മോദിയുടെ ജനത കര്‍ഫ്യൂ തള്ളി ഷാഹീൻ ബാഗ് സമരക്കാർ
ന്യൂഡൽഹി: കോവിഡ് മഹാമാരി ഇന്ത്യയിലും പിടി മുറുക്കിയതോടെ ഞായറാഴ്ച ആരും പുറത്തിറങ്ങാതെ ജനത കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഷഹീന്‍ബാഗിലെ സമരക്കാർ തള്ളി. ചെറിയ മാറ്റങ്ങളോടെ ഞായറാഴ്ചയും സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു.

50ല്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുതെന്ന മുഖ്യമന്ത്രി കെജ്രിവാളിന്റെ ആവശ്യം അംഗീകരിച്ച പ്രക്ഷോഭകർ 20ല്‍ താഴെ പേരാണ് ഒരു സമയം സമര ഭൂമിയില്‍ ഇരിക്കുന്നതെന്ന് അറിയിച്ചു. സമര ഭൂമിയിലെ ഒരോ കൂടാരത്തിലും രണ്ട് പേര്‍ വീതം ഒരു മീറ്റര്‍ അകലം പാലിച്ച് ഇരിക്കും. രോഗം വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സമരക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നേതാക്കളിലൊരാളായ റിസ്‌വാന പറയുന്നു.

എല്ലാവരും ബുര്‍ഖ ധരിക്കുന്നുണ്ട്. കൈകള്‍ ഇടക്കിടെ കഴുകും. ദിവസത്തില്‍ അഞ്ച് നേരം നമസ്‌കരിക്കുന്നവരാണ് ഞങ്ങള്‍. അഞ്ചു നേരവും കൈകാലുകളും മുഖവും കഴുകാറുണ്ടെന്നും റിസ്‌വാന പറഞ്ഞു. 70 വയസിന് മുകളിലുള്ള സ്ത്രീകളും പത്ത് വയസിന് താഴെയുള്ള കുട്ടികളും സമരത്തില്‍ ഇപ്പോഴില്ലെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മറ്റൊരു വനിത റിതു കുഷിക് അറിയിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് സംഘാടകരില്‍ ഒരാളായ തസീര്‍ അഹമ്മദ് പറഞ്ഞു. കൊറോണ വൈറസ് രോഗത്തെ തങ്ങള്‍ക്ക് ഭയമില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമമാണ് തങ്ങള്‍ക്ക് ഭയം- സമരക്കാരെ അഭിസംബോധന ചെയ്ത് നേതാക്കളിലൊരാളായ നൂര്‍ജഹാന്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter