മക്തൂബ്-5 ഒരു ഗുരുവിന്റെ കൈപിടിക്കൂ... എന്നിട്ട്  ധൈര്യമായി കടന്ന് വരൂ..

പ്രിയ സഹോദരാ,
നാഥന്‍ ഇഹപരവിജയം പ്രദാനം ചെയ്യട്ടെ.
പാശ്ചാത്താപത്തിനു ശേഷം ആധ്യാത്മികവഴിയിലെ തുടക്കക്കാര്‍ യോഗ്യനായ ഗുരുവിനെ കണ്ടെത്തണം. അദ്ധേഹം  വഴികളിലെ  നിമ്നോന്നതങ്ങളും ദിവ്യ പ്രഭാവത്തിന്‍റെ സൗന്ദര്യവും മേധാശക്തിയുമറിയുന്നവനായിരിക്കണം. ജ്ഞാനികള്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണെന്ന പ്രവാചകവാക്യത്തെ അന്വര്‍ത്ഥമാക്കുന്നവനാവണം ഈ ഗുരു. കൂടാതെ, തന്‍റെ ശിഷ്യന്‍റെ ആന്തരികരോഗങ്ങളെ ചികിത്സിക്കാനുള്ള പ്രാവീണ്യമുള്ള ആചാര്യശ്രേഷ്ടനുമായിരിക്കണം. 
അള്ളാഹു പറഞ്ഞില്ലേ, നിങ്ങള്‍ സത്യസന്ധരോടു കൂടെ കൂടുവിന്‍ (സൂറ തൗബ- 119)
അമ്പിയാക്കളും അവരുടെ പ്രതിനിധികളുമാണ് ഈ വചനത്തിന്‍റെ വിവക്ഷ. പണ്ഡിതന്മാര്‍ പ്രവാചകന്റെ അനന്തരഗാമികളാണ് എന്ന പ്രവാചക വാക്യമാണ് അവര്‍ക്കുള്ള സമ്മതപ്പത്രിക. എന്റെ സമുദായത്തിലെ പണ്ഡിതര്‍ ബനൂ ഇസ്റാഈലിലെ പ്രവാചകരെപ്പോലെയാണെന്ന വചനപ്പൊരുളാണ് അവരുടെ ശിരോവസ്ത്രം. ഒരു സമൂഹത്തിന്റെ ആധ്യാത്മികാചാര്യന്‍ ഒരു ഉമ്മത്തിലെ പ്രവാചകനെപ്പെലെയാണെന്ന പ്രവാചകാധ്യാപനവും ഇവിടെ പ്രസക്തമാണ്. തങ്ങളിലേക്കു നിയുക്തനായ പ്രവാചകനെ അനുധാവനം ചെയ്യല്‍ അനിവാര്യമാകുന്നതു പോലെ പ്രവാചക പ്രതിനിധിയായ ആചാര്യനെ പിമ്പറ്റലും അനിവാര്യമാണ്. അതിനാലാണ്  ആത്മീയഗുരു ഇല്ലാത്തവന് ദീനില്ല എന്ന് മശാഇഖുകള്‍ പറഞ്ഞത്. 
പ്രവാചകന്റെ ഈ വാക്കും ചേര്‍ത്തുവായിക്കാം, എനിക്കു ശേഷം നിങ്ങള്‍ അബൂബക്കറിനെയും ഉമറനെയും പന്തുടരുക. മറ്റൊരു വചനം ഇപ്രകാരമാണ്, എന്‍റെ സ്വഹാബ നക്ഷത്ര തുല്ല്യരാണ്. അവരില്‍ ആരെ പിമ്പറ്റിയാലും നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കും. 

Read More: മക്തൂബ് മൂന്ന്- സജല നയനങ്ങളോടെ സ്രഷ്ടാവിന് മുന്നില്‍
ഹിദായത്ത് നേടാന്‍ ഒരു പ്രവാചകന്റെയോ ശൈഖിന്റെയോ ആവശ്യമില്ലെന്ന കാര്യം നീ മറക്കരുത്. കാരണം അത് മനസ്സാകുന്ന മുറ്റത്ത് പടച്ചവന്‍ തന്‍റെ വിശിഷ്ടവായ്പ് കൊണ്ട് മാത്രം ഇറക്കുന്ന  വിത്താണ്. സൂറ ബഖറയിലെ 272-ആം വചനത്തില്‍ അല്ലാഹു പറഞ്ഞപോലെ, എങ്കിലും അവന്‍ ഉദ്ധേശക്കുന്നവനെ  നേര്‍മാര്‍ഗത്തിലാക്കുന്നു.
എന്നാല്‍ ഹിദായത്തിന്‍റെ വിത്ത് മുളക്കുകയും വളര്‍ച്ച ആരംഭിക്കുകയും ചെയ്താല്‍ പ്രവാചകനും ശൈഖും ആവശ്യമായി വരുന്നു. അല്ലാഹു പറഞ്ഞില്ലേ, നിശ്ചയമായും താങ്കള്‍ നേരായ മാര്‍ഗത്തിലേക്കു ജനങ്ങളെ ചേര്‍ക്കുന്നു (സൂറ ശൂറ-52).
ഋജുവായ പന്ഥാവിലേക്കു വഴി കാണിക്കുകയും സത്യം മുറുകെ പിടിച്ച് നീതി പുലര്‍ത്തുകയും ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ സൃഷ്ടികളിലുണ്ട് (സൂറ അഅ്റാഫ്- 181)
ഒരു ആത്മീയാചാര്യനെ പിമ്പറ്റല്‍ അനിവാര്യമായ കാര്യമാണ്. ഇതു സംബന്ധിയായ ഒരു പാട് ബൗദ്ധിക തെളിവുകള്‍ മശാഇഖുകളുടെ ഗ്രന്ധങ്ങളില്‍ കാണാം.  
തെളിവ് ഒന്ന് 
ദൃശ്യഗോചരമായ കഅ്ബക്കരികിലെത്താനുള്ള വഴി നമുക്കറിയാം. നടന്നെത്താന്‍ കാലുകളും കാഴ്ച്ചക്കു കണ്ണുകളുമുണ്ട്. എന്നിട്ടും നമുക്കൊരു മാര്‍ഗദര്‍ശകന്‍റെ ആവശ്യമില്ലേ. എന്നാല്‍ പരശ്ശതം പ്രവാചകന്മാര്‍ കടന്നുപോയ വഴിയാണ് ശരീഅത്ത്.  ഒരു കാലടളായവും അവിടെ ദൃശ്യമല്ല. അത്കൊണ്ടു തന്നെ  ഇന്ദ്രിയഗോചരമല്ലാത്ത ശരീഅത്തലേക്കുള്ള വഴിനടത്താന്‍ യോഗ്യനായ ഒരാള്‍ വേണമെന്നത് സംശയമില്ലല്ലോ. ഒരു വഴികാട്ടിയുടെ സഹായമില്ലാതെ ആധ്യാത്മികതയുടെ ഈ വഴിയില്‍ പ്രവേശിക്കല്‍ അസംഭവ്യം തന്നെ. 
തളിവ് രണ്ട്:
സാധാരണ നമ്മുടെ യാത്രാവേളകളില്‍ കള്ളന്മാരില്‍ നിന്നും പിടിച്ചുപറിക്കാരില്‍ നിന്നും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. ആഖിറം തേടിയുള്ള ആധ്യാത്മിക സഞ്ചാരപഥങ്ങളിലും പലരും പതിയിരിക്കുന്നുണ്ട്. ദുന്‍യാവ്, സ്വശരീരം, മനുഷ്യ-ജിന്ന് വിഭാഗങ്ങളില്‍ പെട്ട പിശാചുക്കള്‍ തുടങ്ങിയവര്‍ വലിയ ഭീഷണിയാണ് തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വിലായത്തിന്‍റെ ഉടമയുടെ സഹായമില്ലാതെ ആ വഴിയില്‍ പ്രവേശിക്കാന്‍ നിനക്കാവില്ല.
തെളിവ് മൂന്ന്:
ഈ വഴികളില്‍ പ്രയാണം നടത്തിയ പലര്‍ക്കും കാലിടറിയിട്ടുണ്ട്. ഫലാസിഫ, ദഹ്‍രിയ്യ, നിരീശ്വരവാദികള്‍, മുഅ്തസില, ഇബാഹിയ തുടങ്ങിയര്‍ തീര്‍ത്തിട്ടുള്ള ചതിക്കുഴികളും അപകടങ്ങളും ഇവിടെയാകമാനം നിറഞ്ഞ് നില്‍ക്കുന്നുണ്ട്. യോഗ്യനായ ശൈഖിന്‍റെ സഹവാസമില്ലാതെ സ്വന്തം യുക്തി കൊണ്ട് മാത്രം ഈ വഴിയില്‍ പ്രവേശിക്കല്‍ അപകടമാണ്. വിശ്വാസം തന്നെ നഷ്ടപ്പെടാന്‍ അത് കാരണമാകും. 
കവിയുടെ വാക്കുകള്‍ അതിമഹത്തരമത്രെ
നീ
ഒരു കുഞ്ഞനുറുമ്പ്
നിന്റെ മുമ്പിലുള്ളതോ
മുടിനാരിഴതീര്‍ത്ത വഴി.
അകക്കാഴ്ച്ചയില്ലാത്ത ഭാവനകൊണ്ട്,
അന്ധത പിടിച്ച അനുകരണം താങ്ങി
ഇവിടം കടന്നു വരല്ലേ നീ. 
                     (ഖാജാ സനാഈ ഗസ്നവീ )
അതിനാല്‍ തന്നെ വിജയികളെല്ലാം ഒരു വിലായത്തിന്റെ ഉടമയുടെ കാവലിലാണ് വളര്‍ന്നു വന്നത്. സുരക്ഷിതരായി അവര്‍ ലക്ഷ്യം പ്രാപിച്ചു. മറ്റുള്ളവരുടെ ജയാപജയങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും അവര്‍ക്കായി.
തെളിവ് നാല്:
പരീക്ഷണങ്ങളും പ്രത്യൂഹങ്ങളും നിറഞ്ഞതാണീ വഴി. പരിണതപ്രജ്ഞനായ ഒരു ആചാര്യന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വലിയ സഹായമാണ്. അപകടത്തില്‍ നിന്നും ആത്മ നാശത്തില്‍ നിന്നും അത് നിന്നെ കാത്തുകൊള്ളും.
കവിയുടെ വാക്കുകള്‍ അപാരം തന്നെ.
നീ ആചാര്യന്റെ നിഴലില്‍ വാഴ്ക.
കൈകളിലുള്ള ഊന്നുവടി
അന്ധനാം മര്‍ത്യനു ഭൂഷണം.
താഴ്മ കാണിക്ക നീ
അഹന്ത വെടിയുക.
നിനക്കെന്നുമാചാര്യന്‍
അനിവാര്യമാം വെളിച്ചമത്രെ.
എന്‍ വാക്കുകള്‍
കേള്‍ക്കുവതില്ലെങ്കില്‍
നിന്‍ ജന്മം നിഷ്ഫലം.

തെളിവ് അഞ്ച്:
ഈ സഞ്ചാരി ആത്മീയമായ വഴികളിലൂടെയാണ് കടന്നുപോകുന്നത്. അവിടെ ഉടലിനെ വിട്ടു ആത്മാവ് തനിച്ചാകുന്നു. ആത്മാവില്‍ ദിവ്വ്യവെളിച്ചത്തിന്റെ നിഴല്‍ പതിയുന്നു. തുടര്‍ന്ന് പരമാര്‍ത്ഥത്തിന്‍റെ പ്രാതിനിധ്യത്തില്‍ ആത്മാവ് പുളകിതമാവുന്നു. അനല്‍ഹഖിന്‍റെയും സുബ്ഹാനീയുടെയും രുചിഭേദങ്ങളിലൂടെ കടന്നുപോകുന്നു. ഈ അവസ്ഥയുടെ സത്യം മനസ്സിലാക്കാന്‍ ബുദ്ധിയും ജ്ഞാനവും ഇന്ദ്രിയങ്ങളും അശക്തമാണ്. ഇവിടെ തന്‍റെ ഈമാന്‍ കാക്കുന്ന ഒരു ഗുരു അനിവാര്യമാകുന്നു. ദിവ്വ്യ സത്തയില്‍ അലിയുമ്പോഴുള്ള സ്ഖലിതങ്ങളില്‍ നിന്നും തന്‍റെ കരം ഗ്രഹിക്കുന്ന വിലായത്തുള്ള ഒരു ശൈഖ് ആവശ്യമായിവരുന്നു. 
തെളിവ് ആറ്:
ആധ്യാത്മിക സഞ്ചാരിക്ക് യാത്രാമധ്യേ ചില അദൃശ്യവെളിപാടുകള്‍ സംഭവിക്കും. ഒരുപക്ഷെ ദൈവികമാവാം. പൈശാചികവും ശാരീരികവുമാവാനുള്ള സാധ്യതയും ഉണ്ട്. ഒരു തുടക്കക്കാരന് ഈവക കാര്യങ്ങളെ കുറിച്ചുള്ള ബോധ്യം കുറവായിരിക്കാം. പക്ഷികളുടെ സംസാരം മറ്റൊരു പക്ഷിക്കേ മനസ്സിലാകൂ. അദൃശ്യജ്ഞാനങ്ങള്‍ അതിന്റെ വാക്താക്കള്‍ക്കേ വേര്‍ത്തിരിച്ചറിയൂ.
പേര്‍ഷ്യന്‍ ഭാഷയില്‍ പറയപ്പെടുന്നപോലെ, പക്ഷികളുടെ ഭാഷയും സംസാരവും നിനക്കെന്തറിയാം. ഇതുവരെ നീ പ്രവാചകന്‍ സുലൈമാനെ കണ്ടിട്ടില്ലല്ലോ.
ദിവ്യശക്തി സംഭരിച്ച, വ്യാഖ്യാനശാസ്ത്രവും അദൃശ്യജ്ഞാനവുമറിയുന്ന ഒരു ഗുരു ഇല്ലാതെ ഒരു മുരീദിനും ഉയര്‍ച്ച സാധ്യമല്ല തന്നെ.
തെളിവ് ഏഴ്:
ഒരു സാധാരണക്കാരന് തന്റെ രാജാവിന്റെ സാമീപ്യം നേടാന്‍ കൊതി തോന്നി. അതിനുള്ള യോഗ്യത ആ സാധുവിനില്ല താനും. എന്തു ചെയ്യും?. നിസ്സംശയം രാജാവിന്റെ സമീപസ്ഥനായ ഒരാളുമായി ബന്ധം സ്ഥാപിക്കുകയും അതിലൂടെ രാജാവിലേക്ക് എത്തിച്ചേരുകയും വേണം. അന്നേരം അദ്ധേഹത്തിന്‍റെ അപരിചിതത്വമോ അയോഗ്യതയോ രാജാവ് പ്രശ്നമാക്കില്ല. അദ്ധേഹത്തിന്‍റെ ആഗ്രഹങ്ങള്‍ തട്ടുകയുമില്ല. ലളിതമായി തന്റെ ലക്ഷ്യത്തിലേക്കെത്താം. മാത്രമല്ല ഉദ്ധിഷ്ട കാര്യം നേടുകയും ചെയ്യാം. പ്രത്യുത, ഒരു ഇടയാളന്റെ ഇടപെടലില്ലാതെ എത്ര കാലം ശ്രമിച്ചാലും അവനതു നേടാനാവില്ല.
അപ്രകാരമാണ് മശാഇഖുകള്‍. രാജാധിരാജനായ നാഥന്റെ അടുക്കല്‍ അവര്‍ സ്വീകാര്യതയും സാമീപ്യവും ഉള്ളവരാണ്. സദാ അവരുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ തങ്ങളുടെ ലക്ഷ്യം നേടുകതന്നെചെയ്യും. ഉന്നതരായ ഈ മഹത്തുക്കള്‍ തങ്ങളുടെ ഹൃദയവിശുദ്ധി കൊണ്ടും മഹത്ചരിതം കൊണ്ടും ഖുര്‍ആനികവാക്യങ്ങളുടെ പൊരുളുകളും പ്രവാചകാധ്യാപനങ്ങളിലെ സൂചകങ്ങളും തിരിച്ചറിയുന്നു. അതില്‍ നിന്നും തന്റെ ശിഷ്യര്‍ക്കു വേണ്ട അടിസ്ഥാനതത്വങ്ങളും നിയമാവലികളും അവര്‍ നിര്‍ദ്ധാരണം ചെയ്തെടുക്കുന്നു. അതിനനുസരിച്ചു അവര്‍ ഇപ്രകാരം വിധികള്‍ പ്രഖ്യാപിക്കുന്നു.
ഒന്നാമത്തെ വിധി:
നന്മതിന്മകള്‍ വിവഛേദിച്ചു മനസ്സിലാക്കാനുള്ള അകക്കാഴ്ച്ച നല്‍കപ്പെട്ടവനാണ് അടിമ. തദനുസൃതം തന്റെ ശരീരത്തല്‍ നിന്നു തിന്മ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതു കഴിയാതെ വരുന്നു. അന്നേരം അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ ഒരു ആചാര്യന്‍ കൂട്ടിനുണ്ടാവണം. തന്റെ കരം പിടിക്കാനും മാര്‍ഗഭ്രംശത്തില്‍ നിന്നും രക്ഷിക്കാനും അദ്ധേഹത്തിനാവും. മാത്രമല്ല, ശരീരത്തിന്റെ ഗുണഗണങ്ങള്‍ക്കനുസരിച്ച് വഴിനടക്കാനും അദ്ധേഹം സഹായിക്കും.
രണ്ടാമത്തെ വിധി:
മുരീദില്‍ നിന്നും ക്ഷീണവും ആലസ്യവും പ്രകടമാവുമ്പോള്‍ ആര്‍ദ്രതയും അലിവുമുള്ള ഇടപെടലിലൂടെ ഗുരു മുന്നോട്ടുപോവാന്‍ പ്രേരിപ്പിക്കും. നഷ്ടപ്പെട്ടതു വീണ്ടെടുക്കാന്‍ അദ്ധേഹം സഹായിക്കുകയും ചെയ്യും.
മൂന്നാമത്തെ വിധി:
ദുശിച്ച കൂട്ടുകെട്ടില്‍ നിന്നും മോശപ്പെട്ട സംസാരങ്ങളില്‍ നിന്നും കാവലേകാന്‍ ശൈഖിനാകുന്നു. ഒരു വര്‍ഷം സ്വയം ശ്രമിച്ചാല്‍ നേടാനാവാത്ത അരുളപ്പാടുകള്‍ ഒരു നിമിഷം കൊണ്ട് ശൈഖിന്റെ സാനിധ്യത്തില്‍ ശിഷ്യനു നേടാനാവുന്നു. 
മുരീദിനു തന്റെ ലക്ഷ്യത്തിലേക്കെത്താന്‍ ഒന്നിലധികം ശൈഖുമാര്‍ ആവശ്യമായി വന്നേക്കാം എന്നും പറയപ്പെടുന്നുണ്ട്. ഒരോരുത്തരിലൂടെയും ഇടപെടലിലൂടെ ആ ശിഷ്യന്‍ തന്റെ ലക്ഷ്യം പ്രാപിക്കുന്നു. എന്നാല്‍ തന്റെ ആചാര്യനെക്കുറിച്ച് മോശമായ ധാരണ ശിഷ്യനു ഭൂഷണമല്ല. അദ്ധേഹത്തിന്റെ സ്ഥാനവും പദവിയും വിലകുറച്ചു കാണാനും പാടില്ല. 
ഇത്രയെങ്കിലും നേടാനായത് അദ്ധേഹത്തിന്റെ ശിക്ഷണത്താലാണെന്നും എന്റെ ശൈഖിലല്ല, എന്നിലാണ് പോരായ്മയുള്ളതെന്നുമുള്ള ആത്മഗതമാണ് കരണീയം. ഞാന്‍ മനസ്സിലാക്കിയതിലും അപ്പുറത്താണ് അദ്ധേഹത്തിന്റെ സ്ഥാനം എന്ന് വേണം കരുതാന്‍.
ഒരു ഗുരുവിനെ ഉപേക്ഷിച്ചു മറ്റൊരു ഗുരുവിനെ സഹവസിക്കല്‍ അനുവദനീയമല്ല. പ്രഥമഗുരുവിന്റെ സമ്മതം അത്യാവശ്യമാണ്. അല്ലാത്തപക്ഷം അവരുടെ കോപത്തെ നീ കാത്തുകൊള്ളണം. സമ്മതം കൂടാതെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ ആധ്യാതമിക വഴിയിലെ ഭ്രഷ്ട് (രിദ്ധത്) കല്‍പ്പിക്കപ്പെട്ടവനായിത്തീരുന്നു. മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് കാര്യങ്ങളാണ് തന്‍റെ ശിഷ്യര്‍ക്ക് പൊതുവെ എല്ലാ മശാഇഖുകളും ശിക്ഷണത്തിന്റെ ഭാഗമായി പകര്‍ന്നു കൊടുക്കാറുള്ളത്. അതില്‍ ശിഷ്യന്‍ വിജയിച്ചാല്‍ അംഗീകാരത്തിന്റെ ഒരു ഉത്തരീയം (ഖിര്‍ക) അവന്‍ അണിയിക്കപ്പെടുന്നു. അതൊരു ചടങ്ങായി നടത്തപ്പെടുന്ന ഒന്നല്ല. വ്യക്തമായും അര്‍ഹനാണെന്നു ബോധ്യപ്പെട്ടാല്‍ മാത്രമെ അത് നല്‍കൂ. അര്‍ഹനല്ലെങ്കില്‍ ഇത് താങ്ങള്‍ക്ക് പറ്റിയ പണിയല്ലെന്നു പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. 
ഇവയാണ് ആ മൂന്ന് കാര്യങ്ങള്‍
ഒന്ന്: ഒരു വര്‍ഷം സൃഷ്ടികള്‍ക്ക് സേവനം ചെയ്യല്‍
രണ്ട്: ഒരു വര്‍ഷം സ്രഷ്ടാവിനെ സേവിക്കല്‍
മൂന്ന്: ഒരു വര്‍ഷം ഹൃദയത്തെ പരിചരിക്കല്‍ 
തന്റെ കൈകുമ്പിള്‍ നീട്ടി നിരന്തരമായി നാഥനോട് യാചിക്കാന്‍ ശിഷ്യനോട് അവര്‍ കല്‍പിക്കുന്നു. അല്ലാഹുവിനോട് ചോദിക്കുന്നതില്‍ ഒരു മടിയും കാണിക്കരുതെന്നും ആവശ്യം നിറവേറുന്നതു വരേയും നിരന്തരമായി അവനോട് ചോദിച്ചുകൊണ്ടിരിക്കണമെന്നും അവര്‍ ഉപദേശിക്കുന്നു. നമുക്ക് ലഭിച്ച ഈമാനിനും പാപമോചനത്തിനും യാതൊരു പ്രതിഫലവും അല്ലാഹു ചോദിച്ചിട്ടില്ലല്ലോ.
ചോദിക്കുന്നവര്‍ക്കെല്ലാം കണക്കില്ലാതെ നല്‍കുന്നവനാണ് അല്ലാഹു. ചോദിക്കുന്നവരുണ്ടോ, പ്രാര്‍ത്ഥിക്കുന്നവരുണ്ടോ, പാപമോചനം തേടുന്നവരുണ്ടോ എന്ന് അല്ലാഹു സദാ ചോദിച്ചു കൊണ്ടിരിക്കുന്നു. ഒന്നും ചോദിക്കാതെ തന്നെ നല്‍കുന്നവനാണവന്‍. കാരണം അവന്റെ ധര്‍മ്മത്തിനു പരിധിയില്ലല്ലോ. 
പേര്‍ഷ്യന്‍ കവിയുടെ വാക്കുകള്‍ എത്ര പ്രസക്തം
തേട്ടമില്ലാതെ
ദാനം തരുന്നോനവന്‍
നീ തേടുകില്‍
എത്ര ദയാലുവാണവന്‍. 
സാധുവാം മര്‍ത്യനുപോലും
മഹാ സിംഹാസനം വരിക്കാന്‍
ത്രാണിയേകുന്നവന്‍. 

Read More: മക്തൂബ് -04 പാശ്ചാത്താപത്തോടൊപ്പം നിശ്ചലതയിലും ചലിച്ചുകൊണ്ടേയിരിക്കുക

എന്റെ സഹോദരാ,
ഇത് ദാനധര്‍മ്മങ്ങളുടെ കവാടമാണ്. അവകാശമോ അര്‍ഹതയോ പ്രശ്നമേയല്ല. കാരണം അതൊന്നും നോക്കാതെ നല്‍കുന്നതാണ് മഹാമനസ്കത. അര്‍ഹര്‍ക്ക് മാത്രം നല്‍കുന്നതില്‍ എന്ത് മഹത്വമാണുള്ളത്. ധര്‍മ്മം, മഹാമനസ്കത എന്നൊന്നും അതിനെക്കുറിച്ച് പറയാനൊക്കില്ല. 
യുദ്ധവേളയില്‍ ഒരു ശത്രു  താങ്കളുടെ വാള് നല്‍കാമോ എന്നു ചോദിച്ചപ്പോള്‍ അലി(റ) ഉടനെ അതു നല്‍കി. ആ ശത്രു പറഞ്ഞു നിങ്ങള്‍ ഒരു ധീരനോ അല്ലെങ്കില്‍ ഒരു മഹാ വിഢിയോ ആണ്. കാരണം നിങ്ങളുടെ ശത്രുവിനല്ലേ താങ്കള്‍ ആയുധം നല്‍കിയിട്ടുള്ളത്.
അലി(റ) പറഞ്ഞു: എനിക്കറിയാം നീ എന്റെ ശത്രുവും എതിരാളിയുമാണെന്ന്. ഇപ്പോള്‍ താങ്കളൊരു യാചകനാണ്. മാന്യന്‍മാര്‍ യാചകരെ മടക്കിവിടാറില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter