസ്റ്റുചെയ്യുന്നു, അതേസമയം കുറ്റവാളികളെ സ്വതന്ത്രരാക്കുന്നു" നേതാക്കൾ പറഞ്ഞു.
മെമ്മോറാണ്ടം സ്വീകരിച്ച കോവിന്ദ് അത് പരിശോധിക്കുമെന്ന് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ അഞ്ച് അംഗങ്ങള്‍ മാത്രമാണ് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ചത്. അതിനാല്‍ ഈ മെമ്മോറണ്ടവുമായി യോജിക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. അക്രമത്തിന് പോലിസ് പങ്കാളികളാണെന്ന് പരസ്യമായി രേഖപ്പെടുത്തപ്പെട്ട വീഡിയോകളും മറ്റു തെളിവുകളും നേതാക്കള്‍ രാഷ്ട്രപതിക്ക് മുന്നില്‍ സമര്‍പ്പിച്ചു.
കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാരുടെ പങ്ക് സംബന്ധിച്ച കുറ്റപത്രങ്ങളിലെ "ശ്രദ്ധേയമായ നിശബ്ദത" മെമ്മോറാണ്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 2019 ഡിസംബര്‍ മുതല്‍ രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക എന്ന മുദ്രാവാക്യം ഒരു മന്ത്രി ഉന്നയിക്കുന്നതുള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Leave A Comment