ശുദ്ധിയുടെ വിശാല തലങ്ങള്‍
പരിശുദ്ധ ഇസ്‌ലാം ഒരു സമ്പൂര്‍ണ ശുദ്ധിനിയമം രൂപപ്പെടുത്തുകയും അത് പ്രാവര്‍ത്തികമാക്കാന്‍ മനുഷ്യനെ നിര്‍ബന്ധിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിലല്ലാതെ ഇതര മതങ്ങളിലോ പ്രത്യയശാസ്ത്രങ്ങളിലോ ഇങ്ങനെ ഒരു നിയമവ്യവസ്ഥിതി രൂപപ്പെടുത്തിയതായി കാണാന്‍ കഴിയില്ല. ശുദ്ധിയെ വിശ്വാസത്തിന്റെ ഭാഗമായാണ് ഇസ്‌ലാം കാണുന്നത്. വൃത്തിയുടെയും ശുദ്ധിയുടെയും കാര്യത്തില്‍ കണിശത സ്വീകരിക്കാത്തവര്‍ ശരിയായ സത്യവിശ്വാസിയാകുന്നില്ലെന്നാണിത് പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക: ”പശ്ചാതപിക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും സ്‌നേഹിക്കുന്നു. (മാലിന്യങ്ങളില്‍ നിന്ന്) ശുദ്ധി പ്രാപിക്കുന്നവരെയും അവന്‍ സ്‌നേഹിക്കുന്നു” (അല്‍ ബഖറ: 222). ”ഇസ്‌ലാം ശുദ്ധിയുള്ളതാണ്. അതിനാല്‍ നിങ്ങളും ശുദ്ധിയുള്ളവരായിരിക്കണം. കാരണം, ശുദ്ധിയുള്ളവര്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂ” (ദൈലമി) എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ”സത്യവിശ്വാസികള്‍ എപ്പോഴും ശുദ്ധരായിരിക്കും. അവര്‍ മലിനപ്പെടുകയില്ല” (ബുഖാരി). സത്യവിശ്വാസികള്‍ സ്വന്തം ശരീരത്തോടും മാതാപിതാക്കളോടും സന്താനങ്ങളോടും ഗുരുനാഥന്‍ മാരോടും അയല്‍വാസികളോടും സമൂഹത്തോടും രാജ്യത്തോടും സര്‍വ്വോപരി ജഗന്നിയന്ഥാവായ അല്ലാഹുവിനോടും കടപ്പാടുകളുണ്ടെന്നും ശരീരവും വസ്ത്രവും വീടും പരിസരവുമൊക്കെ ശുദ്ധിയായി സൂക്ഷിക്കണമെന്നുമൊക്കെയാണ് ഉപരിസൂചിത തിരുവചനങ്ങള്‍ ഉത്‌ബോധിപ്പിക്കുന്നത്. ശുദ്ധിയുള്ള വരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന വാക്യത്തിലൂടെ അല്ലാഹു ശുദ്ധിയെ മുസല്‍മാന്റെ ഉത്തരവാദിത്വവും സംസ്‌കാരവുമാക്കി. അവന്റെ ദേഹത്തോടും വസ്ത്രത്തോടും പരിസരത്തോടും ശുദ്ധിയെ ഇസ്‌ലാം ഇണക്കിച്ചേര്‍ത്തു. അങ്ങനെയാണ് ഇസ്‌ലാം രോഗാണുവിമുക്ത ശാസ്ത്രമാക്കി മാറ്റിയത്. മലിനീകരണ മുക്തമാക്കുവാനും അണുവിമുക്ത സമൂഹത്തെ സൃഷ്ടിക്കാനുമാണ് ഉസ്‌ലാം പരിശ്രമിക്കുന്നത്. അതുകൊണ്ടാണ് താന്‍ മുഅ്മി നാണെന്നു പറയണമെങ്കില്‍ ശുദ്ധീകരണം കൂടി അവനില്‍ ഉണ്ടായിരിക്കണമെന്ന് പറയുന്നത്. ശ്വസിക്കുന്ന വായുവും ആഹരിക്കുന്ന ഭക്ഷണ പാനീയങ്ങളും പരിസ്ഥിതിയും ശുദ്ധിയായി സൂക്ഷിച്ചെങ്കില്‍ മാത്രമെ സത്യവിശ്വാസി തന്റെ ബാധ്യത പൂര്‍ത്തീകരിച്ചവനായി എന്നു പറയാന്‍ കഴിയൂ. മ്ലേഛങ്ങളിലാണ് രോഗഹേതുക്കള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളത്. അവ ശരീരത്തിലോ ആഹാര ത്തിലോ ചേര്‍ന്നാല്‍ അണുക്കള്‍ പ്രവേശിച്ചെന്നു വരാം. ഇങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണ് സമ്പൂര്‍ണ ശുദ്ധി വേണമെന്ന് ഇസ്‌ലാം പറയുന്നത്. ഇസ്‌ലാം മനുഷ്യനെ ശുചീകരണത്തിന് പ്രേരിപ്പി ച്ചതിലെ യുക്തി ശത്രുക്കളെ പ്രതിരോധിക്ക ലായിരിക്കാം. ശത്രുക്കളെ കാണാനുള്ള കണ്ണുകളോ, അവരുടെ ശബ്ദം കേള്‍ക്കാനുള്ള ചെവികളോ, സ്പര്‍ശിച്ചറിയാനുള്ള കരങ്ങളോ നമുക്കില്ല. നാം ന്യൂനതയുള്ളവരാണ്. നമ്മുടെ ഇന്ദ്രിയങ്ങള്‍ ഈ വക കാര്യങ്ങള്‍ അറിയാന്‍ അപര്യാപ്തമാണ്. അല്ലാഹു പറയുന്നു: ”മനുഷ്യന്‍ ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടി രിക്കുന്നു” (വി. ഖുര്‍ആന്‍). സൂക്ഷ്മാണുക്കളാണ് നമ്മുടെ ശത്രുക്കള്‍. ഇവരെ അറിയാനുതകുന്ന ശരാശരി മാര്‍ഗമൊന്നും മനുഷ്യനില്ല. കണ്ണിന് ഇലക്‌ട്രോണിക് മൈക്രോ സ്‌കോപ്പ് ഘടിപ്പിച്ചാല്‍ മാത്രമെ ഇവയെ കാണാന്‍ കഴിയൂ. ദാര്‍ശനികരും, ധൈഷണികരും, ശാസ്ത്ര ജ്ഞരും, നാസ്തികരും ഒരുപോലെ സമ്മതിക്കുന്ന സത്യമാണിത്. ശുദ്ധിക്ക് ഇസ്‌ലാം നല്‍കിയതുപോലെയുള്ള പദവി മറ്റു മതങ്ങളോ പ്രത്യയശാസ്ത്രങ്ങളോ നല്‍കിയിട്ടില്ലെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഉദാഹരണ ത്തിനായി നിത്യജീവിതത്തില്‍ മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ടുന്ന ശുചിത്വ ക്രിയകള്‍ക്ക് ഇസ്‌ലാം നല്‍കിയ സ്ഥാനങ്ങളില്‍നിന്ന് ചിലത് വിവരിക്കാം: ഭക്ഷണം കഴിക്കുന്നതിനു മുമ്പും കഴിച്ച ശേഷവും കൈ കഴുകണം. കൈകള്‍ ശുദ്ധമാണെന്ന് ഉറപ്പാണെങ്കിലും കഴുകാതിരി ക്കരുത്. നബി (സ) അരുളുന്നു: ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വുളൂഅ് ചെയ്യല്‍ പതിവാക്കിയാല്‍ അത് ദാരിദ്ര്യം തടയും. ഭക്ഷിച്ച ശേഷം വുളൂഅ് ചെയ്താല്‍ അത് മാംസ ശുദ്ധിയുണ്ടാക്കും. (വുളൂഅ് ചെയ്യുമ്പോള്‍ ശരീര ശുദ്ധിമാത്രമല്ല, മനസ്സു ശുദ്ധിയും ആത്മ ശുദ്ധിയും കൈവരുന്നു. തന്മൂലം രക്തശുദ്ധിയും ആരോഗ്യവും വര്‍ദ്ധിക്കുന്നു.) നബി (സ) വീണ്ടും അരുളുന്നു: ”കൈകളില്‍ മാലിന്യമുള്ളതോടെ രാത്രി വല്ലവനും കഴിച്ചു കൂട്ടിയാല്‍ ഏതെങ്കിലും വിഷമങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അയാള്‍ അതിനു മറ്റാരെയും പഴിക്കേണ്ടതില്ല. തന്നെത്താന്‍ പഴിച്ചു കൊള്ളട്ടെ.” ബറാഇബ്‌നു ആസിബ്(റ) വില്‍ നിന്ന് നിവേദനം. നബി (സ) അരുളി: ”ഉറങ്ങാന്‍പോകുമ്പോള്‍ മലമൂത്ര വിസര്‍ജനം ചെയ്യുക. (ഉള്ളിലുള്ള മാലിന്യങ്ങള്‍ തീരെ തടഞ്ഞുവെക്കാതെ മുഴുവന്‍ പുറത്തു കളയുക) ശേഷം നിസ്‌കാരത്തിനു വുളൂഅ് ചെയ്യുന്നതുപോലെ വുളൂഅ് ചെയ്യുക.” പ്ലാറ്റോ പറയുന്നു: ”ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് മലമൂത്ര വിസര്‍ജനം പതിവാക്കിയാല്‍ ആരോഗ്യം പുഷ്ടിപ്പെടും. ശാരീരിക സൗന്ദര്യം മെച്ചപ്പെടും.” (തിബ്ബുന്നബവി ഇമാം മുഹമ്മദ്ബ്‌നു അഹ്മദ് ദഹബി) കേവലം രണ്ടു അക്ഷരത്തിലൊതുങ്ങുന്ന ഒരു വസ്തുവാണ് ശുദ്ധിയെങ്കിലും എല്ലാവരും അതില്‍ താല്‍പര്യം കാണിക്കുകയും വൃത്തികേടിനെതിരില്‍ പ്രതികരിക്കുകയും ചെയ്യും. നമ്മെ ആരെങ്കിലും ‘വൃത്തി കെട്ടവന്‍’ എന്ന് സംബോധന ചെയ്താല്‍ നാം നോക്കി നില്‍ക്കുമോ? അവനുനേരെ പൊട്ടിത്തെറിക്കില്ലേ? തീവ്ര രോഷം പ്രകടിപ്പിക്കില്ലേ? ശുദ്ധിയും വൃത്തിയുമൊക്കെ അമൂല്യ വസ്തുക്കളാണെന്ന് മനസ്സിലാക്കാന്‍ ഇതു തന്നെ പോരെ. വായു -ജല -പരിസര മലിനീകരണങ്ങളുടെ ബീഭത്സ മുഖങ്ങള്‍ ഉന്മൂലനംചെയ്യാന്‍ പരിശുദ്ധ ഇസ്‌ലാം നടപ്പിലാക്കിയ ഉദാത്തവും മാതൃകാ യോഗ്യവുമായ ശുചീകരണ മുറകള്‍ പ്രാവര്‍ത്തികമാക്കുകയേ നിര്‍വാഹമുള്ളൂ. മലിനീകരണത്തിന്റെ സര്‍വ കവാടങ്ങളും ഇസ്‌ലാം കൊട്ടിയടച്ചിട്ടുണ്ട്. വായു-ജല-പരിസര മലിനീകര ണങ്ങളെ തുടര്‍ന്നുവരുന്ന നിസ്സാര കാര്യങ്ങള്‍ പോലും വര്‍ജിക്കണമെന്ന് ഇസ്‌ലാം ആജ്ഞാപി ക്കുന്നു. ഉദാഹരണത്തിനായി ജനസമ്പര്‍ക്കമുള്ള സ്ഥലങ്ങളിലും വൃക്ഷങ്ങളുടെ ചുവട്ടിലും മലമൂത്ര വിസര്‍ജ്ജനം ചെയ്യരുതെന്ന നിര്‍ദേശം എടുക്കാം. ചെറുതും വലുതുമായ മലിനീകരണ പ്രവണതക ളെ ചെറുക്കാന്‍ വേണ്ടിയാണ് ഇസ്‌ലാം ഇങ്ങനെ ആഹ്വാനം ചെയ്തതിന്റെ പിന്നിലുള്ള പൊരുളെന്ന് തുറന്ന മനസ്സോടെ വിഷയങ്ങള്‍ വിലയിരുത്തുന്ന വര്‍ക്കെല്ലാം കഴിയും. മലിനങ്ങളില്‍നിന്ന് മനുഷ്യന്‍ അകന്നു നില്‍ ക്കാന്‍ വേണ്ടി മലിനങ്ങളുടെ ഇനം വിവരിക്കുകയും അവയുടെ ഗൗരവം പരിഗണിക്കുകയും ചെയ്തു കൊണ്ട് വിശദമായ ഒരു പട്ടിക പോലും പരിശുദ്ധ ഇസ്‌ലാം നമ്മുടെ മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രത്തിന് ഇന്നേവരെ ഇത്തരമൊരു പട്ടിക ലോകത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. (അബ്ദുസ്സമദ് ഫൈസി, കരുവാരക്കുണ്ട്‌, സുന്നി അഫ്കാര്‍ വാരിക, 2006, ജനുവരി, 25, സുന്നിമഹല്‍, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter