പൗരത്വ സമര നായകർക്കെതിരായ നടപടി: പ്രതിഷേധവുമായി അസീം പ്രേംജി യൂണിവേർസിറ്റി വിദ്യാർത്ഥികൾ
ബാംഗ്ലൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർഥി നേതാക്കളെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ബാംഗ്ലൂരിലെ അസിം പ്രേംജി സർവകലാശാലയിലെ വിദ്യാർഥികൾ രംഗത്ത്. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട 150 ലധികം എപിയു വിദ്യാർഥികൾ ഇന്ത്യയിൽ തുടരുന്ന മുസ്‌ലിം വിദ്വേഷം അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. " ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ ഞങ്ങളുടെ വിദ്യാർത്ഥി സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്ത സർക്കാരിന്റെ നടപടി അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ ഞങ്ങൾ 150 വിദ്യാർത്ഥികൾ ശക്തമായി അപലപിക്കുന്നു, ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകളായ ജാമിയ മില്ലിയ ഇസ്‌ലാമിയ്യ, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥി ആക്ടിവിസ്റ്റുകളെ പൗരത്വ ബില്ലിനെതിരെ സമരം ചെയ്തതിന് സർക്കാർ വേട്ടയാടുന്നത് ഏറെ ഞെട്ടലുളവാക്കുന്നതാണ്". വിദ്യാർത്ഥികൾ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർത്ഥികളെ ലക്ഷ്യം വെക്കുന്ന സർക്കാർ നടപടി ഭരണപക്ഷത്തിന്റെ പ്രത്യശാസ്ത്രമായ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥികൾ സംഭവത്തിൽ പോലീസ് അന്വേഷണം സ്വീകാര്യമാണെങ്കിലും അത് നേർദിശയിൽ ഉള്ളതല്ലെന്ന് കുറ്റപ്പെടുത്തി. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക ഡൗണിനിടയിലും വിദ്യാർഥികളെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്ന ക്രൂരമായ സമീപനമാണ് പോലീസിന്റേത്. പൗരത്വ സമരത്തിൽ പങ്കെടുത്തതിന് ഗർഭിണിയുടെ പരിഗണന പോലും ലഭിക്കാതെ അറസ്റ്റ് ചെയ്യപ്പെട്ട സഫൂറ സർഗാർ ഇതിന് ഉദാഹരണമാണെന്നും വിദ്യാർത്ഥികൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter