ഇസ്രായേൽ തെരഞ്ഞെടുപ്പ്: ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല, അറബ് കക്ഷികൾക്ക് വൻ നേട്ടം
തെൽഅവീവ്: 69.4 ശതമാനം പേരാണ് ആകെ വോട്ടുചെയ്തത്. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 120 അംഗ സെനറ്റില്‍ 31 സീറ്റ് മാത്രമാണ് നേടാനായത്. എന്നാല്‍ ലിക്കുഡ് നേതൃത്വം നൽകുന്ന വലതുപക്ഷ കക്ഷികൾ അടങ്ങിയ സഖ്യത്തിന് 55 സീറ്റ് നേടാനായിട്ടുണ്ട്. മുഖ്യ പ്രതിയോഗിയായ മുന്‍ സേനാ തലവന്‍ ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 32 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായി. ഇവർ നേതൃത്വം നൽകുന്ന മധ്യപക്ഷ ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യത്തിന് 56 സീറ്റുമുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ 61 സീറ്റാണ് ആവശ്യം. ഈ സാഹചര്യത്തില്‍ ഒന്‍പതു സീറ്റുകളുള്ള അവിഗ്‌ദോര്‍ ലീബര്‍മാന്റെ തീവ്ര വലതുപക്ഷ കക്ഷിയായ ‘ഇസ്രഈല്‍ ബെയ്തിനു പാര്‍ട്ടി’യുടെ തീരുമാനം നിര്‍ണായകമാവും. അതേസമയം നെതന്യാഹു സഖ്യത്തിന് ലിബർ മാൻ പിന്തുണ നൽകിയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. മതേതര ലിബറല്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ലീബര്‍മാന്റെ ആവശ്യം നെതന്യാഹുവിനെ തടയാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണെന്നും വിലയിരുത്തപ്പെടുന്നു. ബ്ലൂ ആൻഡ് വൈറ്റ് സഖ്യത്തിന് ലിബർമാൻ പിന്തുണ പ്രഖ്യാപിച്ചാൽ പത്ത് വർഷമായി തുടരുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയ അപ്രമാദിത്വം തകർന്നുവീഴും. 13 സീറ്റുകള്‍ നേടി അറബ് പാര്‍ട്ടികളുടെ കൂട്ടുകക്ഷി മൂന്നാം സ്ഥാനത്തെത്തി കരുത്ത് തെളിയിച്ചു. ഐക്യ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍ അതിന്റെ നേതാവ് അയ്മാന്‍ ഒദെ ക്യാബിനറ്റ് പദവിക്ക് തുല്യമായ പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter