ഡല്‍ഹിയില്‍ നിന്ന് ഫാത്വിമ പറയുന്നു: "ഹിജാബ് പാടില്ലെങ്കില്‍ എനിക്ക് പരീക്ഷയും വേണ്ട"
പെണ്‍കുട്ടികള്‍ ഹാഫ് സ്ലീവ് ടീ ഷര്‍ട്ട് ധരിച്ചു വന്നാലേ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കൂവെന്നു പറയുന്നതിലെ യുക്തിയും അതിന്റെ ഗുണഭോക്താക്കള്‍ ആരെന്നും മനസ്സിലാക്കാന്‍ ഒത്തിരി പ്രയാസപ്പെടണം. മുസ്‌ലിം വേഷവിധാനവും പരീക്ഷയും തമ്മിലെന്ത് എന്ന് ചോദിക്കാന്‍ ദല്‍ഹിയിലെ ഫാത്വിമയെ പ്രേരിപ്പിച്ചതും അതാണ്. സി.ബി.എസ്.സി യുടെ പുതിയ എക്സാം റൂള്‍സ് പുറത്തു വന്നതാണ് കാര്യം. ജൂലായ് 25 ന് നടക്കാനിരിക്കുന്ന ആള്‍ ഇന്ത്യാ പ്രീ മെഡിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്കപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കൊപ്പം നിഷിദ്ധമായവയുടെ കൂട്ടത്തിലുണ്ട് ഫുള്‍ സ്ലീവ് കുര്‍ത്തയും സ്കാര്‍ഫുമൊക്കെ! മുസ്‌ലിം പെണ്‍കുട്ടികളാണ് ലക്ഷ്യമെന്നും അധികാരികളുടെ രോഷം ഹിജാബിനോടാണെന്നും ഏതു പോലീസിനും പിടിനല്‍കുന്ന നിയമാവലി.
സിക്കുകാരന് തലപ്പാവ് അണിയാമെങ്കില്‍ മുസ്‍ലിമിനെന്താ സ്കാര്‍ഫ് ധരിച്ചാലെന്നും നിയമം പിന്‍വലിച്ചില്ലെങ്കില്‍ പരീക്ഷ ബഹിഷ്കരിക്കുമെന്നും പ്രതികരിക്കാന്‍ ചങ്കൂറ്റം കാണിച്ച ഫാത്വിമയും സുഹൃത്തുക്കളും അവര്‍ക്കു ശക്തി പകരാന്‍ തന്റേടം കാണിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ബോധമില്ലായ്മയാണ് ഫാത്വിമക്കെന്നു വീക്ഷിക്കുന്നവര്‍ക്ക് അവള്‍ നല്കുന്ന മറുപടി “അല്ലാഹു നിശ്ചയിച്ചതല്ലേ സംഭവിക്കൂ”വെന്ന ഓര്‍മപ്പെടുത്തലാണ്.
മുസ്‍ലിം പെണ്‍കുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്ന ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് പിന്നില്‍ പ്രധാനമായും രണ്ട് താല്പര്യങ്ങളുണ്ടെന്നു പറയാതെ വയ്യ. ഒന്ന്: ഇന്ത്യയുടെ മതേതര വീക്ഷണങ്ങളുടെ കഴുത്തില്‍ കത്തിവെക്കുക. ഏതു മതവും ആര്‍ക്കും അനുഷ്ടിക്കാമെന്ന ഭരണഘടനാ പിന്‍ബലമുള്ള സ്വാതന്ത്ര്യത്തെ പച്ചക്ക് വ്യഭിചരിക്കുന്ന നിയമ നിര്‍മാതാക്കളുടെ സങ്കുചിത മനോഭാവവും വര്‍ഗീയ വീക്ഷണവും രാഷ്ട്രത്തിന് ദോഷമേ ചെയ്യൂ. രണ്ട്: മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മനോധൈര്യം ചോര്‍ത്തുക. സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത നിലവാരം പുലര്‍ത്തിയ അവരുടെ ചിന്തകള്‍ക്ക് സമ്മര്‍ദ്ദം പകരാനുള്ള തന്ത്രങ്ങളാണിവ. ഭരണപരമായ ഉന്നതങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയാനും ഉള്ളവരില്‍ തന്നെ കൂടുതല്‍ പേരും ഇസ്‍ലാമികതയില്ലാത്തവരായി "സംരക്ഷിക്കപ്പെടാനും" ഒരു പരിധി വരെ ഇതു കാരണമാകുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ ആരാധനാ സ്വാതന്ത്ര്യവും മതബോധവും അവഗണിച്ച് " മതമില്ലാത്ത ജീവനുകള്‍" നിര്‍മിക്കാന്‍ അരയും തലയും മുറുക്കിയ സെക്കുലര്‍ ഫാഷിസത്തിന്റെ അഴിഞ്ഞാട്ടക്കഥ ഇതാദ്യമൊന്നുമല്ല മതേതര ഇന്ത്യ കേള്‍ക്കുന്നത്. വിഷം ചീറ്റുന്ന വര്‍ഗീയ പ്രഭാഷകര്‍ മന്ത്രിമാരായി വിലസുന്ന രാജ്യത്ത് നന്മയുള്ള നാളെയുടെ കരുതിവെപ്പായി പൊരുതാനുറച്ച ഒത്തിരി ബാല്യങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്നത് ശുഭോദര്‍ക്കമാണ്. പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മതപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ആവശ്യകതയിലേക്കും അതു വഴി ഭീതി ജനകമായ അന്തരീക്ഷം അന്യം നില്ക്കുന്ന ഉന്നത കലാലയങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്കും മുസ്‌ലിം നേതൃത്വത്തിന്റെ സജീവ ശ്രദ്ധ ക്ഷണിക്കുന്നുണ്ട് ഇത്തരം സംഭവങ്ങള്‍.
അവലംബം- indiatomorrow.net



Leave A Comment