സുദർശൻ ടിവി മുസ്‌ലിം വിദ്വേഷ പരിപാടി: മാധ്യമങ്ങൾ ഒരു സമൂഹത്തെ ഉന്നംവെക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനത്തില്‍ മുസ്‌ലിംകള്‍ നുഴഞ്ഞുകയറുകയാണെന്ന സുദര്‍ശന്‍ ടി.വി​യുടെ വിവാദ പരിപാടിയുമായി ബന്ധപ്പെട്ട കേസ്​ പരിഗണിക്കവെ മാധ്യമങ്ങൾ ഒരു സമൂഹത്തെ ഉന്നംവെക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി ജസ്​റ്റിസ്​ ചന്ദ്രചൂഡ് വ്യക്തമാക്കി. 'പത്രപ്രവര്‍ത്തനത്തിന്റെ വഴിയില്‍ ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അടിയന്തരാവസ്ഥയില്‍ എന്താണ് സംഭവിച്ചതെന്ന് ഒരു കോടതി എന്ന നിലയില്‍ നമുക്കറിയാം. അതിനാല്‍ അഭിപ്രായ സ്വാതന്ത്ര്യവും ആശയങ്ങളും ഞങ്ങള്‍ ഉറപ്പാക്കും. സെന്‍സര്‍ഷിപ്പ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് അല്ല". അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, ഒരു സമൂഹത്തെ ഉന്നംവെക്കാന്‍ പാടില്ലെന്ന സന്ദേശം മാധ്യമങ്ങളിലേക്ക് എത്തിക്കണം. ആത്യന്തികമായി, നാമെല്ലാവരും ഒരൊറ്റ ജനത എന്ന നിലയിലാണ് കഴിയുന്നത്​. അത് ഒരു സമൂഹത്തിനും എതിരായിരിക്കരുത്' -ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ പറഞ്ഞു.

വിവാദമായ ഉള്ളടക്കവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സുദര്‍ശന്‍ ടി.വി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചതിന് ഉത്തര സുപ്രീം കോടതിയുടെ വിമര്‍ശനത്തിന്റെ അടിസ്​ഥാനത്തില്‍ ഈ ആഴ്ച മറ്റൊരു സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. 'ചാനല്‍ പരിപാടി ഒരു വിഭാഗത്തോട്​ കടുത്ത അനാദരവ് കാണിക്കുന്നു. എല്ലാവരും ഉന്നതിയിലേക്ക്​ മുന്നേറാന്‍ ആഗ്രഹിക്കുന്നവരാണ്​. എന്നാല്‍, മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടവരെ നിങ്ങള്‍ പാര്‍ശ്വവത്കരിക്കുകയാണ്​ ചെയ്യുന്നത്. ഇതുവഴി നിങ്ങള്‍ അവരെ തെറ്റായ വഴികളിലേക്ക് നയിക്കും' -ജസ്​റ്റ്​സ് കെ.എം. ജോസഫ് പറഞ്ഞു.

'മുസ്​ലിംകള്‍ക്ക് പുറമെ ഇവിടെ ജൈനരുമുണ്ട്. എന്റെ നിയമ ഗുമസ്തന്‍ ജൈന സംഘടനകളുടെ ധനസഹായത്തോടെയാണ്​ കോഴ്‌സ്​​ പഠിച്ചത്​. ക്രിസ്ത്യന്‍ സംഘടനകള്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നു. എല്ലാവരും അധികാരത്തിന്‍െറ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അധികാരത്തിന്‍െറ ഒരുഭാഗം വേണം. എന്നാല്‍ നിങ്ങള്‍ ഒരു സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താനാണ്​ ശ്രമിക്കുന്നത്​, "ജസ്​റ്റിസ് ജോസഫ് പറഞ്ഞു. യുപിഎസ് സി ജിഹാദ് എന്ന പേരിൽ സുദർശൻ ടിവി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ച പരിപാടിക്കെതിരെ വ്യാപക പ്രതിഷേധവും പരാതികളുമാണ്​ ഉയര്‍ന്നിരുന്നത്​. തുടര്‍ന്ന്​ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്​ ഡല്‍ഹി ഹൈകോടതി തടയുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter