ഈമാനുള്ളവർക്ക് പേടി വേണ്ട
ഒരു സ്വൂഫി പറഞ്ഞ കഥ:
സഹ്‍ൽ ബ്നു അബ്ദില്ലാഹ് (റ) എന്നവരെ ഞാൻ സന്ദർശിച്ചു. അതൊരു വെള്ളിയാഴ്ച ജുമുഅക്കു മുമ്പായിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ അതിനകത്തൊരു പാമ്പ്. ഭയം മൂലം മുന്നോട്ട് നീങ്ങണോ വേണ്ടയോ എന്ന് സംശയിച്ചു നിന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “കടന്നു വരൂ. ഭൂമുഖത്ത് ഏതെങ്കിലും ഒരു സൃഷ്ടിയെ പേടിക്കുന്ന കാലത്തോളം ഒരുത്തനും ഈമാനിന്‍റെ ഹഖീഖത് നേടാനാകുകയില്ല.”
പിന്നെ അദ്ദേഹം ചോദിച്ചു: “അല്ല നിനക്ക് ജുമുഅക്കു പോകണ്ടേ?”
ഞാൻ: “പള്ളിയും നമ്മളും തമ്മിൽ ഒരു രാവും പകലും സഞ്ചരിക്കാനുള്ള ദൂരമുണ്ടല്ലോ.”
അദ്ദേഹം എന്‍റെ കൈ പിടിച്ച് കുറച്ച് മുന്നോട്ടു നീങ്ങി. അപ്പോഴതാ ഒരു പള്ളി. ഞങ്ങളവിടെ ജുമുഅ നിസ്കരിച്ചു പുറത്തിറങ്ങിയപ്പോൾ ആളുകൾ നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് പുറത്ത് വരുന്നത് അദ്ദേഹം നിരീക്ഷിച്ചു കൊണ്ട് നിന്നു. അദ്ദേഹം പറഞ്ഞു: “ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്‍റെ ആളുകൾ ധാരാളമുണ്ട്. പക്ഷേ, ഇഖ്‍ലാസ്വുള്ളവർ കുറവാണ്.”