ദക്ഷിണേഷ്യയില്‍ ഇത് തെരഞ്ഞെടുപ്പ് കാലം
electionതെരഞ്ഞെടുപ്പ് ചൂടിലാണ് ദക്ഷിണേഷ്യ. മാലിദ്വീപില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ ഭരണകൂടം അധികാരത്തിലേറിയപ്പോള്‍ ഇന്ത്യ അതിന്‍റെ ചരിത്രത്തിലേറ്റവും സുദീര്‍ഘമായ തെരഞ്ഞെടുപ്പു പ്രകിയയുടെ പാതിവഴി വിജയകരമായി പിന്നിട്ടു കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ എട്ടു സ്ഥാനാര്‍ത്ഥികള്‍ അണി നിരന്ന ഒന്നാംഘട്ട വോട്ടെടുപ്പിനു ശേഷം മുന്നിലെത്തിയ മൂന്നു സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് അടുത്ത മാസം അവസാനത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയിലും അസംബ്ലി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത് ഈയിടെയാണ്. ആഗോള മുസ്ലിം ജനസംഖ്യയുടെ ഗണ്യമായ ഭാഗം ഉള്‍ക്കൊള്ളുന്ന ഈ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ക്ക് പ്രാദേശികമെന്നതു പോലെ സാര്‍വ്വദേശീയമായും ആഴത്തിലുള്ള പ്രതിഫലനങ്ങളുണ്ടെന്നതു കൊണ്ടു തന്നെ വളരെ ആകാംക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം ഈ തെരഞ്ഞെടുപ്പുകളെ നോക്കിക്കാണുന്നത്. ഇന്ത്യയില്‍, അഴിമതിക്കഥകളില്‍ മുങ്ങിപ്പോയ യു.പി.എ സര്‍ക്കാരിന്‍റെ രണ്ടാമൂഴത്തിന് തിരശ്ശീലയിട്ട് കടന്നു വന്ന തെരഞ്ഞെടുപ്പില്‍ ജനശ്രദ്ധയും പരിഗണനയുമര്‍ഹിക്കുന്ന വിഷയങ്ങള്‍ ഒട്ടനവധിയായിരുന്നെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വമാണ് മുഖ്യ ചര്‍ച്ചാ വിഷയമായത്. 2002ലെ ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തോടെ മുസ്ലിംകള്‍ക്ക് മാത്രമല്ല ആഗോള മതേതരത്വ സമൂഹത്തിനു തന്നെ അനഭിമതനായിത്തീര്‍ന്ന മോഡിയുടെ വികാസ് പുരുഷായുള്ള പുനരവതാരം ഒരിക്കല്‍ കൂടി ഇന്ദപ്രസ്ഥത്തില്‍ അധികാരത്തിലേക്ക് മടങ്ങി വരാന്‍ എന്‍.ഡി.എയെ സഹായിക്കുമോ എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം. പെയ്ഡ് ന്യൂസുകളും അന്താരാഷ്ട്ര ഈവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ കുത്തകയേറ്റെടുത്തിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ എക്സിറ്റ് പോളുകളെയോ മാദ്ധ്യമ സര്‍വ്വേകളെയോ വിശ്വസിക്കരുതെന്ന് നമ്മോട് നിരന്തരം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് മാദ്ധ്യമങ്ങള്‍ തന്നെ നടത്തുന്ന ഒളിക്യാമറ ഓപ്പറേഷനുകളും രഹസ്യ ഫോണ്‍ ചോര്‍ത്തലുകളുമൊക്കെത്തന്നെയാണ്. പൊതു തെരഞ്ഞെടുപ്പിനെ വര്‍ഗ്ഗീയ ശക്തിക‍ള്‍ക്കെതിരെയുള്ള ജനവിധിയാക്കി ന്യൂനപക്ഷങ്ങളുടെ വോട്ടു തട്ടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് ഇത്തവണ അത്ര എളുപ്പമല്ല കാര്യങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലെയും മറ്റും വോട്ടര്‍മാര്‍ നല്‍കിയ സന്ദേശം കണക്കിലെടുക്കുകയാണെങ്കില്‍, വിലക്കയറ്റവും നാണ്യപ്പെരുപ്പവും പോലെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മറ്റെന്തിനേക്കാളും ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇവക്ക് പരിഹാരം കാണാന്‍ ഇച്ഛാശക്തിയോടെ നയങ്ങള്‍ രൂപീകരിച്ച് നടപ്പാക്കാന്‍ കഴിയുന്ന ഭരണ മുന്നണികള്‍ ആവശ്യമാണെന്നിരിക്കെ നിലവിലെ സാഹചര്യത്തില്‍ അവ കണ്ടെത്താനുള്ള ജനങ്ങളുടെ അശക്തതയെ ആശ്രയിച്ചിരിക്കും മുഖ്യധാരാ മുന്നണികളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍. ഈ വര്‍ഷാവസാനം അമേരിക്കന്‍ സേന പിന്‍വാങ്ങാനിരിക്കുന്ന അഫ്ഗാനില്‍ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ രൂപം അവതരിപ്പിക്കുന്നതിന്‍റെ ആദ്യ ചുവടെന്ന കൊട്ടിഘോഷത്തോടെ ഏപ്രില്‍ അഞ്ചിന് അരങ്ങേറിയ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ആരും അമ്പത് ശതമാനം വോട്ട് നേടാത്തത് കൊണ്ട് ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മുന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ല അബ്ദുല്ല, സല്‍മായ് റസൂല്‍, ഗാനി അഹ്മദ്സായ് എന്നീ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മെയ് 28ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രസിഡണ്ട് പദത്തില്‍ രണ്ടാമൂഴം പൂര്‍ത്തിയാക്കിയ ഹാമിദ് കര്‍സായിക്കു ശേഷം അഫ്ഗാനിസ്ഥാനില്‍ ഭരണത്തിന്‍റെ മുഖം മാറുമ്പോള്‍ സമാധാന പ്രേമികള്‍ അമിത പ്രതീക്ഷയൊന്നും വെച്ച് പുലര്‍ത്തുന്നില്ല. ഒരിടവേളക്കു ശേഷം താലിബാന്‍ സാന്നിദ്ധ്യം രാജ്യത്ത് വീണ്ടും വ്യാപകമായിട്ടുണ്ടെന്ന് അമേരിക്ക തന്നെ അംഗീകരിക്കുന്നു. ഏതായാലും, ഒരു വ്യാഴവട്ടത്തിലേറെക്കാലം നീണ്ടു നിന്ന പോരാട്ടം കൊണ്ട് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിയാതെ അമേരിക്കന്‍ സേന പിന്‍വാങ്ങാനൊരുങ്ങുമ്പോള്‍, പിന്‍മാറ്റത്തെത്തടര്‍ന്നുണ്ടാകുന്ന അസ്ഥിരതകളും അസ്വസ്ഥതകളും നയപരമായി കൈകാര്യം ചെയ്യാന്‍ പുതിയ ഭരണാധികാരി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുമെന്ന കാര്യം തീര്‍ച്ചയാണ്. election-dates-for-five-indian-states-announced2മാലി ദ്വീപില്‍ ജനാധിപത്യ വല്‍ക്കരണത്തെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന ദീര്‍ഘകാലത്തെ പ്രസിഡണ്ട് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിന്‍റെ പ്രോഗസ്സീവ് പാര്‍ട്ടി ഓഫ് മാലിദ്വീപാണ് ദീര്‍ഘ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ അരങ്ങേറിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 33 സീറ്റോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് നടന്ന ആദ്യ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ ഖയ്യൂമിനെ പരാജയപ്പെടുത്തി പ്രസിഡണ്ടു പദത്തിലേറിയ മുഹമ്മദ് നഷീദിന്‍റെ മാല്‍ദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 26 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്‍റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല യമീന്‍ അബ്ദുല്‍ ഖയ്യൂമിന്‍റെ അര്‍ദ്ധ സഹോദരനാണെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ലെജിസ്ലേറ്ററിലും അസംബ്ലിയിലും തലപ്പത്തെത്തിയ പി.പി.എം തങ്ങളുടെ നയങ്ങള്‍ പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പുകള്‍ കൂടാതെ നടപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. ഇന്തോനേഷ്യയില്‍ നടന്ന അസംബ്ലി വോട്ടെടുപ്പ് ശ്രദ്ധേയമായത് ന്യൂയോര്‍ക്ക് ടൈംസടക്കമുള്ള മുന്‍നിര മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ വിദഗ്ദരുടെയും വിലയിരുത്തലുകളെയും കണക്കു കൂട്ടലുകളെയും തെറ്റിച്ച് രാജ്യത്തെ മുസ്ലിം പാര്‍ട്ടികള്‍ നടത്തിയ അപ്രതീക്ഷിത മുന്നേറ്റം കൊണ്ടാണ്. ലോകത്ത് ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയില്‍ ഇസ്ലാമിക പാര്‍ട്ടികള്‍ക്ക് ജനപിന്തുണ കുറഞ്ഞു വരുന്നു എന്ന ധാരണ വ്യാപകമായ സാഹചര്യത്തിലാണ് അമ്പരപ്പിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നത്. ഇതോടെ ആകെ വോട്ടിന്‍റെ ഏകദേശം 32 ശതമാനം നേടി ജൂലൈയില്‍ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പി്ല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള യോഗ്യതയും മുസ്ലിം പാര്‍ട്ടികള്‍ നേടിയെടുത്തു. ദൈനംദിന ജീവിതത്തില്‍ തെരഞ്ഞെടുപ്പുകള്‍ ചെലുത്തുന്ന സ്വാധീനത്തിന് പരിമിതികളുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. വര്‍ഗ്ഗീയതയും അഴിമതിയും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയം ആരുടെ പക്ഷത്തു നിന്നാലും ജനപക്ഷത്തിന് തോല്‍ക്കാനാണ് വിധിയെങ്കില്‍ വാഗ്ദാനപ്പെരുമഴ പെയ്യുന്ന മറ്റൊരു തെരഞ്ഞെടുപ്പു വരെ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിപ്പ് തുടരാന്‍ തന്നെയാവും ഇന്ത്യന്‍ ജനതയുടെ വിധി.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter