നമ്മുടെ പള്ളികള്‍ നമുക്ക് നടത്താനാവുന്നില്ലെങ്കില്‍?
അഞ്ചു വഖ്തിലെയും നിസ്കാരം കഴിഞ്ഞാല്‍ പിന്നെ ബാക്കിസയമം വെറുതെ കിടക്കുന്ന വെറും ബില്‍ഡിംഗുകളായി മാറിയിരിക്കുന്നു നമ്മുടെ പല ജുമുഅ മസ്ജിദുകള്‍ പോലും. സ്രാമ്പികളുടെ കാര്യം പിന്നെ പറയുകയും വേണ്ട. പഴയ കാലത്തേത് പോലെ സജീവമായ ദര്‍സുകള്‍ ചുരുക്കം ചില മഹല്ലുകളിലെ കാണൂ. നാട്ടിലെ ഒരൊറ്റ വീട് പോലും ഇരുനിലയല്ലാതിരുന്ന അക്കാലത്തും പള്ളികള്‍ നമ്മള്‍ ഇരുനില തന്നെ കെട്ടിയത് പുറം നാട്ടിലേതടക്കമുള്ള മുതഅല്ലിമുകളുടെ സുഖമമായ ദര്‍സ് നടത്തിപ്പിനായിരുന്നു. നാട്ടിലെ കുട്ടികള്‍ക്കായെങ്കിലും നമുക്ക് ചില സബഖുകള്‍ നടത്തിക്കൂടെന്നായോ?
ആരെ ലഭിക്കുമതിന് എന്നതാവും വായനക്കാരുടെ ചോദ്യം. തീര്‍ത്തും പ്രസക്തവുമാണത്. പുതിയ കാലത്തെ നമ്മുടെ തലമുറയെ ആകര്‍ഷിക്കുന്ന തലത്തിലേക്ക് പള്ളികളിലെ ഇമാമുമാര്‍ അടിയന്തിരമായി സ്വന്തത്തെ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. ‘കല്യാണ’ത്തിലും ‘വീട് കുടിയിരി’പ്പിലും ‘മരണ’ത്തിലും മാത്രം ഒതുങ്ങുന്നതാകരുത് പള്ളിയിലെ ഉസ്താദിന്‍റെ നാട്ടിലെ ഇടപെടലുകളെന്നര്‍ഥം. നിലവില്‍ ഇപ്പോള്‍ അത് അങ്ങനെ മാത്രമാണല്ലോ.
പള്ളി ഇന്ന് വെറുമൊരു ബില്‍ഡിംഗ് ആയി മാറിയതുപോലെ. പട്ടാള ബാരക്കുകള്‍ പോലെ ചില നിയമങ്ങളിലും റൂളുകളിലുമായി നടന്നുപോകുന്ന ഒരു പ്രൊഫഷണല്‍ സ്ഥാപനം. ജമാഅത്തായി നിസ്കരിക്കാന്‍ വരുന്നവര്‍ക്ക് മാത്രം ഫാനിട്ട് നിസ്കരിക്കാവുന്ന ഒരിടം. അതല്ലാത്തവര്‍ ഫാനില്ലാതെ തന്നെ കടുത്ത ചൂടിലും നിസ്കരിച്ചു കൊള്ളണമെന്നാണ് ചിലേടത്തെങ്കിലും നിയമം. ദുഹ്റിന് മുമ്പ് പരിസരത്തെ മൂത്രപ്പുരയെങ്കിലും തുറക്കുന്ന എത്ര പള്ളികളുണ്ട് നമ്മുടെ ടൌണുകളില്‍ എന്ന് കണക്കെടുത്തു നോക്കുക. തിരക്കുള്ള വല്ല റെയില്‍വെ സ്റ്റേഷനുകളുടെയോ ബസ്സ്റ്റാന്‍റുകളുടെയോ പരിസരത്തുള്ള ടൌണുകളില്‍ പ്രത്യേകിച്ചും. പള്ളിമതിലിനോട് ചാരിയിരുന്ന് കാര്യം സാധിച്ച് കല്ലെടുത്ത് മനോഹരിച്ച് എണീറ്റുപോകേണ്ടി വരുന്ന ഒരു വിശ്വാസിയെ സങ്കല്‍പിച്ചു നോക്കുക. അത് നിങ്ങളാണെന്നും.
ഒന്നിനെയും അടിച്ചാക്ഷേപിക്കാനില്ലിത്. ശരിയാണ്, പ്രസ്തുത മസ്ജിദുകള്‍ക്ക് അവയുടെതായ പരിമിതി കാണണം. അതു കൊണ്ടായിരിക്കണം ഇത്തരം ചില അലിഖിത നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് അവ നിര്‍ബന്ധിതമാകുന്നത്. അത് സമ്മതിക്കുന്നു. പക്ഷെ നമ്മുടെ പ്രൊഫഷണലിസത്തിന്‍റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇത്തരം പള്ളിപ്പരിസരങ്ങളില്‍ നമുക്ക് കാണാനാകുന്നത് എന്ന് കൂടെ നാം സമ്മതിക്കേണ്ടിയിരിക്കുന്നു.
ഗ്രാമീണമായ ഒരു നാട്ടുമ്പുറത്തെ വയലില്‍ സ്ഥിതി ചെയ്യുന്ന ജുമുഅത്ത് പള്ളി. മാര്‍ബിള്‍ വിരിച്ച് സുന്ദരമാക്കിയ നിലം. അതിന് മേലെ സുജൂദ് ചെയ്യാന്‍ സോഫയോളം കട്ടിയുള്ള മുസല്ല. മസ്ജിദിലേക്കുള്ള റോഡു പോലും പകുതിവരെ ടാറിട്ടിരിക്കുന്നു. ജുമുഅക്ക് പോകുമ്പോള്‍ പള്ളിയിലേതിനേക്കാളും പടച്ചോനെ ഓര്‍മ വരുന്നത് വഴിയിലെ ടാറിടാന്‍ ബാക്കിയുള്ള മണ്ണും പൊടിയും നിറഞ്ഞ ഭാഗത്തെത്തുമ്പോഴാണെന്ന് സൌഹൃദ ചര്‍ച്ചക്കിടെ ഒരുത്തന്‍ അഭിപ്രായപ്പെട്ടത് കൂട്ടത്തില്‍ ഓര്‍മിപ്പിക്കട്ടെ, വെറുതെ.
പള്ളികളും പട്ടാളബാരക്കുകളും; രണ്ടും ബില്‍ഡിംഗുകള്‍ തന്നെയാണ്. പക്ഷേ അവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ആകുന്നതും ആകാത്തതുമാണ് വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അന്തരമെന്ന് തരത്തില്‍ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്, ‘ഇസ്‌ലാം രാജമാര്‍ഗ’ത്തില്‍ അലീജാ ബെഗോവിച്ച്.



Leave A Comment