ബാബരി കേസ്: മധ്യസ്ഥ ശ്രമങ്ങൾക്ക് സുപ്രീംകോടതിയുടെ അനുമതി. കേസ് ഒക്ടോബർ 18നകം തീർപ്പാക്കണം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിന്റെ വാദം തുടരുന്നതിനിടെ ഒക്‌ടോബര്‍ പതിനെട്ടിനുള്ളില്‍ മുഴുവൻ വാദങ്ങളും പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഞായർ ഒഴികെയുള്ള ദിവസങ്ങളിലെല്ലാം അധിക സമയമെടുത്ത് വാദം കേൾക്കൽ പൂർത്തിയാക്കാമെന്നും അതുവഴി വഴി കേസ് അന്തിമമായി അവസാനിപ്പിക്കാമെന്നും കോടതി പറഞ്ഞു. 26ാം ദിവസമാണ് കോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്. മുസ്ലിം ഹിന്ദു കക്ഷികൾ തമ്മിൽ മധ്യസ്ഥ ശ്രമം തുടരുന്നതിനിടെ ഏകപക്ഷീയമായി വാദം കേൾക്കൽ പുനരാരംഭിച്ച കോടതി വാദം കേള്‍ക്കലിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്ന് അനുവാദം നൽകി. അതേസമയം മധ്യസ്ഥ ചര്‍ച്ച പൂർണ്ണമായും രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ഇബ്രാഹീം ഖലീഫുള്ള, ശ്രീ ശ്രീ രവി ശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുടെ നേതൃത്വത്തിലുള്ള പാനലിന്റെ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഓഗസ്റ്റ് ആറ് മുതല്‍ ദിവസേന വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഇതിന് മുമ്പ് കേസില്‍ വിധി പറയുമെന്നാണ് സൂചന.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter