ലോക സാമൂഹ്യ നീതി ദിനത്തില്‍ നമുക്ക് അബൂദര്‍റില്‍ ഗിഫാരിയെ ഓര്‍ക്കാം
പ്രവാചകരുടെ സദസ്സില്‍ ഒരിക്കല്‍ ഒരു പരാതിയെത്തി. തന്റെ അടുത്ത അനുയായിയായ അബൂദര്‍റില്‍ ഗിഫാരിയുടെ അടിമയാണ് പരാതിക്കാരന്‍, പ്രതി യജമാനനായ അബൂദര്‍റും. തന്നോട് എന്തോ ചില കാര്യത്തിന് ദേഷ്യം പിടിച്ച അബൂദര്‍റ് കറുത്തവളുടെ മകനേ എന്ന് തന്നെ അഭിസംബോധന ചെയ്തു എന്നതായിരുന്നു പരാതി.
ഇത് കേട്ട പ്രവാചകരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നുതുടുത്തു. അബൂദര്‍റിനെ വരുത്തി കാര്യമന്വേഷിച്ചു. അദ്ദേഹം കുറ്റം സമ്മതിച്ചുകൊണ്ട് പറഞ്ഞു, പ്രവാചകരേ, ഞാന്‍ അങ്ങനെ വിളിച്ചു എന്നത് ശരി തന്നെ. ഒരു സാധാരണ രീതിയിലുള്ള ശകാര പ്രയോഗമായേ ഞാനതിനെ കണ്ടുള്ളൂ നബിയേ.
പ്രവാചകരുടെ മറുപടി ഇങ്ങനെയായിരുന്നു, അബൂദര്‍, താങ്കളില്‍ ജാഹിലിയ്യത് (അന്ധകാരയുഗം) ഇപ്പോഴും ബാക്കിയുണ്ട്.
പ്രവാചകരുടെ ആദ്യകാല അനുയായികളിലൊരാളായ അബൂദര്‍റിന് അത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. സകല ജാഹിലിയ്യതുകളോടും പട പൊരുതി, ആയുസ്സിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ചവരാണ് അവര്‍. അതെല്ലാം ഓര്‍ത്തുകൊണ്ട് അദ്ദേഹം ചോദിച്ചു, പ്രവാചകരേ, എത്ര വര്‍ഷങ്ങളായി ഞാന്‍ ഇസ്‍ലാം സ്വീകരിച്ചിട്ട്. ഇനിയും എന്റെയുള്ളില്‍ ആ പഴയ ജാഹിലിയ്യത് ശേഷിക്കുന്നുവെന്നാണോ താങ്കള്‍ പറയുന്നത്.
പ്രവാചകര്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു, അതെ അബൂദര്‍, അടിമകള്‍ എന്ന് പറയുന്നത് നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരെ നിങ്ങളുടെ കൈകളിലേല്‍പിച്ചു എന്ന് മാത്രം. നിങ്ങളെന്ത് ഭക്ഷിക്കുന്നുവോ അത് തന്നെ വേണം അവര്‍ക്കും നല്‍കേണ്ടത്. നിങ്ങളെന്ത് ഉടുക്കുന്നുവോ അത് തന്നെ വേണം അവരെ ധരിപ്പിക്കേണ്ടത്. അവര്‍ക്ക് സ്വന്തമായി സാധിക്കാത്ത ജോലികളൊന്നും അവരെ ചെയ്യിപ്പിക്കരുത്. അത്തരം സാഹചര്യങ്ങളില്‍ കൂടെ നിന്ന് അവരെ സഹായിക്കുകയും വേണം.
ഇത് കേട്ട അബൂദറിന് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. പശ്ചാത്താപം നിറഞ്ഞ മനസ്സുമായി കുനിഞ്ഞ ശിരസ്സുമായി അദ്ദേഹം തിരിച്ചുനടന്നു. സംഭവിച്ചുപോയ തെറ്റിന് സാധ്യമായ എല്ലാ പ്രായശ്ചിത്തവും ചെയ്യാന്‍ അദ്ദേഹം ഉറച്ചു. ആ നിമിഷം മുതല്‍ അബൂദര്‍ സാമൂഹ്യസമത്വത്തിന്റെ ഏറ്റവും വലിയ വക്താവായി മാറി. എല്ലാ അസമത്വങ്ങളെയും അദ്ദേഹം എതിര്‍ത്തു പോന്നു. അന്നേ ദിവസത്തേക്ക് ആവശ്യമായതിലപ്പുറം സമ്പത്ത് സൂക്ഷിക്കുന്നത് പോലും അദ്ദേഹത്തിന് സഹിക്കാനായില്ല. സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയതോടൊപ്പം കാണുന്നവരോടെല്ലാം അത് ഉപദേശിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ കടന്നുപോയി. മൂന്നാം ഖലീഫ ഉസ്‍മാന്‍(റ) നാട് ഭരിക്കുന്ന കാലം. അബൂദര്‍റിന്റെ സമത്വോപദേശങ്ങളില്‍ പലരും പൊറുതി മുട്ടി ഖലീഫയോട് പരാതി പറഞ്ഞു. അവസാനം അദ്ദേഹം, മറ്റുള്ളവര്‍ക്ക് താനൊരു പ്രയാസവരുതെന്ന് കരുതി, മദീനയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള റബ്ദ എന്ന ഒറ്റപ്പെട്ട പ്രദേശത്ത് തനിച്ച് താമസം തുടങ്ങി. അബൂദര്‍റിനെ ഏറെ സ്നേഹിച്ചിരുന്ന ആ അടിമ അപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
ഒരു ദിവസം അത് വഴി കടന്നു പോയ മഅ്റൂറുബ്നുസുവൈദ് എന്ന പ്രമുഖ താബിഈ പണ്ഡിതന്‍ അദ്ദേഹത്തെ കാണാനിടയായി, കൂടെ അടിമയുമുണ്ടായിരുന്നു. ഒരു കൂട്ട് വസ്ത്രത്തിലെ തുണി ഒരാളും മേല്‍വസ്ത്രം മറ്റൊരാളും ധരിച്ച രീതിയിലായിരുന്നു അവര്‍. ഇത് കണ്ട അദ്ദേഹം അബൂദര്‍റിനോട് ചോദിച്ചു, ഈ തുണിയും മുണ്ടും ഒരേ കൂട്ട് ആണല്ലോ. ഇത് രണ്ടും നിങ്ങള്‍ തന്നെ ധരിച്ചാല്‍ കാണാന്‍ കൂടുതല്‍ ഭംഗിയായിരിക്കില്ലേ. സേവകന്ന് മറ്റൊരു വസ്ത്രം നല്‍കിയാല്‍ പോരേ.
ഇത് കേട്ട അബൂദര്‍റിന്റെ കണ്ണുകള്‍ സജലങ്ങളായി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പ്രവാചക സദസ്സിലെ ആ പഴയ പരാതിയിലേക്ക് തിരിച്ചു പോയി. മഅ്റൂറിനോട് അത് വിശദമായി പറഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു, പ്രവാചകരുടെ ആ വാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍ അലയടിക്കുന്നു. അതിന് ശേഷം ഞാന്‍ ഭക്ഷിക്കുന്നതല്ലാതെ ഇവനെ ഞാന്‍ ഭക്ഷിപ്പിച്ചിട്ടില്ല, ഞാന്‍ ഉടുക്കുന്നതല്ലാതെ ഇവനെ ഉടുപ്പിക്കാറുമില്ല.
ഈ ലോകസാമൂഹ്യ നീതി ദിനത്തില്‍ നമുക്ക് ആ അബൂദര്‍റിനെ ഓര്‍ക്കാം. അബൂദറിനെ വാര്‍ത്തെടുത്ത, ലോകത്തെ ഏറ്റവും വലിയ സാമൂഹ്യനീതി നടപ്പിലാക്കിയ പ്രവാചകരെയും. നെഞ്ചത്ത് കൈവെച്ച് നമുക്ക് സ്വന്തത്തോട് ചോദിക്കാം, എന്റെയുള്ളില്‍ ജാഹിലിയ്യത് ബാക്കിയുണ്ടോ. ആദ്യം അത് പൂര്‍ണ്ണമായും ഇല്ലാതാക്കാം, ശേഷം അതിനെതിരെയുള്ള പോരാട്ടം തുടങ്ങാം
Leave A Comment