ഇത് സംഘ്പരിവാര്‍ ആശയങ്ങള്‍ വിലപ്പോവാത്ത കാലം
ചരിത്രപരമായ ഒരു വിധിക്ക് ശേഷം മറ്റൊരു ചരിത്ര വിധി കേള്‍ക്കും മുമ്പ് ഇന്ത്യാ മഹാരാജ്യത്തെ ചരിത്രവഴികള്‍ നാം അറിയേണ്ടതുണ്ട്. ആര്‍.എസ്.എസിന്‍റെ ഭീകരമായ അജണ്ടകളാണ് ഇവക്കെല്ലാം പിന്നിലെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. അത് കൊണ്ട് തന്നെയാണ്, ഇന്ത്യയെ സ്നേഹിക്കുന്ന പൊതുജനം ഇളകി മറിയുന്നതും. രാജ്യം കണ്ട ഏറ്റവും വലിയ സമരങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയായിട്ടും ഒരടി പിന്നോട്ടില്ലെന്ന് പറയുന്ന കേന്ദ്രസര്‍ക്കാറിന് പിന്നിലെ ഗൂഢനയങ്ങളെന്താണ്?എന്താണവരുടെ ലക്ഷ്യം? അതിനു പിന്നിലെ ചരിത്രപരമായ വസ്തുതകളെന്താണ്? നമുക്കല്‍പം ആ പഴയ ചരിത്രം അന്വേഷിക്കാം. ചരിത്ര നാള്‍ വഴികളിലൂടെ ഇന്ത്യന്‍ ജനതയുടെ പൗരത്വത്തെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് തുടക്കം കുറിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ തള്ളിക്കളഞ്ഞു കൊണ്ട് ജനങ്ങള്‍ രാജ്യമെമ്പാടും ഇന്ന് സമരത്തിലാണ്. ഏതാനും ചില ദിവസങ്ങളില്‍ കെട്ടടങ്ങുന്ന സമരങ്ങളായി നമുക്കിതിനെ കാണാനാവില്ല. ഇത് വിഭജനത്തിനെതിരെയുള്ള ശബ്ദമാണ്! ഇത് വേര്‍തിരിവിനെതിരെയുള്ള പോരാട്ടമാണ്, ഹിന്ദുത്വ വര്‍ഗീയ ഫാഷിസ്റ്റുകളുടെ മുന്നേറ്റത്തെ ചെറുക്കുന്നതിന് വേണ്ടിയുള്ള സമരമാണ്, വിഭജിച്ചു ഭരിച്ച ബ്രിട്ടീഷുകാരന്‍റെ മുന്നില്‍ പതറാതെ പോരാടി വിജയം കൈവരിച്ച ധീരചരിതങ്ങള്‍ അയവിറക്കുന്നവര്‍ക്കിത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. എന്നാല്‍ ഈ ഗൂഢനയങ്ങളുടെ തുടക്കവും അതിന്‍റെ കടന്നുവരവും നാം അറിയേണ്ടതുണ്ട്. 1885 ൽ ഇന്ത്യയില്‍ നാഷണല്‍ കോണ്‍ഗ്രസിന് രൂപം നല്‍കുന്നതിന്‍റെ മൂന്ന് വര്‍ഷം മുമ്പേ 1882ല്‍ ഗോരക്ഷിനി സഭ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്‍റെ ലക്ഷ്യം മിണ്ടാപ്രാണികളെ സംരക്ഷിക്കുക എന്നതിലപ്പുറം മനുഷ്യര്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുക എന്നതായിരുന്നു. ഇന്ത്യയില്‍ വിഭജനം 1947ന് മുമ്പേ സംഭവിച്ചിട്ടുണ്ട്.ആര്യനും ദ്രാവിഡനും തമ്മിലുള്ള മേല്‍ക്കാഴ്മകള്‍ക്കും മനുസ്മൃതിയിലെ ജാതി മേല്‍ക്കാഴ്മകള്‍ക്കും ഇന്ത്യന്‍ ചരിത്രം എന്നേ സാക്ഷിയായിട്ടുണ്ട്. ആ പഴങ്കഥകളിൽ ഒന്ന് പോലും ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. വിഭജനവും വേര്‍തിരിവും എന്നും ശത്രുവിന്‍റെ ആയുധമാണ്. ഈ രൂപീകൃതമായ സംഘടനയുടെ മുഖപത്രങ്ങളില്‍ ഇങ്ങനെ കുറിച്ചു വെച്ചിട്ടുണ്ട്."മാംസഭുക്കുകള്‍,വിദേശികള്‍ എന്ന് മുതല്‍ ഇന്ത്യയില്‍ പ്രവേശിച്ചോ അന്ന് മുതല്‍ ആര്യന്മാരുടെ തകര്‍ച്ച തുടങ്ങിയിരിക്കുന്നു". ആയിരത്തി എണ്ണൂറുകളില്‍ ഇന്ത്യ സ്വാതന്ത്രം എന്ന പരമലക്ഷ്യം മാത്രം സ്വപ്നം കാണുമ്പോള്‍ വര്‍ഗ്ഗീയ വിദ്വേഷികളായ ഇവര്‍ അപ്പോഴും വര്‍ഗ്ഗീയതയേയും ജാതിമേല്‍ക്കാഴ്മകളെയുമാണ് ലക്ഷീകരിച്ചിരുന്നത്. എന്നാല്‍ ഉള്‍വലികളില്‍ ഒതുങ്ങിപ്പോയ ഈ പ്രസ്ഥാനം അധികം വേരുപിടിച്ചില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് 1884ല്‍ രാമസഭ രൂപപ്പെട്ടു.അജണ്ടകള്‍ക്ക് വ്യത്യാസമില്ലാതെ വര്‍ഗ്ഗീയതയുടെ വിഷം കുത്തിവെക്കുക എന്ന് തന്നെയായിരുന്നു അതിന്‍റെയും ലക്ഷ്യം. പരാജയങ്ങളുടെ പിന്നാലെ ക്രമേണ 1887ല്‍ ഭാരതധര്‍മ്മ മണ്ഡല്‍ ജാതിധര്‍മ്മത്തിന് വേണ്ടിയും 1907 ല്‍ ഹിന്ദു സഭയും 1917 നു ഹിന്ദു മഹാസഭയും പിറവികൊണ്ടു. വിത്യസ്തമായ നാമങ്ങളാണെങ്കിലും ഉള്ളിലെ വിഷം ഒന്നുതന്നെയായിരുന്നു. ആര്‍ എസ് എസ് രൂപീകരണം ഈ കീഴ്സംഘടനകളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും തിവ്രവത്കരിക്കുകയും ചെയ്തിട്ടാണ് 1925 ല്‍ ആര്‍ എസ് എസ് അഥവാ രാഷ്ടീയ സ്വയം സേവക് സംഘ് രൂപവത്കരിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനങ്ങള്‍ക്കു തുടക്കം കുറിച്ച പ്രസ്ഥാനം. ഇന്ന് രാജ്യം മുഴുവന്‍ തെരുവിലിറങ്ങുമ്പോള്‍, വാതോരാതെ ശബ്ദമുയര്‍ത്തുമ്പോള്‍ അതിന് കാരണം ആര്‍ എസ് എസ് എന്ന പ്രസ്ഥാനത്തിന്‍റെ നീചമായ ചെയ്തികള്‍ കൊണ്ട് മാത്രമാണ്. ഇത് മുന്‍ സംഘടനകളുടെ സൈനിക സംഘടനയാണ്. സൈനിക സംഘടനകളില്‍ സംവാദത്തിനിടയില്ല. അവിടെ കല്‍പനയും അനുസരണയും മാത്രമാണ് ചെവികൊള്ളുക. ജര്‍മ്മനിയിലെ ഹിറ്റലറുടെ നാസി പാര്‍ട്ടിക്കു സമാനം. ഇറ്റലിയിലെ മുസ്സോളിനിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കു സമാനം. അടിച്ചമര്‍ത്തുന്ന സ്വോച്ഛാധിപത്യം ജനങ്ങളുടെ മേല്‍ സ്ഥാപിക്കാനുള്ള ഗുഢശ്രമങ്ങളാണ് ഇതിന് പിന്നില്‍. സാമ്രാജ്യത്വ മേധാവിത്വം ലോകത്ത് ശക്തി പ്രാപിച്ചു കൊണ്ടിരുക്കുമ്പോള്‍ അതേ നയം ഇവിടെയും കൊണ്ടുവരണമെന്നുള്ള ഗൂഢതന്ത്രമാണ് ഇവരുടേത്. ഫാസിസത്തിനോടും സയണിസത്തോടും അവര്‍ കൂടുതല്‍ ബന്ധം പുലര്‍ത്തി. ബാലകൃഷ്ണ മോജോ മുസോളിനിയുമായുള്ള ചര്‍ച്ചക്ക് ശേഷം ഇങ്ങനെ പറയുകയുണ്ടായി. "മുസോളിനി ഭരണം ഇന്ത്യയില്‍ കൊണ്ടുവരണം, കൊല കളിയായി തീരണം, യുദ്ധം മോചനമായി മാറണം". കേന്ദ്ര ഭരണത്തിന് കീഴില്‍ ഇന്ന് ഇന്ത്യ നേരിടുന്നതും ഈ അഴിഞ്ഞാട്ടം തന്നെയാണ്. കൂട്ടക്കൊലകള്‍ക്കും കൂട്ടക്കുരുതികള്‍ക്കും ഇന്ത്യ സാക്ഷിയായിട്ട് വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം. സൈനിക സംഘടന മുന്‍ധാരയിലേക്ക് ആരുടേതാണ് ഇന്ത്യ എന്ന ചോദ്യത്തില്‍ രാഷ്ട്രീയവും മതവും കലര്‍ന്നപ്പോഴാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. പൗരത്വത്തിന്‍റെ അടിസ്ഥാനം മതമായിരിക്കണമെന്നും ഹിന്ദുഇന്ത്യയെന്നും മുസ്‌ലിം പാക്കിസ്ഥാനെന്നും രണ്ടായി കാണാനാണ് ചിലര്‍ ഇഷ്ടപ്പെട്ടത്. സവര്‍ക്കര്‍ അതിനോടു യോജിച്ചു. എന്നാല്‍ ഭൂരിപക്ഷമായ ഹിന്ദു ജനതയുടേത് മാത്രമാണ് ഇന്ത്യ എന്നതിനെ ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭ അസന്ദിഗദമായി തള്ളി: "ഇന്ത്യന്‍ പൗരനാണെന്ന് സ്വയം പറയുന്ന ഏതൊരാളെയും ഇന്ത്യന്‍ പൗരനായി സ്വീകരിക്കും" എന്ന് ജവഹര്‍ലാല്‍ നെഹ്റു പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി ബില്‍ കൊണ്ട് വരിക വഴി ബി.ജെ.പി സര്‍ക്കാര്‍ പഴയ മുറിവുകള്‍ ബോധപൂര്‍വ്വം വീണ്ടും കൊണ്ടു വരികയാണ്. ഓരോ ചുവടുകള്‍ക്കു പിന്നിലും വലിയ ചതിക്കുഴികളുണ്ടെന്നത് ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ വസ്തുതാപരമാണ്. അതിന് ചുക്കാന്‍ പിടിക്കുന്ന ആര്‍.എസ്.എസ് എന്ന സൈനിക സംഘടനയുടെ കടന്നു വരവ് തികച്ചും വിദ്വേഷ നയങ്ങളിലൂടെയായിരുന്നു. 1981ല്‍ വന്ന ഭാരതീയ ജനതാ പാര്‍ട്ടിക്ക് ശേഷം 1991 വരെ സംഘി രാഷ്ട്രീയത്തെ പിന്നില്‍നിന്ന് നിയന്ത്രിച്ചെങ്കില്‍, 1992ല്‍ ബാബരി തകര്‍ക്കപ്പെട്ട ശേഷം അത് പതുക്കെ തനിരൂപം കാണിക്കാന്‍ തുടങ്ങി. 2002ല്‍ രാജ്യം കണ്ട ഏറ്റവും വലിയ കലാപം ഗുജറാത്തില്‍ അരങ്ങേറിയപ്പോള്‍ അതിനു പിന്നിലെ ശക്തികളായ ആര്‍.എസ്.എസ്, സംഘിരാഷ്ട്രീയത്തിന്‍റെ മുന്‍ധാരയിലേക്കെത്തി. സൈനിക തന്ത്രങ്ങളുടെ ഒരു വന്‍ ഗൂഢാലോചനകളുടെ പ്രത്യുത്തരമാണ് ഈ മേല്‍ക്കായ്മക്ക് പിന്നില്‍. 2014 ബി.ജെ.പി നേതൃത്വത്തെ തഴഞ്ഞ് കൊണ്ട് ആര്‍.എസ്.എസുകാരനായ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചു. അതോടെ സംഘിരാഷ്ട്രീയം കൂടുതല്‍ കളത്തിലേക്കിറങ്ങി. കൂട്ടക്കൊലകളും കൊലപാതകവും നിത്യവാര്‍ത്തകളായി മാറി. രാഷ്ട്രീയം ഒരുതരം അസഹിഷ്ണുതയുടെ മറുപുറമായി. സാമ്രാജ്യത്വത്തിനെതിരായ സമരത്തെ ഭിന്നിപ്പിച്ച് ശിഥിലമാക്കുക, അതിലൂടെ സ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കുക എന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ നയം തന്നെയാണ് ബി.ജെ.പിയും ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 2019 ആയപ്പോഴേക്കും സര്‍വ്വ നിയന്ത്രണവും ആര്‍.എസ്.എസിന്‍റെ കൈകളിലായി. അതിന്‍റെ പ്രത്യാഘാതങ്ങളായിട്ടാണ് നാമിന്ന് നേരിടുന്ന സര്‍വ്വ പ്രശ്നങ്ങളും ഇന്ത്യയില്‍ അരങ്ങേറുന്നത്. ബ്രിട്ടീഷ്കാരോട് മാപ്പ് പറഞ്ഞ വിടി സവര്‍ക്കറുടെ പിന്‍ഗാമികളാണ് സംഘ്പരിവാര്‍. അവരുടെ അഴിഞ്ഞാട്ടത്തിനാണ് മതേതര ഇന്ത്യ സാക്ഷിയാവുന്നത്. അത് കൊണ്ട് തന്നെയാവണം മോഹന്‍ഭഗവത് 'ഇത് സംഘ്പരിവാര്‍ ആശയങ്ങളുടെ വിജയ കാലം'എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം എഴുതിയത്. ചരിത്രത്തിന്‍റെ താളുകളില്‍ എല്ലാത്തിനും തെളിവുകളുണ്ട്. സ്വതന്ത്ര ഇന്ത്യക്ക് മുമ്പും ശേഷവുമുള്ള ഓരോ കാര്യവും അതില്‍ കൊത്തിവെച്ചിട്ടുണ്ട്. ചരിത്രത്തിന്‍റെ പുനരാവര്‍ത്തനത്തെയും പിന്നാമ്പുറങ്ങളെയും കുറിച്ച് ഇന്ത്യന്‍ ജനത ബോധോദയമുള്ളവരാകണം. പൗരത്വം നിഷേധിക്കാനും നിഷേധിക്കപ്പെടാനും സ്ഥാനമാനങ്ങള്‍ അടിസ്ഥാനമാവുന്നില്ല. ആര് സാമ്രജ്യത്വത്തെ എതിര്‍ക്കുന്നുവോ ആര് സംഘ്പരിവാര്‍ ആശയങ്ങളെ മുറിവേല്‍പ്പിക്കുന്നുവോ അവരാണ് പൗരത്വ നിഷേധത്തിനര്‍ഹരാവുന്നവര്‍. എന്നാല്‍ നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിച്ച ഭരണഘടന ഉറപ്പു നല്‍കുന്ന മതനിരപേക്ഷതയുടെ പിന്നിലാണ് നാം എന്ന ഉറച്ച പ്രഖ്യാപനമാണ് നാം നടത്തുന്നത്. പൗരത്വം നിഷേധിക്കപ്പെട്ടവര്‍ ഇവരുടെ ഈ ശ്രമങ്ങള്‍ ആരംഭിച്ചത് ഇന്നും ഇന്നലെയുമല്ല. അതിന്‍റെ വേരുകള്‍ എന്നോ ഇന്ത്യന്‍ ചരിത്രത്തില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. 1964ല്‍ അവര്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പൗരത്വം നിഷേധിച്ചു. അവര്‍ സദസ്സിനോട് ചോദിച്ചു: 'ഇന്ത്യയുടെ ഇന്ത്യക്കാരനായ പ്രധാനമന്ത്രി ആര്'? എന്നിട്ട് അവര്‍ തന്നെ അതിനു മറുപടി പറഞ്ഞു: 'ലാല്‍ ബഹദൂര്‍ ശാസ്ത്രി'. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി രാപകല്‍ ഉറക്കമൊഴിച്ച് സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നം മാത്രം കയ്യിലേന്തി ഇന്ത്യന്‍ തെരുവുകളിലൂടെ സ്നേഹത്തിന്‍റെ പ്രതീകമായ റോസാപ്പൂ ഇതളുകള്‍ കീശയില്‍ വെച്ച് ഇന്ത്യക്ക് സ്നേഹാതുരമായ സ്വാതന്ത്ര്യം സമ്മാനിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പൗരത്വം അവര്‍ നിഷേധിച്ചുവെങ്കില്‍ അവര്‍ക്കുള്ളില്‍ കത്തിയാളുന്ന വിഷത്തിന്റെ മൂര്‍ച്ച എത്രയുണ്ടാവും. ഇന്ത്യന്‍ പികാസോ എന്നറിയപ്പെട്ട എം എഫ് ഹുസൈന് പൗരത്വം നിഷേധിക്കപ്പെട്ടു. ചെറിയ കുത്തിവരകളില്‍ വലിയ വിസ്മയങ്ങള്‍ തീര്‍ത്ത അദ്ധേഹം ഈ ലോകത്ത് നിന്ന് യാത്ര പറയുമ്പോള്‍ അദ്ധേഹം ഒരു ഇന്ത്യന്‍ പൗരനായിരുന്നില്ല. 1920കളില്‍ വരച്ച ചിത്രം വിവാദമാകുന്നത് തൊണ്ണൂറുകളിലാണ്. ഖത്തര്‍ എന്ന രാഷ്ട്രം അദ്ധേഹത്തിന് പൗരത്വം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ അദ്ധേഹം വെറും ഒരു ശരീരം മാത്രമാവുമായിരുന്നു. വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ വെച്ചു പുലര്‍ത്തുന്ന സംഘിരാഷ്ട്രീയത്തിന്‍റെ കരങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍. ഇപ്പോള്‍ മതേതര ഇന്ത്യക്കെതിരായാണ് അവരുടെ നീക്കം. പ്രത്യേക മതത്തെ ലക്ഷ്യമാക്കിയുള്ള മുത്വലാഖും ജമ്മുകാശ്മീരിന് നേരിടേണ്ടി വന്ന വിവേചനത്തിനും ഈ ഇന്ത്യ സാക്ഷിയാവുകയുണ്ടായി. ഇതിന്‍റെയെല്ലാം തുടര്‍ച്ചയാണ് പൗരത്വ പ്രശ്നം എന്ന് തിരിച്ചറിയുമ്പോഴാണ് ദൂരവ്യാപകമായ ഒരജണ്ടയുടെ ഭാഗമാണ്, തുടര്‍ച്ചയാണ് ഇത് എന്ന് വ്യക്തമാവുക. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റ് പാസാക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനക്ക് നഷ്ടപ്പെടുന്നത് അതിന്‍റെ പൈതൃകത്തെയാണ്. ഇന്ത്യ റിപ്പബ്ലിക് ആയതിന് ശേഷം അതിന്‍റെ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും. ഇത് സംഘ്പരിവാര്‍ ആശയങ്ങള്‍ വിലപ്പോവാത്ത കാലം മുമ്പ് മോഹന്‍ഭഗവത് 'ഇത് സംഘ്പരിവാര്‍ ആശയങ്ങളുടെ വിജയ കാലം' എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനമെഴുതിയിരുന്നു, എന്നാല്‍ എന്‍റെ ശീര്‍ഷകം 'ഇത് സംഘ്പരിവാര്‍ ആശയങ്ങള്‍ വിലപ്പോവാത്ത കാലം' എന്നാണ്. സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും ഇന്ത്യ സാക്ഷിയായിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അരയില്‍ മുണ്ടുമുറുക്കി ഗോദയില്‍ ഇറങ്ങിയിരിക്കുന്നു. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഈ ആര്‍ജവത്തിന്‍റെ കരുത്തുള്ള കാലത്തോളം ഇന്ത്യയില്‍ സംഘ്പരിവാറിന്‍റെ ആശയങ്ങള്‍ വിലപ്പോവില്ല. തല്ലിച്ചതച്ച പോലീസ്കാരന് നേരെ വിരല്‍ ചൂണ്ടിയ ലദീദയും കൂട്ടുകാരിയും ഇന്ത്യക്ക് നല്‍കുന്നത് ചോരാത്ത ധൈര്യമാണ്. കനയ്യകുമാറും കണ്ണന്‍ഗോപിനാഥനും ചന്ദ്രശേഖര്‍ ആസാദുമെല്ലാം വലിയ പ്രതീക്ഷകളാണ്. പോലീസ് മേധാവിത്വത്തില്‍ അഴിഞ്ഞാടുമ്പോഴും അതിശക്തമായി പ്രതിഷേധിക്കുന്ന യുവ തലമുറ സമ്മാനിക്കുന്നത് അവസാനിക്കാത്ത പോരാട്ട വീര്യത്തെയാണ്. 'പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി അച്ചടക്കത്തോടെ വീണ്ടും വരിനില്‍ക്കാന്‍ പോകുകയാണോ നമ്മള്‍, അങ്ങനെയെങ്കില്‍ ഇന്ത്യ എന്ന രാജ്യം ഇല്ലാതാകും' എന്ന് പ്രസ്താവിച്ച പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് ശബ്ദിക്കുന്നത് ഒരു ഇന്ത്യന്‍ പൗരയെന്ന ബോധത്തിലാണ്. വിദ്യാര്‍ത്ഥികള്‍ വിപ്ലവം നടത്തുകയല്ല ചെയ്യുന്നത്, അവര്‍ തന്നെയാണ് വിപ്ലവം. ഈ വിപ്ലവം വിജയിക്കുക തന്നെ ചെയ്യും. അങ്ങനെ മതേതരത്വത്തിലോ ബഹുസ്വരതയിലോ വിശ്വസിക്കാത്ത ഒരു ഭരണകൂടത്തെ തിരുത്താന്‍ പ്രക്ഷോഭങ്ങള്‍ക്കാവുമോ എന്ന ചോദ്യം ഏതൊരു ഇന്ത്യന്‍ പൗരനെയും ആശങ്കപ്പെടുത്തുന്നുണ്ടാകാം. അതിനുത്തരമാണ് ചരിത്രം...ചരിത്രം പിന്നിട്ട വഴികള്‍... വിദ്യാര്‍ത്ഥീ പ്രക്ഷോഭങ്ങള്‍ ഇന്നേവരെ പരാജയപ്പെട്ടിട്ടില്ല, കാരണം അതൊരു രാജ്യത്തിന്‍റെ വികാരമാണ്. ഭരണകൂട നെറികേടുകള്‍ക്ക് നേരെ അവര്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. അവരോട് കൂടെ നില്‍ക്കുകയും ആവശ്യമായ പിന്തുണ നല്‍കുകയുമാണ് ഇപ്പോള്‍ നാം ചെയ്യേണ്ടത്. അതിനാല്‍ നിസ്സംശയം നമുക്ക് പറയാം, ഇത് സംഘ്പരിവാര്‍ ആശയങ്ങള്‍ വിലപ്പോവാത്ത കാലമാണെന്ന്. ഈ വിദ്യാര്‍ത്ഥി വിപ്ലവങ്ങള്‍ എത്ര അടിച്ചമര്‍ത്തപ്പെട്ടാലും മാരകമായ ഗില്ലറ്റിനുകളാല്‍ അവരെത്ര ക്രൂശിക്കപ്പെട്ടാലും ഒരു നാളത് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ച് വരും, അന്ന് ദുരധികാരികളുടെയും ഫാഷിസ്റ്റ് നയങ്ങളുടെയും അടിവേര് പിഴുതെറിയും, അന്ന് ഇന്ത്യ സ്വതന്ത്രമാകും, ജയ്ഹിന്ദ്..!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter