ഫെയ്സ്ബുക്കിന്റെ ബിജെപി അനുകൂല നിലപാട്: ഫേസ്ബുക്ക് മാനേജ്‌മെന്റിന് തുറന്ന കത്തുമായി മുസ്‌ലിം ജീവനക്കാർ
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടി എടുക്കാത്ത ഫേസ്ബുക്ക് ഇന്ത്യയുടെ നിലപാട് സംബന്ധിച്ച്‌ ഫേസ്ബുക്ക് മാനേജ്‌മെന്റിന് തുറന്ന കത്തുമായി മുസ്‌ലിം ജീവനക്കാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിദ്വേഷ പ്രചാരണം തടയുന്നതിന് ആവിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ കലാപത്തിന് വരെ ഇടയാക്കുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി തെലുങ്കാന എംഎൽഎക്കെതിരെ നടപ്പിലാക്കേണ്ടെന്ന ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ അംഖി ദാസിന്റെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്.

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തെ പൂര്‍ണമായി തള്ളിപറയാനും ഈ പ്രചാരണത്തോടുള്ള സമീപനത്തില്‍ കൂടുതല്‍ സുതാര്യത പുലര്‍ത്താനും ഫേസ്ബുക്ക് തയ്യാറാവണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്കിന്റെ ഇപ്പോള്‍ പുറത്തുവന്ന തീരുമാനങ്ങള്‍ സങ്കടകരമാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ തനിച്ചല്ല. കമ്പനിയുടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സമാനഭിപ്രായമാണുള്ളത്. ഇപ്പോള്‍ ഉന്നയിച്ച ഈ പ്രശ്‌നത്തില്‍ ഫേസ്ബുക്ക് നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നറിയാന്‍ മുസ്‌ലിം സമുദായം കാത്തിരിക്കുന്നുണ്ട് കത്തില്‍ പറയുന്നു.

32 കോടി യൂസേഴ്സുമായി ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഇത്തരമൊരു നിലപാട് കൈക്കൊണ്ടത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഫേസ്ബുക്കിന്റെ നിക്ഷ്പക്ഷതയെ കുറിച്ച് ചോദ്യമുയർത്തിയിരുന്നു. വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നായിരുന്നു ആരോപണങ്ങള്‍ക്ക് മറുപടിയായി ഫേസ്ബുക്ക് നേതൃത്വം പറഞ്ഞത്. ബി.ജെ.പിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്ന ആരോപണവും ഫേസ്ബുക്ക് ഇന്ത്യ തലവന്‍ അജിത് മോഹന്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് കമ്ബനിയിലെ ജീവനക്കാര്‍ തന്നെ സ്ഥാപനത്തിന്റെ സമീപനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter