ദേഷ്യം നമ്മെ കീഴ്പ്പെടുത്താതിരിക്കട്ടെ
അനസ്(റ)വില്‍നിന്ന് നിവേദനം, ഒരിക്കല്‍ പ്രവാചകര്‍(സ്വ) ആഇശ(റ)യുടെ വീട്ടിലിരിക്കുകയായിരുന്നു. പ്രവാചകര്‍ വീട്ടിലേക്ക് ക്ഷണിച്ച ഏതാനും അതിഥികളും കൂടെയുണ്ടായിരുന്നു. പ്രവാചകര്‍ക്ക് അതിഥികളുണ്ടെന്ന വിവരമറിഞ്ഞ് മറ്റൊരു പത്നിയായ സൈനബ്(റ) തന്റെ വേലക്കാരിയുടെ പക്കല്‍ അല്‍പം ഭക്ഷണം (റൊട്ടിയും ആട്ടിന്റെ വാരിയെല്ലും) കൊടുത്തയച്ചു. പ്രവാചകര്‍ക്ക് ഏറെ പ്രിയങ്കരമായ ഭക്ഷണമായിരുന്നു അത്. കൈയ്യില്‍ പാത്രവുമായി വരുന്നത് കണ്ട ആഇശ(റ)വിന്ന് ദേഷ്യം പിടിച്ച് വേലക്കാരിയുടെ കൈ തട്ടി. പാത്രം താഴെ വീണ് ഭക്ഷണം പുറത്ത്പോവുകയും പാത്രം പൊട്ടുകയും ചെയ്തു. ആഇശ(റ) കരഞ്ഞ്കൊണ്ട് അകത്തേക്കോടി. ഇത് കണ്ട് പേടിച്ചുനില്‍ക്കുകയായിരുന്ന വേലക്കാരിയെയും അതിഥികളെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രവാചകര്‍(സ്വ) പറഞ്ഞു, നിങ്ങളുടെ ഉമ്മാക്ക് എന്തോ ദേഷ്യം പിടിച്ചതാണ്. അതും പറഞ്ഞ് പ്രവാചകര്‍ ആ പാത്രത്തിന്റെ കഷ്ണങ്ങള്‍ പെറുക്കിയെടുത്തു.
നോക്കൂ, എത്ര സുന്ദരമായാണ് പ്രവാചകര്‍(സ്വ) ഈ രംഗം കൈകാര്യം ചെയ്തത്. ഇത്തരം രംഗങ്ങള്‍ കുടുംബങ്ങളിലുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അവയെ അനായാസവും ലളിതവുമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നിടത്താണ് കുടുംബബന്ധത്തിന്റെ വിജയം. നിങ്ങളുടെ ഉമ്മ എന്ന പ്രയോഗം തന്നെ വളരെ മഹത്തരവും പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗവുമാണ്. ഒരു സ്ത്രീയുടെ മനസ്സിനെ കുളുര്‍പ്പിക്കാന്‍ അതോളം പോന്ന മറ്റൊരു പദമില്ലെന്നതാണ് സത്യം. വിശിഷ്യാ, മക്കളില്ലാത്ത ആഇശ(റ)യുടെ മനസ്സിനെ ആ പദപ്രയോഗം വല്ലാതെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.
ഇത്തരം കൊച്ചുകൊച്ചുകാര്യങ്ങളിലൂടെയാണ് കുടുംബബന്ധം ഭദ്രമായി മുന്നോട്ട് പോകുന്നത്. ഭാര്യാഭര്‍ത്താക്കളില്‍ ഒരാള്‍ ദേഷ്യം പിടിക്കുമ്പോള്‍ അത് തണുപ്പിക്കാനായിരിക്കണം രണ്ടാമന്‍ ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം, അത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന പിണക്കത്തിലും ചിലപ്പോഴെങ്കിലും വിവാഹബന്ധം വേര്‍പിരിയുന്നതിലും ചെന്നെത്തുകയും ചെയ്യുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും ഇത് ഓര്‍മ്മിക്കേണ്ടതുണ്ട്.
കുടുംബബന്ധങ്ങളില്‍ പലതും പിരിയുന്നതും പല മക്കളും വീട് വിട്ടുപോകുന്നതുമെല്ലാം, നിമിഷനേരത്തെ ദേഷ്യത്തില്‍നിന്ന് ഉടലെടുക്കുന്ന പ്രശ്നങ്ങളില്‍നിന്നാണ്. ദ്വന്ദ്വയുദ്ധത്തില്‍ ശത്രുവിനെ മലര്‍ത്തിയടിക്കുന്നവനല്ല ശക്തന്‍, മറിച്ച് ദേഷ്യം വരുമ്പോള്‍ അത് നിയന്ത്രിക്കാനാവുന്നവനാണ് എന്ന പ്രവാചകവചനം നമ്മോട് പറയുന്നതും ഇത് തന്നെയാണ്.



Leave A Comment