നല്ല നാളേക്കു നല്ല കരുതലുകള്‍ വേണം
സ്‌നേഹിതന്റെ, കണ്ടു പൂതി തീരാത്ത പുതിയ മൊബൈല്‍ ഫോണ്‍ യാത്രയില്‍ കളഞ്ഞുപോയി. ഉള്ളിലെ ആധിയും സങ്കടവും വിവരണാതീതം. ഇക്കാക്ക ഗള്‍ഫില്‍ നിന്നും അയച്ച മുന്തിയ ഇനം ഫോണായിരുന്നു അത്. പിന്നെ നമ്പറിലേക്ക് ഒത്തിരി തവണ ട്രൈ ചെയ്തു. അപ്പോഴൊക്കെ സ്വിച്ച് ഓഫും. മനസ്സിലെ ടെന്‍ഷന്‍ ഒരു വശത്തു വീട്ടിലറിഞ്ഞാലുള്ള പുകില് മറുവശത്തും. ഒരുപാട് നേരത്തെ പരിശ്രമത്തിനു ശേഷം മൊബൈല്‍ റിങ് ചെയ്തു. മറുതലക്കല്‍നിന്ന് ഒരു അപരിചിത ശബ്ദം. ഒത്തിരി നേരത്തെ കഷ്ടപ്പാടിനു ശേഷം പുള്ളിക്കാരന്‍ മൊബൈല്‍ ഫോണ്‍ തിരിച്ച് തരാമെന്നേറ്റു. പക്ഷേ, ആയിരം രൂപ പ്രത്യുപകാരമായി വേണം..! എങ്ങനെയുണ്ട് നമ്മുടെ സഹോദരന്‍മാരുടെ പെരുമാറ്റ രീതികള്‍. ഒരു നന്മ ചെയ്യാന്‍ അവസരം തേടി നടന്ന ഒരു 'ഖൗം' നമുക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്നു. അവര്‍ക്ക് നന്മ ചെയ്യുന്നതിലൂടെ കിട്ടുന്ന മനഃസംതൃപ്തി തന്നെ ധാരാളമായിരുന്നു. ചെയ്യുന്ന നന്മകള്‍ക്ക് അവര്‍ കണക്കു പറഞ്ഞ് ആരോടും കാഷ് വാങ്ങിയിരുന്നില്ല. മാത്രവുമല്ല, ചെയ്ത നന്മകള്‍ പെരുമ്പറ മുട്ടി നാലാളെ അറിയിക്കാനും അവര്‍ മുതിര്‍ന്നിരുന്നില്ല. മറിച്ച് എല്ലാമവര്‍ ആരും തുണയില്ലാത്ത ദിവസത്തേക്ക് നീക്കിവച്ചു. എല്ലാം കൊണ്ടും ജീവിതം ദുസ്സഹമായ സാഹചര്യമാണ് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവിടെയുള്ളത്. എല്ലാ തെമ്മാടിത്തരങ്ങളിലും മുമ്പിലുള്ളത് നമ്മുടെ ചോരകള്‍ തന്നെയാണ്. ഇവിടെ മനസ്സില്‍ നന്മ വറ്റാത്ത കുറച്ചു പേര്‍ അല്‍പകാലം മുമ്പ് വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരുടെ മനസ്സിലും ''എല്ലാവരും ഇവിടെ എരപ്പന്‍മാരാണ്, പിന്നെന്തിനാ, ഞാന്‍ മാത്രം ഒരു പുണ്യാളനാകുന്നത്  എന്നാണ്.'' ഖൈറ് ഉമ്മയുടെ മുഖത്തു നോക്കാന്‍ തന്നെ നല്ല ചേലായിരുന്നു. പുഞ്ചിരിക്കുന്ന, ഈമാന്റെ തെളിച്ചമുള്ള മുഖങ്ങള്‍. ഉള്ളും പുറവും എള്ളോളം പോലും കള്ളമില്ലായിരുന്നു. മനസ്സറിഞ്ഞ് മുസ്‌ലിം സഹോദരന്റെ മുഖത്തു നോക്കി കൈ കൊടുത്ത് സലാം പറയുന്ന എത്ര പേരുണ്ട് നമ്മില്‍...? ഉള്ളില്‍നിന്ന്  ഒരു പുഞ്ചിരി വരണമെങ്കില്‍ എന്തെങ്കിലും 'ബെനിഫിറ്റ്' കിട്ടേണ്ട ദുര്‍ഗതിയിലേക്കു വരെ കാര്യങ്ങളെത്തിയിരിക്കുന്നു. മനസ്സുണര്‍ത്തിയ ചിലനല്ല നേരങ്ങള്‍ വീട്ടില്‍ കഞ്ഞികുടി മുട്ടിയാലും സഹായം തേടി വരുന്നവന് തന്നാലാവുന്നത് ചെയ്യാന്‍ മനസ് വെമ്പുന്ന ഒരു വിഭാഗമായിരുന്നു  നമ്മുടെ പ്രപിതാക്കള്‍. തനിക്ക് അരപ്പട്ടിണിയായാലും മുഴുപ്പട്ടിണിയാലും സ്വന്തം സഹോദരന്റെ വിഷമതകള്‍ അവര്‍ക്ക് താങ്ങാനാവില്ലായിരുന്നു. ജാതിയോ മതമോ നോക്കാതെ അവര്‍ സഹായഹസ്തം നീട്ടിയിരുന്നു. നമുക്ക് നമ്മുടെ ചോരയോടുള്ള കടമകളും കടപ്പാടുകളും ശരിക്ക് വിളങ്ങിനിന്നത് നാട്ടിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്ല്യാണവീടുകളിലായിരുന്നു. അവിടെ എല്ലാം നമ്മളായിരുന്നു. കല്ല്യാണ ഒരുക്കത്തിനുള്ള പണവും പണ്ടവും ഒപ്പിക്കാനും പന്തലിടാനും ചോറ് വെക്കാനും വിളമ്പാനും എല്ലാത്തിനും നമ്മളായിരുന്നു. പറഞ്ഞ പണ്ടം തികയാത്ത നേരത്ത് സ്വന്തം മാലയൂരി പുതുക്കപ്പെണ്ണിനെ സഹായിച്ച ഉമ്മൂമ്മമാര്‍ നമുക്കുണ്ടായിരുന്നു. റോഡ് വക്കില്‍ വെയിലത്തും മഴയത്തും പൊളിയാത്ത ബസ് വെയ്റ്റിംഗ് ഷെഡ്ഡുകള്‍ നമ്മുടെ നാട്ടിലെ ആണ്‍കുട്ടികളുടെ വിയര്‍പ്പിന്റെ അടയാളങ്ങളായിരുന്നു. കറി പാകം ചെയ്യുമ്പോള്‍ അടുക്കളയില്‍ പലപ്പോഴും എന്തെങ്കിലും കുറവുണ്ടാകും. ഉപ്പായിട്ടോ മുളകായിട്ടോ, അങ്ങനെ എന്തെങ്കിലും. ആ നേരങ്ങളില്‍ ഒരു ഗ്ലാസുമെടുത്ത് ഉമ്മമാരുടെ ഒരു ഓട്ടമുണ്ട് അടുത്ത വീട്ടിലേക്ക്. രക്തബന്ധം പോലുമില്ലാത്ത അയല്‍പക്കക്കാര്‍ ആ വരവ് പ്രതീക്ഷിച്ചതു പോലെയായിരിക്കും അവരുടെ സമീപനങ്ങള്‍. അടുക്കളയില്‍ വല്ല സ്‌പെഷല്‍ വിഭവവും ഒരുക്കിയാല്‍ അതിലൊരു പങ്ക് അയല്‍വാസിക്ക് നല്‍കാനും നമ്മള്‍ മടിക്കാറില്ലായിരുന്നു. പണത്തിന് അത്യാവശ്യം വന്നാല്‍ കടം തരാന്‍ ഒത്തിരിപേര്‍ നമുക്ക് മുമ്പിലുണ്ടായിരുന്നു. അവര്‍ ഒരിക്കലും അവധി പറയുകയോ  തിരികെ ചോദിച്ച് ബുദ്ധിമുട്ടിക്കുകയോ ചെയ്തിരുന്നില്ല. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങിയവരാണവര്‍. 'ഞാന്‍ കൊടുത്തൂട്ടോ, ഇനി നീ കൊടുക്കേണ്ട' ബസില്‍ കയറിയാല്‍ നമ്മുടെ ടിക്കറ്റ് ചാര്‍ജ് കൊടുക്കാന്‍ ധൃതിയുള്ള എത്ര പേരുണ്ടായിരുന്നു. നാട്ടിലെ ചായമക്കാനിയില്‍നിന്ന് ഒരു ഗ്ലാസ് ചായ കുടിച്ചതിന്റെ കാശ് കൊടുക്കാന്‍ വരെ സന്മസ്സുള്ള നമ്മുടെ വല്ല്യുപ്പമാര്‍ മത്സരിച്ചിരുന്നു. കണ്ടാല്‍ പുഞ്ചിരിയും സലാം പറയലും നമ്മുടെ മായാത്ത ശീലങ്ങളായിരുന്നു. എല്ലാ നല്ല ശീലങ്ങളും നമുക്കിന്ന് ഒറ്റയിരിപ്പില്‍ ഓര്‍ത്ത് തീര്‍ക്കാനാവില്ല. അത്രയ്ക്കുണ്ടായിരുന്നു അവ. ഇപ്പോള്‍ വേണമെങ്കില്‍ നമുക്കിങ്ങനെ പറയാം: എന്റുപ്പൂപ്പാക്കും ഒരുപാട് നന്മകളുണ്ടായിരുന്നു. അപ്പോള്‍ നമ്മള്‍ 'സീറോ' തന്നെ, ദുന്‍യാവിലും ആഖിറത്തിലും. വീണ്ടെടുപ്പിന്റെ വഴിയിലേക്ക് ഒരെത്തിനോട്ടം ''-നീ നിന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് (പ്രതിഫലത്തില്‍) ദാനം ചെയ്യലാണ്''  എന്ന് പുണ്യനബി(സ്വ) പറയുന്നു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ നമുക്ക് നമ്മുടെ സഹോദരനോട് ചെയ്യാന്‍ പറ്റിയ നന്മയാണിത്. മാത്രമല്ല, നമ്മുടെ മുത്തുനബി(സ്വ)യുടെ വദനം സദാ സമയവും പുഞ്ചിരി തൂകിക്കൊണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ഹാരിസു ബിന്‍ ജസ്അ്(റ) പറയുന്നു: ''അല്ലാഹുവിന്റെ പ്രവാചകരെക്കാള്‍ അധികം പുഞ്ചിരിക്കുന്നവരായി ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.'' (തിര്‍മുദി) നന്മയുടെ ചെറിയൊരു അംശം പോലും നീ അപ്രധാനമായി കാണരുത്. അതൊരു പുഞ്ചിരിയാണെങ്കിലും എന്നവിടുന്ന് മറ്റൊരു ഹദീസിലൂടെ നമ്മെ തെര്യപ്പെടുത്തുന്നു. എല്ലാം ഇറുക്കിപ്പിടിച്ചും കെട്ടിപ്പിടിച്ചുമാണ് നാം ജീവിക്കുന്നത്. ആരും നാം കാരണം രക്ഷപ്പെടരുതെന്നാണ് ഉള്ളിലെ വയ്പ്. നാം നിമിത്തം ആര്‍ക്കും സന്തോഷവും ലഭിക്കരുത്. ഇത്തരമൊരു മനസ്ഥിതി മുഅ്മിനിന് തീരേ ഭൂഷണമല്ല. കാരണം, മുത്തുനബി(സ്വ)യുടെ അധ്യാപനം ഇപ്രകാരമാണ്: ഫര്‍ളുകള്‍ക്ക് ശേഷം അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം  മുസ്‌ലിമിനെ സന്തോഷിപ്പിക്കലാണ്.'' (ഹദീസ്) സത്യവിശ്വാസിയുടെ ജീവിതം മറ്റുള്ളവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഉഴിഞ്ഞുവയ്ക്കണം. അതിലൂടെ മനഃസംതൃപ്തി ആര്‍ജിക്കുന്നവനാവണം. ഉമ്മത്ത് മുഹമ്മദിയ വഴിയിലുള്ള ബുദ്ധിമുട്ട് നീക്കുന്നതുപോലും സ്വദഖയാണെന്ന് പഠിപ്പിച്ച ലോക ഗുരുവിന്റെ അനുയായികളാണ്. ജനസേവനമാണ് നമ്മുടെ മുഖ്യ അജണ്ട. കാരുണ്യത്തിന്റെ നോട്ടവും പരിപാലനവും മനുഷ്യേതര ജീവജാലങ്ങളിലേക്കും പകര്‍ന്നുനല്‍കേണ്ടവനാണ് മുസ്‌ലിം. നായക്ക് കുടിനീര്‍ നല്‍കിയതു കാരണം സ്വര്‍ഗത്തില്‍ പ്രവേശിച്ച തെമ്മാടിയായ മനുഷ്യനും പൂച്ചയ്ക്ക് അന്നപാനീയങ്ങള്‍ നല്‍കാതെ അരിശം തീര്‍ത്ത് നരകാവകാശിയായ സ്ത്രീയുടെ ചരിത്രവും നമ്മുടെ അന്തരത്തിലുണ്ടാവണം. അല്ലെങ്കിലും കാലാകാലവും സ്വര്‍ഗതുല്യമായ ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് എന്താ ഉറപ്പ്. നമ്മെ പാപ്പരാക്കി പിച്ചപ്പാത്രം എടുപ്പിക്കാന്‍ പടച്ചവന് ഒരു നിമിഷം മതി എന്ന ബോധം നമ്മുടെ കൂടെപ്പിറപ്പായി ഉണ്ടാവണം. കവിവാക്യം അതിലേക്ക് വിരല്‍ചൂണ്ടുന്നു. രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ മാളികമുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ (പൂന്താനം) ചുരുക്കത്തില്‍, മുഅ്മിന്റെ ജീവിതത്തിലേക്ക് ഒത്തിരി വേണ്ടാത്തശീലങ്ങള്‍ കടന്നുവന്നിട്ടുണ്ട്. ചില നന്മകള്‍ പാടെ എടുത്തുമാറ്റപ്പെട്ടു. ഫലമോ? നാമും അമുസ്‌ലിംകളും ജീവിതം കൊണ്ട് തുല്യരായി. ഇതില്‍നിന്ന് ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. അതിന് മുത്തുനബി(സ്വ)യുടെ ഈ ഹദീസ് പ്രചോദനമായെങ്കില്‍. ''ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അവന്‍ ആക്രമിക്കുകയോ ശത്രുവിന് വിട്ടുകൊടുക്കുകയോ ചെയ്യുകയില്ല. ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യം നിറവേറ്റിയാല്‍ അവന്റെ ആവശ്യം അല്ലാഹു നിറവേറ്റും. തന്റെ സഹോദരന്റെ വിഷമം ഒരാള്‍ നീക്കിയാല്‍ അന്ത്യനാളില്‍ അവന്റെ വിഷമം അല്ലുഹു അകറ്റിക്കൊടുക്കും. ആരെങ്കിലും തന്റെ സഹോദരന്റെ വീഴ്ചകള്‍ മറച്ചുവച്ചാല്‍ അന്ത്യനാളില്‍ അവന്റെ പോരായ്മകള്‍ അല്ലാഹു മറച്ചുവയ്ക്കും.'' (ബുഖാരി, മുസ്‌ലിം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter