ലാളിത്യത്തിന്റെ വിജയഭേരി
ദൈനംദിന ചെലവുകൾ വർധിച്ചതിനനുസരിച്ച് ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം വര്‍ധിപ്പിച്ചില്ല. ഖലീഫയാകുന്നതിനു മുമ്പ് കച്ചവടമായിരുന്നു ഉമറിന്‍റെ ജീവിതമാര്‍ഗം. ഖലീഫയായ ശേഷം കച്ചവടം തുടരാന്‍ കഴിഞ്ഞില്ല. ജീവിതച്ചെലവുകൾ വർധിച്ചപ്പോൾ പ്രയാസമായി. കടം വാങ്ങേണ്ടി വന്നു. എന്നിട്ടും ശമ്പളവര്‍ധനവിനെപ്പറ്റി ഉമര്‍(റ) ചിന്തിച്ചില്ല.
ഉമർ(റ)ന്റെ സുഹൃത്തുക്കൾ ഖലീഫയുടെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്‌തു. എല്ലാവര്‍ക്കും ഒരേ അഭിപ്രായം, ജീവിതവൃത്തിക്കാവശ്യമായ തുക ഖലീഫക്ക് ശമ്പളമായി ലഭിക്കണം!
അവര്‍, ഉമർ(റ)ന്‍റെ പുത്രി ഹഫ്‌സ(റ)യെ സമീപിച്ച്, ഖലീഫയെ അറിയിക്കേണ്ട കാര്യം പറഞ്ഞു. ഉമര്‍(റ)നെ തനിച്ചു കിട്ടിയ വേളയിൽ ഹഫ്‌സ(റ) വിഷയമവതരിപ്പിച്ചു.
എല്ലാം കേട്ട ഉമര്‍(റ) ചോദിച്ചു: “ഹഫ്‌സാ, നീയിപ്പോള്‍ പറഞ്ഞ വാക്കുകള്‍ നിന്‍റെ വാക്കുകളല്ല എന്നെനിക്കറിയാം. നീ പ്രവാചകർ(സ്വ)യുടെ പത്‌നിയായിരുന്നല്ലോ, തങ്ങൾക്ക് എത്ര വസ്‌ത്രങ്ങളുണ്ടായിരുന്നു? തങ്ങൾ ഭക്ഷിച്ച നല്ല ആഹാരമേതായിരുന്നു? വിരിപ്പ് എങ്ങനെയുള്ളതായിരുന്നു?
റസൂലിന്‍റെയും അബൂബക്‌റിന്‍റെയും ജീവിതം ലളിതവും ക്ലേശം നിറഞ്ഞതുമായിരുന്നു. എന്‍റെ മുന്‍ഗാമികളായ രണ്ടു പേരും ജീവിതലക്ഷ്യം സാക്ഷാത്‌കരിച്ചു. അവര്‍ നയിച്ച ജീവിതരീതിയാണ് അവരുടെ വിജയ രഹസ്യം, ഇനി എന്‍റെ ഊഴമാണ് ഹഫ്‌സാ, ഈ ഖുര്‍ആന്‍ സൂക്തം നിനക്കോര്‍മ്മയില്ലേ ഹഫ്സാ. “ഐഹിക ജീവിതത്തില്‍ വെച്ചു തന്നെ നല്ല വസ്‌തുക്കളെ നിങ്ങള്‍ പാഴാക്കിക്കളഞ്ഞു. അവയെക്കൊണ്ട് നിങ്ങള്‍ സുഖമനുഭവിച്ചു.” (അൽ അഹ്‌ഖാഫ് :20). മോളേ, ഈ താല്‌ക്കാലിക സുഖത്തിന്‍റെ പിന്നാലെ ഞാന്‍ പോയ്‌ക്കൂടാ. മുന്‍ഗാമികളുടെ വിശുദ്ധിയുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നാല്‍ സംശയമേതുമില്ല, ഞാനും വിജയത്തിലേക്കുയരും. മറിച്ചൊരു മാര്‍ഗം സ്വീകരിച്ചാല്‍ തോൽവിയാകും ഫലം”
മുസ്‌ലിമിന്റെ ജീവിതരീതി എങ്ങനെയാവണമെന്ന് ഉമർ(റ) പഠിപ്പിക്കുകയാണിവിടെ. ലാളിത്യം ജീവിതത്തിന്റെ മുഖമുദ്രയാവുമെങ്കിൽ അവനുപിന്നെ പരാജയഭീതി വേണ്ട, ഇരുലോകത്തും.
നാം അനുഭവിക്കുന്നതിന്റെ കണക്ക് ബോധിപ്പിക്കേണ്ട ദിനം വരാനുണ്ടെന്ന ഉത്തമബോധ്യമുള്ളവനാണ് വിശ്വാസി. അവനെ പരിസരങ്ങളിലെ ദുർവ്യയങ്ങൾ ധൂർത്തനാക്കില്ല. ഇടവലങ്ങളിലെ പൊങ്ങച്ചങ്ങൾ മലിനമാക്കില്ല. ഇന്ന് കാണുന്ന ജീവിത പരാജയങ്ങളുടെ പച്ചയായ ആത്മഹത്യകളും അസമാധാനത്തിന്റെ വർത്തമാനങ്ങളും ആവിർഭവിക്കുന്നത് ഈ ശീലം കൈമോശം വരുന്നത് കൊണ്ടാണെന്ന് കാണാം.
ലാളിത്യം ജീവിതത്തിന്‍റെ സൗന്ദര്യമാണ്. അത് കൈമുതലാക്കിയവര്‍ എവിടെയും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യും. അഹന്തയും വ്യാമോഹവും ജീവിത ശീലമാക്കിയവര്‍ പലയിടങ്ങളിലായി പരാജയം അനുഭവിക്കേണ്ടിവരും. നബി(സ്വ) പറയുന്നു: ഭൗതിക വ്യവഹാരങ്ങളോടുള്ള താല്‍പര്യം വെള്ളം വൃക്ഷത്തെ വളര്‍ത്തും പോലെ മനുഷ്യ മനസ്സില്‍ കാപട്യം നിറക്കും (ബുഖാരി).
Leave A Comment