വർണ്ണക്കലിമക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട്. ആഴക്കടലിനുള്ളിൽ പാഠങ്ങളെല്ലാമുണ്ട്,  കടലോളം മഗ്ഫിറത്തുമായി കാത്തിരിക്കുന്നുണ്ടെന്റെ റബ്ബ്

വർണ്ണക്കലിമക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട്.
ആഴക്കടലിനുള്ളിൽ പാഠങ്ങളെല്ലാമുണ്ട്

കടലോളം മഗ്ഫിറത്തുമായി കാത്തിരിക്കുന്നുണ്ടെന്റെ റബ്ബ്

കടൽ കിതാബാണെന്നാരോ പറഞ്ഞു. ഒന്ന് മറിച്ചു നോക്കാനിരുന്നതാ. താളുകൾ മറിയുന്നതല്ലാതെ അറ്റമോ ആഴമോ ഒന്നും കാണാനേയില്ല. കോരിച്ചൊരിയുന്ന മഴ, കഥ പറയുന്ന കടൽ. മഴ കൊണ്ടനുഗ്രഹീതരാവാൻ വാദീ ഖനാത്തിലേക്ക് പോകുമായിരുന്ന പുണ്യ പ്രവാചകനെ (സ) ഓർത്തു പോയി. മദീനയിലേറ്റവും കൂടുതൽ മഴ ലഭിക്കുന്നതാവിടെയായിരുന്നത്രേ. നോക്കി നിൽക്കെ ഒരറ്റവും കാണുന്നില്ല. എങ്ങനെ കാണാനാണ്. അത്ഭുതങ്ങളുടെ മഹാ കലവറയായിട്ടാണ് സ്രഷ്ടാവ് ഈ കടലിനെ ഒരുക്കി വെച്ചിട്ടുള്ളത്. കടലിനെ കുറിച്ച് തന്നെയും പറഞ്ഞാൽ തീരില്ല, പിന്നല്ലേ കടലിലുള്ളത് !.

കടൽ തരുന്നൊരു പ്രതീക്ഷയുണ്ട്, മഗ്ഫിറത്തിന്റെ കടലാണെന്റെ റബ്ബെന്ന പ്രതീക്ഷ. കാരുണ്യത്തിന്റെ പാരാവാരമാണെന്റെ രക്ഷിതാവെന്ന പ്രതീക്ഷ. കടലോളം ദോഷം ചെയ്താലും കടലിലെ നുരയോളം അത് പതഞ്ഞു പൊങ്ങിയാലും അവന്റെ കാരുണ്യത്തിന്റെ കരകാണാ കടൽ അതിന്റെയൊക്കെ മേലെ നിൽക്കുമെന്നതാണ് അവൻ തരുന്ന ഉറപ്പ്. സമുദ്രം നിങ്ങൾക്കായി കീഴ്പ്പെടുത്തി തന്നവൻ അവനല്ലേ, എന്തേ നിങ്ങൾ ചിന്തിക്കുന്നില്ലെന്ന് അടിക്കടി ചോദിക്കുന്നുണ്ട് ഖുർആൻ.

ആഴിയുടെ ആഴങ്ങളിലേക്ക് പോകും തോറും അത്യത്ഭുതങ്ങളുടെ അപൂർവതകളിലേക്കാണ് റബ്ബ് നമ്മെ നയിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളുടെ മഹാ വിരുന്നാണവിടെ. കടൽക്കരയിൽ പോലും അവനൊരുക്കി വെച്ച കലയുടെ വിസ്മയം എത്ര അപാരമാണ്. അലമാലകൾ വന്ന് കരയെ ചുംബിച്ചു മടങ്ങുമ്പോ അവിടെ മണൽ തരിയിൽ അനുനിമിഷം അതിസുന്ദരമായ കലാവിഷ്കാരങ്ങൾ തീർക്കപ്പെടുന്നത് തന്നെ എത്ര ആനന്ദകരം.

അപാരതയുടെ സ്പർശമേറ്റ അറിവിന്റെ മാഹാത്മ്യത്തെ സൂചിപ്പിക്കാനുള്ള അവന്റെ ഉപമയും സമുദ്രം തന്നെ. സമുദ്രങ്ങളൊന്നാടങ്കം മഷിയാക്കി എഴുതാനിരുന്നാലും അവന്റെ അറിവിന്റെ അളവൊട്ടും ആവുകയില്ല തന്നെ. കണ്ടില്ലേ കടൽക്കരയിൽ നിന്നൊരു പക്ഷി ദാഹം തീർക്കുന്നത്. അതിന്റെ കൊക്കിൽ നിന്നുറ്റി വീഴുന്നൊരു തുള്ളി മാത്രമാണ് മനുഷ്യന്റെ അറിവെന്ന ഉപമയുടെ ഉപജ്ഞാതാവ് വാഴ്ത്തപ്പെടട്ടെ.

സർവ കലകളുടെയും സംഗമസ്ഥാനമാണ് കടൽ. അവിടെ ആനന്ദമുണ്ട്, അതിൽ വിസ്മയമുണ്ട്, പാഠങ്ങളാനവധിയുണ്ട്. ആഹ്ലാദിച്ചുന്മത്തരായി മതിമറക്കുമ്പോൾ കടലൊന്നിളകും, നാഥനെ കുറിച്ച് ഓർമ്മപ്പെടുത്താൻ. അത്രയേ വേണ്ടൂ. താങ്ങാൻ കഴിയില്ല മനുഷ്യന്ന്. ചരിത്രങ്ങളുടെ സാക്ഷ്യങ്ങൾ അനവധിയുണ്ട്. ധിക്കാരിയായ ഫറോവയുടെ ചരിത്രം കാലം മറക്കില്ലല്ലോ. സമുദ്രം തിളച്ചുമറിയുന്നൊരു കാലം വരാനുണ്ട്. കടൽ പൊട്ടിപ്പിളരും. അതിൽ നിന്ന് തീജ്വാലകൾ ഉയരും. ഒന്നുകിൽ അത് കരകവിഞ്ഞൊഴുകി ആർത്തലച്ചു വരും, അല്ലെങ്കിൽ അകത്തൊളിപ്പിച്ച ഇന്ധനങ്ങൾ, ലാവകൾ ഒഴുകിപ്പരക്കും. ഏതായാലും എല്ലാം അവന്റെ നിശ്ചയ പ്രകാരം നടക്കും. അവന്റെ സൈന്യമാണ് കടൽ. ആ ഓർമ കൂടിയുണ്ടാകുമ്പോഴേ ആഴിയുടെ അത്ഭുതങ്ങൾ, ആനന്ദങ്ങൾ പൂർണ്ണമാകൂ..

എല്ലാം അവന്റേതാണെന്നതാണ് മുഖ്യം. അത് മാത്രമാണ് പ്രധാനം. അതിനപ്പുറത്ത് ഒന്നുമില്ല, ഇപ്പുറത്തും ഒന്നുമേയില്ല തന്നെ. അവനിലേക്കുള്ള സ്നേഹത്തിന്റെ സ്വർണ നൂൽപാലമാണ് ഈ പ്രപഞ്ചത്തിലെ അണു മുതൽ അഖിലത്തോളമുള്ള സർവ്വവും. ഓരോ അണുവിലും അവന്റെ സ്മരണയുടെ മധുരമാണുള്ളത്. അപ്പോഴേ 'ദിക്റുല്ലാഹ്' സാർത്ഥമാകൂ. ആ വിശുദ്ധ സ്മരണയുടെ മധു പോലും നാം ചുണ്ടിൽ മാത്രമൊതുക്കി എന്നത് എത്ര മേൽ വിരോധാഭാസമാണ്. അകത്ത് നിറഞ്ഞൊഴുകിയിട്ട് അധരത്തിലേക്ക് ഒഴുകിപ്പരക്കുകയാണ് വേണ്ടത്. അതുമല്ലെങ്കിൽ അങ്ങനെയൊരു ലക്ഷ്യമെങ്കിലും നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.

ആഴിയുടെ അഗാധതയുടെ ഭീകരതയിൽ ഗതിയില്ലാതുഴലുന്ന നിസ്സഹായരെ ഖുർആൻ ഉദാഹരിക്കുന്നുണ്ട്. ഒന്നിനുമേലൊന്നായി ആർത്തലച്ചു വരുന്ന തിരലമാലകളുടെ ഇരുട്ടിൽ തപ്പുന്നൊരു സാധു. മുകളിൽ ആകാശത്ത് കറുത്തിരുണ്ട കാർമേഘങ്ങൾ. അങ്ങനെ ഇരുട്ടിനു മേൽ ഇരുട്ടായി അന്ധകാരത്തിന്റെ ആഴങ്ങളിൽ ആപതിച്ചു പോയവർ, അവരത്രെ സത്യ നിഷേധികൾ. ഒന്നാലോചിച്ചു നോക്കൂ.. എത്ര ഭീകരമാണാ ഉപമ പോലും. അവിടെയും സമുദ്രം തന്നെ താരം. പറഞ്ഞല്ലോ, താളുകളെത്ര മറിച്ചിട്ടാലും കടലിന്റെ വിസ്മയ പാഠങ്ങൾ അവസാനിക്കില്ലെന്ന്.

അലയടങ്ങാത്തത് പോലെ കഥയൊടുങ്ങാത്ത കലയുടെ മഹാവിസ്മയത്തിന്റെ പേരാണ് കടൽ. എത്രയോ പേർക്ക് ജീവിതം പകരുന്നു കടൽ. ഈ മഹാ വിസ്മയങ്ങളുടെ കടലിനെ നമുക്ക് കീഴ്പ്പെടുത്തി തന്ന റബ്ബിനെ എത്ര സ്തുതിച്ചാലാണ് മതി വരിക സുഹൃത്തേ.. അവനോളം നമ്മോട് അലിവും വാത്സല്യവുമുള്ള മറ്റാരുണ്ട് അല്ലേ.. അവന്റെ കാരുണ്യത്തിന്റെ കരകാണാ കടൽ.. നോക്കൂ ആ ഉപമ പോലും കടലാണ്.. ആ കടൽ അവന്റെ റഹ്മത്തിന്റെ കേതാരവും. 

അവിടെ സ്വാദിഷ്ടമായ വിഭവങ്ങളുടെ വൈവിധ്യങ്ങളുണ്ട്. നയന മനോഹരമായ മുത്തും പവിഴവുമുണ്ട്. മനസ്സിനെ മത്ത് പിടിപ്പിക്കുന്ന സുഗന്ധങ്ങളുണ്ട്. കണ്ടാലന്തംവിട്ടുപോകുന്ന സൗന്ദര്യത്തിന്റെ നിറകുടമായ ഒട്ടനവധി ജീവികൾ.. എന്തൊക്കെയാണല്ലേ.. ഇതെല്ലാം പടച്ചു വെച്ച റബ്ബിന്റെ സൗന്ദര്യത്തിന്റെ അപാരത എത്ര മഹത്തരമായിരിക്കും... യാ അല്ലാഹ്... ഈ സ്വാദും ഈ സൗന്ദര്യവും അവൻ ഒരുക്കി വെച്ചതോ ഉപ്പ് രുചിയുള്ള വെള്ളത്തിലും. വൈരുധ്യങ്ങൾ സംഗമിക്കുമ്പോൾ എന്റെ റബ്ബ് പിന്നെയും പിന്നെയും വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കുകയാണ്.

കടൽ പഠിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. നുരഞ്ഞു പൊങ്ങുന്ന പതയിൽ പോലും അവന്റെ അധ്യാപനങ്ങളാണ്. സത്യത്തെയും അസത്യത്തെയും എത്ര വ്യക്താമായാണവൻ ഉദാഹരിച്ചത്. നുരപോലെയെ ഉള്ളൂ എല്ലാ അസത്യത്തിന്റെയും നിലനിൽപ്. എന്നെന്നും അവശേഷിക്കുന്നത് സത്യം മാത്രമായിരിക്കും. ഉപകാരമുള്ളതേ ശേഷിക്കൂ. ബാക്കിയുള്ളതൊക്കെ അൽപായുസ്സാണ്. നമുക്ക് ചിലപ്പോഴൊക്കെ മറിച്ചു തോന്നാമെങ്കിലും. നുര പോലെ പതഞ്ഞു പൊങ്ങുന്ന ഐഹികതയ്ക്ക് അമരത്വം നൽകാൻ നാം ശ്രമിക്കുന്നതാണ് വിഢിത്തം. എല്ലാ നുരയും ക്ഷണ വേഗത്തിൽ മാഞ്ഞു പോകും, ഉപകാരപ്രദമായതെ ബാക്കിയാവൂ.. അല്ലെങ്കിൽ ആത്യന്തിക സത്യത്തിലേക്കുള്ള സഞ്ചാരത്തിനേ നിലനില്പുള്ളൂ (റഅ്‌ദ്‌: 17). പറഞ്ഞു പഠിപ്പിക്കുയകയാണ് പടച്ച തമ്പുരാൻ.

നുരപോലെ പതഞ്ഞു നിൽക്കുന്നതായിരിക്കാം നിന്റെ ദോഷങ്ങൾ. ഭയപ്പെടേണ്ട, അത് മാഞ്ഞു പോകാനുള്ളതല്ലേ. നുരയെല്ലാം മായുമെങ്കിൽ ഈ നുരയും മാഞ്ഞുപോകും. അതാവണം നിന്റെ പ്രതീക്ഷ. കടലോളം മഗ്ഫിറതുമായി കാത്തിരിപ്പുണ്ടെന്റെ റബ്ബെന്ന പ്രതീക്ഷ. അവന്റെ റഹ്മത് സർവതിനെയും ചൂഴ്ന്നു നിൽക്കുകയാണെന്ന് അവൻ പറഞ്ഞു തന്നിട്ടില്ലേ (അഅ്‌റാഫ്: 156). ഒന്ന് മനസ്സറിഞ്ഞ് അകമിളക്കി തേടേണ്ടതേ ഉള്ളൂ. അവൻ പൊറുത്ത് തരും. അങ്ങനെ ആനന്ദത്തിന്റെ ആഴങ്ങളിലേക്ക് അവൻ നമ്മെ കൊണ്ട് പോകും. കടലിലൊടുങ്ങാനല്ല, കടലിൽ തുടങ്ങാനാണ് പാഠങ്ങൾ. വർണ്ണക്കലിമക്കുള്ളിൽ ആലങ്ങളെല്ലാമുണ്ടെന്ന പോലെ ആഴക്കടലിനുള്ളിൽ പാഠങ്ങളെല്ലാമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter