ശിശുവിന്റെ ഗന്ധം സ്വര്‍ഗീയ ഗന്ധമാണ്
പ്രസവത്തിന്റെ ഏഴാം ദിവസം കുട്ടിക്കു വേണ്ടി ബലിദാനം (അഖീഖത്ത്) നടത്തി. ഏറെ മഹത്വമുള്ള ഈ ശ്രേഷ്ഠ കര്‍മത്തെക്കുറിച്ച് പ്രവാചകര്‍(സ്വ) ഇങ്ങനെ പറഞ്ഞു: ''ഏഴാം നാളില്‍ ബലിയറുക്കപ്പെടുന്ന അഖീഖത്തിനു പകരം പണയമാണ് ശിശുക്കളൊക്കെയും.'' ബലിദാനത്തിലൂടെ മാത്രമേ കുട്ടിയെ പണയത്തില്‍നിന്നു തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. തന്റെ പൗത്രന്‍ ഹുസൈന്‍(റ)വിനുവേണ്ടി പ്രവാചകര്‍(സ്വ) ആടിനെ അറുത്തു. മുടി കളയാനും മുടിയുടെ തൂക്കമനുസരിച്ച് വെള്ളി ദാനം ചെയ്യാനും പുത്രി ഫാത്വിമ(റ)യോട് കല്‍പ്പിച്ചു.
ഭൂമിലോകത്തേക്ക് കടന്നുവരുന്ന ഒരു ശിശുവിനെ അത്യാഹ്ലാദത്തോടും വര്‍ധിത സന്തോഷത്തോടും സ്വീകരിക്കുകയെന്ന പ്രവാചകീയ ശൈലി ഇലാഹീകവും അനന്തവുമായ കാരുണ്യത്തിന്റെ പ്രകാശമാണ്. ഐശ്വര്യപൂര്‍ണമായ ജീവിതപരിസരം സൃഷ്ടിച്ചെടുക്കാന്‍ നാമൊക്കെയും കാരുണ്യത്തിന്റെ പ്രവാചകീയ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. അഖീഖത്തടക്കമുള്ള പ്രസവാനന്തര കര്‍മങ്ങള്‍ സത്യം പറഞ്ഞാല്‍ ഇസ്‌ലാമിക വ്യക്തിത്വം സാക്ഷ്യപ്പെടുത്തുന്ന മുദ്രണങ്ങളാണ്. ഇത്തരം കര്‍മങ്ങള്‍ ആവേശത്തോടെയായിരുന്നു പിതാവ് ചെയ്തുപോന്നത്. ആ പാദങ്ങള്‍ പിന്തുടര്‍ന്ന് ഞാനും വര്‍ധിച്ച ആവേശത്തോടെ തന്നെ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നു. ഇതിന്റെയൊക്കെ മികച്ച ഗുണഫലങ്ങള്‍ അനുഭവിക്കാനും എനിക്കാവുന്നു.
ശ്രദ്ധേയമായ മറ്റൊരു കാര്യം: വീട്ടില്‍ ഒരു പ്രസവം നടന്നാല്‍ കുട്ടി ആണോ പെണ്ണോ എന്നല്ല, മാതാവിന്റെയും കുട്ടിയുടെയും ആരോഗ്യനില എങ്ങനെ എന്നായിരുന്നു ഉപ്പ ആരാഞ്ഞിരുന്നത്. ശേഷം ഹൃദയപൂര്‍വം, സുദീര്‍ഘം അല്ലാഹുവിനെ സ്തുതിക്കും. ശിശുവിന്റെ ഗന്ധം സ്വര്‍ഗത്തിന്റെ ഗന്ധമാണ്-അദ്ദേഹം പറയും. പിന്നെ കുട്ടിയെ എടുത്ത് മുത്തം നല്‍കും-പ്രവാചകര്‍ ചെയ്തിരുന്നതു പോലെ.
പരിഷ്‌കൃതമായ ഇക്കാലത്തും പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളെയാണ് ആളുകള്‍ക്ക് ഇഷ്ടം. ജനിച്ചത് ആണ്‍കുട്ടിയാണെങ്കില്‍ സന്തോഷം അവരില്‍ നുരഞ്ഞുയരും; പെണ്‍കുട്ടിയാണെങ്കില്‍ സന്താപം അവരെ കീഴൊതുക്കുകയും ചെയ്യും. അജ്ഞാത യുഗത്തിന്റെ അഭിശപ്തമായ സംസ്‌കാരമാണിത്. തനിക്ക് നാഥന്‍ നല്‍കിയ സന്തതിയെ-അത് ആണാണെങ്കിലും പെണ്ണാണെങ്കിലും-ഇരുകൈയ്യും നീട്ടി സ്വീകരിക്കുയെന്നതാണ് വിശ്വാസിയുടെ ബാധ്യത. ഭാവിജീവിതത്തില്‍ തനിക്ക് കുളിര്‍മയായിത്തീരുക ആണോ പെണ്ണോ എന്നൊന്നും ഒരു പിതാവിനു മുന്‍കൂട്ടി മനസ്സിലാക്കാനാവില്ല. ''നിങ്ങളുടെ മക്കളോ പിതാക്കളോ ആരായിരിക്കും (പിന്നീട്) നിങ്ങള്‍ക്ക് ഉപകാരപ്പെടുകയെന്ന് നിങ്ങള്‍ക്കറിയാനാവില്ല.'' (അന്നിസാഅ്: 11) പ്രസവത്തിലൂടെ പെണ്‍കുട്ടിയെ ലഭിച്ചവന് സുഭിക്ഷതയും അളവറ്റ പ്രതിഫലവും ലഭ്യമാവുമെന്ന പ്രവാചക സുവിശേഷം ശ്രദ്ധേയമാണ്. ഭൂമിയില്‍ ഒരു പെണ്‍കുട്ടി പിറന്നുവീഴുമ്പോള്‍ അനന്തമായ അനുഗ്രഹങ്ങളുമായി ഒരു മലക്കിനെ അല്ലാഹു ഭൂലോകത്തേക്കയക്കും. ''വിവശതയുടെ പ്രതീകമായി ജന്മംകൊള്ളുന്ന സ്ത്രീ, അവളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നവന് അന്ത്യനാള്‍ വരെ നാഥന്റെ സഹായമുണ്ട്.'' ആ മലക്ക് വിളിച്ചുപറയും: ''നിങ്ങള്‍ പെണ്‍കുട്ടികളോട് അനിഷ്ടം കാണിക്കരുത്. സന്തോഷം പ്രദാനം ചെയ്യുന്ന അമൂല്യവസ്തുക്കളാണവര്‍.'' (അഹ്മദ്, ത്വബ്‌റാനി)
കുട്ടിയുടെ നാമകരണം ഏറെ ആലോചിച്ചു ചെയ്യേണ്ട കാര്യമാണ്. പേരിന്റെ ബാഹ്യ സൗന്ദര്യത്തെക്കാള്‍ ആന്തരിക സൗന്ദര്യത്തിനാണു കൂടുതല്‍ പ്രാമുഖ്യം കല്‍പ്പിക്കേണ്ടത്. ഏറെ ആലോചിച്ചും മക്കളായ ഞങ്ങളോട് കൂടിയാലോചിച്ചും മാത്രമേ ഉപ്പ ഒരു പേര് തെരഞ്ഞെടുത്തിരുന്നുള്ളൂ.
ഒരിക്കല്‍ പേരിടുന്ന കാര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ തര്‍ക്കമായപ്പോള്‍ നറുക്കെടുത്താണ് പേര് തീരുമാനിക്കപ്പെട്ടത്. ഉപ്പയുടെ പേരിനു തന്നെയാണ് നറുക്ക് വീണത്. നല്ല പേര്, നല്ല ശിക്ഷണം-ഇവ രണ്ടും പിതാവില്‍ നിന്നും കുട്ടിക്ക് ലഭിക്കേണ്ട ഏറെ പ്രാധാന്യമുള്ള രണ്ട് അവകാശങ്ങളാണെന്ന് പിതാവ് പറയാറുണ്ട്.
സാധാരണഗതിയില്‍ ഗര്‍ഭവും പ്രസവവുമൊക്കെ ഗൃഹാന്തരീക്ഷത്തില്‍ ആഹ്ലാദവും വലിയ സന്തോഷവും സൃഷ്ടിക്കും. ഒപ്പം, പുതിയൊരു കുട്ടിയുടെ വരവ് തൊട്ടുമീതെയുള്ള കുട്ടിയെ അസന്തുഷ്ടനാക്കുകയും ചെയ്യും. തനിക്ക് നിര്‍ലോഭം കിട്ടുന്ന പരിഗണനയും സ്‌നേഹവും വഴിമാറുന്നത് അവന് അസഹനീയമായിത്തോന്നും. തനിച്ചു കിട്ടിയാല്‍ പുതിയ കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ കൂടി അവന്‍ തുനിഞ്ഞേക്കും. മനശ്ശാസ്ത്രപരമായ ഒരു സമീപനമാണ് രക്ഷിതാവായ ശിക്ഷകന്‍ ഇവിടെ കൈക്കൊള്ളേണ്ടത്. വേണമെങ്കില്‍ മനശ്ശാത്രജ്ഞരുടെ ഉപദേശവും ആരായാവുന്നതാണ്. ഇടക്കിടെ കൊച്ചുവാവയുടെ ആഗമനത്തിന്റെ സന്തോഷ പ്രകടനമെന്നോണം അവന് കളിക്കോപ്പുകളും സമ്മാനങ്ങളും നല്‍കുക. അവനോടുള്ള സ്‌നേഹം അല്‍പം പോലും ആര്‍ക്കും കുറഞ്ഞിട്ടില്ലെന്ന് തന്ത്രപൂര്‍വം അവനെ ബോധ്യപ്പെടുത്തുക. ആ കുഞ്ഞു മനസ്സിന് പരുക്കുപറ്റാതെ രക്ഷിച്ചെടുക്കാന്‍ ഇത്തരം സമീപനങ്ങളൊക്കെയും ഫലം ചെയ്യുമെന്ന് തീര്‍ച്ച.
അനന്തവും നിഗൂഢവുമായ രഹസ്യങ്ങള്‍ നിറഞ്ഞതാണ് കുട്ടികളുടെ ലോകം. അവരുടേതായ ലോകത്ത് അവര്‍ക്ക് നിരവധി പ്രശ്‌നങ്ങളുണ്ടാവും. സവിശേഷ ശ്രദ്ധയിലൂടെയും നിരീക്ഷണത്തിലൂടെയും ഇതൊക്കെയും കണ്ടെത്താന്‍ ബുദ്ധിമാനായ ഒരു പിതാവിനു കഴിയും. വിശുദ്ധ മതം വിഭാവനം ചെയ്യുന്ന ശിക്ഷണ ശൈലി ഏറെ ഫലപ്രദവും പ്രായോഗികവുമാണ്. ശിക്ഷണത്തിലെ സങ്കീര്‍ണ പ്രശ്‌നങ്ങളൊക്കെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഒരു ശിക്ഷകനു മതത്തിന്റേതായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നപക്ഷം നിഷ്പ്രയാസം സാധിക്കും. കുരുന്ന് മനസ്സിന്റെ സവിശേഷതയും അതിസങ്കീര്‍ണമായ ഘടനയും അറിയുന്നതു കൊണ്ടാണ് ഗൗരവം ഞാനിതു പറയുന്നത്. ഓരോ സമയത്തും കുട്ടിക്ക് വേണ്ട പരിഗണന ലഭിക്കുകയാണെങ്കില്‍ മാനസിക വൈകല്യങ്ങളൊന്നുമില്ലാതെ നേരാംവിധം കുട്ടി വളരും. അവഗണിക്കപ്പെടുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ജീവിതമാസകലം കുട്ടിയില്‍ പ്രതിഫലിച്ചു കാണുകയും ചെയ്യും.
ചെറുപ്പത്തില്‍ എനിക്ക് തള്ളവിരല്‍ ഊമ്പുന്ന സ്വഭാവമുണ്ടായിരുന്നുവത്രെ. ഉപ്പയും ഉമ്മയും പറഞ്ഞാണ് ഇക്കാര്യം ഞാനറിഞ്ഞത്. പാഠശാലയിലെ പ്രാഥമിക പഠനകാലത്ത് ഇടക്കിടെ നഖം കടിക്കുന്ന സ്വഭാവവും എനിക്കുണ്ടായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ കാര്യങ്ങള്‍ കാര്യക്ഷമമാവുകയും വായന, പഠനം, ഒഴിവുസമയങ്ങളിലെ കായികവിനോദങ്ങള്‍ ഒക്കെയും സജീവമാവുകയും ചെയ്തപ്പോള്‍ ഇത്തരം ദുര്‍ഗുണങ്ങളില്‍ നിന്നൊക്കെ ക്രമേണ ഞാന്‍ മുക്തനായി. പിതാവിന്റെ പ്രചോദനഫലമായി ചെറുപ്പത്തിലേ ഞാന്‍ കര്‍മനിരതനായിരുന്നു. പാഴാക്കാന്‍ എനിക്കൊട്ടും സമയമുണ്ടായിരുന്നില്ല.
വായയില്‍ വിരലിടുന്ന കുട്ടികളില്‍ നിരവധി മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. അവന്റെ മുഖസൗന്ദര്യം നഷ്ടപ്പെടും. പല്ല് ഉയര്‍ന്നുവരും. വിരലുകള്‍ എല്ലായ്‌പ്പോഴും കുതിര്‍ന്നു തേഞ്ഞുമിരിക്കും. ചവക്കുവാനും ശ്വസിക്കുവാനുമൊക്കെ പ്രയാസം നേരിടും. സര്‍വോപരി, വിരല്‍ ഊമ്പുന്ന കുട്ടി ആളുകള്‍ക്കിടയില്‍ പരിഹാസപാത്രമായിത്തീരുകയും ചെയ്യും.
വിസ്മയജന്യമായൊരു കാര്യം- എനിക്കു ശേഷം എന്റെ അനുജനും ഇതേ സ്വഭാവം പ്രകടിപ്പിച്ചുതുടങ്ങി എന്നതാണ്. കിണഞ്ഞു പരിശ്രമിച്ചിട്ടും എന്നില്‍ നിന്നെന്നപോലെ അത്ര പെട്ടെന്ന് അനുജന്റെ ഈ സ്വഭാവം മാറ്റാന്‍ പിതാവിന് സാധ്യമായില്ല. അവസാനം പ്രശ്‌നപരിഹാരത്തിനായി ഒരു മനഃശാസ്ത്രജ്ഞനെ തന്നെ അദ്ദേഹം സമീപിച്ചു. വായയില്‍ വിരല്‍ ഇടുന്നത് വലിയൊരു സംസാര വിഷയമാക്കാതെ അത് നിസാരവല്‍ക്കരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയോ അവര്‍ക്ക് ഇഷ്ടമില്ലാത്തൊരു കാര്യം ചെയ്ത് അവരോട് വാശി കാണിക്കുകയോ ഒക്കെയാവും ഒരു പക്ഷേ കുട്ടി. പിന്നീട് അവന്‍ വിരല്‍ ഊമ്പുമ്പോള്‍ ഞങ്ങള്‍ ശ്രദ്ധിക്കുകയില്ല. മുമ്പത്തെ പോലെ അതു വിലക്കുകയുമില്ല.
കുട്ടി വിരല്‍ വായിലിടുന്നതെപ്പോഴാണെന്ന് കണ്ടെത്താനും ഡോക്ടര്‍ ഞങ്ങളോട് നിര്‍ദേശിച്ചിരുന്നു. നിരീക്ഷണത്തെ തുടര്‍ന്ന് അവസാനം ഞങ്ങളത് കണ്ടെത്തി. ആരെങ്കിലും എടുക്കുമ്പോഴോ കളിപ്പിക്കുമ്പോഴോ ഒക്കെയാണ് അവന്‍ ഇപ്രകാരം ചെയ്യുന്നത്. അങ്ങനെ വിദഗ്ധ മനശ്ശാസ്ത്ര ചികിത്സയിലൂടെ അവനും തന്റെ ദുശ്ശീലത്തില്‍നിന്നു മുക്തി നേടി.
കുട്ടികളിലെ ഗൗരവകരമല്ലാത്ത, നിസ്സാരമായ മനോവൈകല്യങ്ങളും ദുശ്ശീലങ്ങളും മാറ്റിയെടുക്കാനുള്ള പിതാവിന്റെ തന്ത്രങ്ങളും പൊടിക്കൈകളും ഞാനും കൂടി സ്വായത്തമാക്കി. തീവ്രമാവും മുമ്പുതന്നെ ഇത്തരം വൈകല്യങ്ങള്‍ ചികിത്സാവിധേയമാക്കുകയാണെങ്കില്‍ ഭേദമാവുക തന്നെ ചെയ്യുമെന്ന് അനുഭവങ്ങളില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പരിരക്ഷിക്കുന്നതിന് ആവശ്യമായ ഏതൊരു മാര്‍ഗവും സ്വീകരിക്കാതെ പോവരുതെന്ന പിതാവിന്റെ കൂടെയുള്ള നിര്‍ദേശം അക്ഷരംപ്രതി പാലിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ദുശ്ശീലങ്ങളും ദുസ്വഭാവങ്ങളും കുട്ടിയില്‍ രൂപപ്പെടുന്ന ഒരു പശ്ചാത്തലമുണ്ടാവും. അതു കണ്ടെത്തുകയെന്നതാണ് ഏറെ പ്രധാനമായിട്ടുള്ളത്. ഏറെ ശ്രമകരമായ കാര്യവും അതു തന്നെ. തളിര്‍മനസ്സുകളിലെ വ്യത്യസ്തമായ വൈകല്യങ്ങള്‍ നുള്ളിക്കളയേണ്ട ദൗത്യം രക്ഷിതാവില്‍ നിഷിപ്തമാണ്. ഇക്കാര്യത്തില്‍ ഉദാസീനത കൈക്കൊള്ളുന്നത് കുട്ടിയുടെ ഭാവിജീവിതത്തില്‍ ഇരുള്‍ വീഴ്ത്തും. അവന്‍ നിഷ്‌ക്രിയനും അന്തര്‍മുഖനുമായി മാറും. നിന്ദ്യതയും അപകര്‍ഷതാബോധവും ജീവിതം മുഴുവന്‍ അവനെ പിന്തുടരും. പലപ്പോഴും അക്രമത്തിലേക്കവന്‍ വഴിമാറും. തന്നോടിടപഴകുന്നവരോട് ശത്രുതാ മനോഭാവം പ്രകടിപ്പിക്കുകയും ചെയ്യും. എന്തൊക്കെ പറഞ്ഞാലും നാഥന്റെ സഹായത്തോടെ മാത്രമെ കുറ്റമറ്റ ഫലപ്രദമായ ശിക്ഷണം സാധ്യമാവുകയുള്ളൂ. മക്കള്‍ സംസ്‌കാരസമ്പന്നരും സജ്ജനങ്ങളുമാവുക എന്നത് മഹാഭാഗ്യം തന്നെയാണ്. എന്നുവച്ച് മക്കളുടെ പരിപാലനത്തിനു നാം വേണ്ട പ്രാധാന്യം നല്‍കേണ്ട എന്നല്ല, മക്കളെ നന്മയിലേക്കു പ്രഫുല്ലമായ ഭാവിയിലേക്കും വഴിനടത്താന്‍ നിരന്തരവും വിദഗ്ധവുമായ ശ്രമങ്ങള്‍ നടത്തുക തന്നെ ചെയ്യണം.
translation: അമാനത്ത് അബ്ദുസ്സലാം ഫൈസി



Leave A Comment