അനുയോജ്യമായ വിശേഷണത്തിന്റെ തെരച്ചില്‍ ഇന്നും തുടരുകയാണ് ഇന്ത്യന്‍ മുസ്‍ലിംകള്‍
സ്വാതന്ത്ര്യസമരം മുതല്‍ ബാബരി മസ്ജിദിലൂടെ രാംമന്ദിറും പിന്നിട്ട് സിഎഎ, എന്‍.ആര്‍സിയില്‍ എത്തിനില്‍ക്കുമ്പോഴും, ഇന്ത്യയിലെ സ്വസ്ഥജീവിതത്തിന് തങ്ങള്‍ക്ക് ഏറ്റവും സഹായകമാവുക ഏത് വിശേഷണമാണെന്ന അന്വേഷണത്തിലാണ് ഇന്നും ഇന്ത്യന്‍ മുസ്‍ലിംകള്‍. പ്രശസ്ത കവിയായ ഹുസൈന്‍ ഹൈദരി 'ഹിന്ദുസ്ഥാനി മുസല്‍മാന്‍' എന്ന് പറയുമ്പോള്‍, മുന്‍ നയതന്ത്രജ്ഞന്‍ സയിദ് ശഹാബുദ്ധീന്‍ 1980 കളില്‍ ഒരു ജേണല്‍ നടത്തിയത് 'മുസ്‌ലിം ഇന്ത്യ' എന്നപേരിലായിരുന്നു.
ദില്ലി കലാപചര്‍ച്ചകള്‍ക്കിടയിലും അസദുദ്ദീന്‍ ഉവൈസിയടക്കമുള്ള നേതാക്കള്‍ക്കും കലാപത്തിന്റെ ഇരകള്‍ക്ക് വരെയും, ഭരണഘടനയോടും സ്വരാഷ്ട്രത്തോടുമുള്ള സ്നേഹവും കൂറും വീണ്ടും വീണ്ടും ഉറക്കെ പറയേണ്ടിവരികയാണ്. നാല് വര്‍ഷം മുമ്പ് ജാവേദ് അക്തര്‍ രാജ്യസഭയില്‍ വിടവാങ്ങല്‍ പ്രസംഗത്തിനിടെ, ഭാരത് മാതാകീ ജയ് എന്ന് പ്രഖ്യാപിക്കുന്നത് കേവലം തന്റെ അവകാശമല്ല, മറിച്ച് കടമയാണെന്ന് കൂടി പറഞ്ഞതും ഇതേ ശ്രമത്തിന്റെ ഭാഗമാണ്.
നല്ല മുസ്‍ലിം, ചീത്ത മുസ്‍ലിം എന്ന വിഭജനം പോലും ഇതിന്റെ ഭാഗമായി ഉണ്ടായതാണ്. തന്റെ വിശ്വാസകാര്യങ്ങളിലെല്ലാം അഡ്ജസ്റ്റ്മെന്റുകള്‍ക്ക് തയ്യാറായി, ഇതര മതസ്ഥരുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും നിര്‍ബാധം പങ്ക് കൊള്ളുമ്പോള്‍ മാത്രമാണ് ഒരു മുസ്‍ലിം മതേതരത്വത്തിന്റെ വക്താവാവുന്നത്. ഈ ഗതികേട് ഇന്ത്യയിലെ മുസ്‍ലിംകള്‍ക്ക് മാത്രമേ ഉള്ളൂ എന്നതാണ് സത്യം.
ഇന്ത്യന്‍ സിനിമ, സാഹിത്യം, പത്രമാധ്യമങ്ങള്‍ തുടങ്ങി സ്പോര്‍ട്സും ദൈനംദിന നാട്ടുവര്‍ത്തമാനങ്ങള്‍ പോലും ഈ സ്വാധീനവലയത്തില്‍നിന്ന് പുറത്തുകടന്നിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോള്‍, മുസ്‍ലിംകളല്ലാത്ത ആര്‍ക്ക് വേണമെങ്കിലും പാകിസ്ഥാനെ പിന്തുണക്കാം, പക്ഷേ, ഒരു മുസ്‍ലിമിന് അതൊരിക്കലും ആയിക്കൂട എന്നതാണ് ഇന്നത്തെ പൊതുബോധം.
എന്നാല്‍, ഹര്‍ഷ് മന്ദര്‍ ചൂണ്ടിക്കാണിച്ചതു പോലെ, ഇന്ത്യയിലെ മുസ്‌ലിംകള്‍ മാത്രമാണ് സ്വേഷ്ടാനുസരണം ഇന്ത്യയെ മാതൃരാജ്യമായി തെരഞ്ഞെടുത്തവര്‍. ബാക്കിയുള്ളവരെല്ലാം ഗത്യന്തരമില്ലാതെയാണ് ഇന്ത്യക്കാരാവുന്നതെന്ന് വേണമെങ്കില്‍ പറയാം. ഹിന്ദുക്കള്‍ ആക്‌സ്മികമായി മാത്രമാണ് ഇന്ത്യക്കാര്‍. എന്നിട്ടും അവര്‍ക്ക് മാത്രം, ഇന്നും തങ്ങളുടെ ദേശസ്നേഹവും രാജ്യക്കൂറും ഇടക്കിടെ തെളിയിക്കേണ്ടിവരുന്നു എന്നത് എത്രമാത്രം സങ്കടകരമാണ്.
നീ ഇന്ത്യക്കാരനാണോ അതോ മുസ്‍ലിമോ എന്ന് ചോദിക്കുന്നിടത്ത് വരെ അധികം വൈകാതെ കാര്യങ്ങളെത്തുമോ എന്ന് ആശങ്കപ്പെടുകയാണ്. കാരണം, മോദി-അമിത്ഷാ കൂട്ടുകെട്ടും അവരെ നിയന്ത്രിക്കുന്ന തീവ്രഹിന്ദുസംഘടനകളും ഇതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 25 മില്യനിലധികം വരുന്ന മുസ്‍ലിംകളെ കൊന്നൊടുക്കുക എന്നത് ഒരിക്കലും സാധ്യമല്ലെന്ന് അവര്‍ക്കറിയാം. പിന്നെ, ചെയ്യാവുന്നത്, അസ്തിത്വവും അഭിമാനവുമില്ലാത്ത രണ്ടാം കിട പൌരന്മാരാക്കി മാറ്റുക എന്നതാണ്. അതിനായി അവര്‍ ഓരോരോ തന്ത്രങ്ങളുമായി കടന്നുവരുന്നു, എന്‍.ആര്‍.സിയും സി.എ.എയുമെല്ലാം അതിന്റെ ആദ്യപടികളായേ കാണാനാവൂ.
ആയതിനാല്‍, ഹര്‍ഷ് മന്ദിര്‍ പറയുന്ന പോലെ, എനിക്കും ഇന്ത്യന്‍ മുസ്‍ലിംകളോട് പറയാനുള്ളത് ഇത് തന്നെയാണ് ‘ദയവായി നിങ്ങളുടെ രാജ്യസ്നേഹത്തെയും രാഷ്ട്രകൂറിനെയും കുറിച്ച് ചോദിക്കാന്‍ നിങ്ങള്‍ ആരെയും അനുവദിക്കരുത്. സ്വാതന്ത്ര്യത്തിലെ നിങ്ങളുടെ പങ്ക് ഇനിയും നിങ്ങള്‍ തെളിയിക്കേണ്ടതില്ല. മറിച്ച്, ചോദിക്കുന്നവനോട് അവന്റെ ചരിത്രവും ചാരിത്ര്യവും തിരിച്ചു ചോദിക്കുകയാണ് നിങ്ങള്‍ വേണ്ടത്. അല്ലാത്തിടത്തോളം, നിങ്ങള്‍ക്കത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കേണ്ടിവരും, തീര്‍ച്ച.’
ലേഖനത്തിന്റെ ചുരുക്കവിവര്ത്തനം,കടപ്പാട് :ദി പ്രിന്‍റ്
Leave A Comment