ഹിന്ദുമഹാസഭ നേതാവ് കമലേഷ് തിവാരിയുടെ  കൊലപാതകം: ഉത്തർപ്രദേശ് സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി തിവാരിയുടെ  അമ്മ
ലക്നൗ: ഉത്തർപ്രദേശ് മുൻ ഹിന്ദു സഭ അധ്യക്ഷൻ കമലേഷ് തിവാരി കൊല്ലപ്പെട്ട കേസിൽ സർക്കാരിനെതിരെ തിവാരിയുടെ അമ്മ രംഗത്ത്. കമലേഷ് തിവാരിയുടെ കൊലപാതകം പരിഹരിച്ചു കഴിഞ്ഞതായി അവകാശപ്പെട്ട ഉത്തർപ്രദേശ് പോലീസിനെതിരെ കടുത്ത വിമർശനവുമായി അവർ രംഗത്തെത്തി. നിരപരാധികളെ അറസ്റ്റ് ചെയ്ത് കൊലപാതകികളായ മാഫിയക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഷമീം പത്താൻ, ഫൈസാൻ പത്താൻ, മുഹ്സിൻ ശൈഖ് എന്നിവരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ആജ് തക് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മാതാവ് കുസും തിവാരി സർക്കാറിനും പൊലീസിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. തന്റെ മകന് മതിയായ സുരക്ഷ നൽകാൻ തയ്യാറാകാതിരുന്ന അതേ സർക്കാർ തന്നെയാണ് നിരപരാധികളെ അറസ്റ്റ് ചെയ്ത് ഞങ്ങളെ വഞ്ചിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മതിയായ സുരക്ഷ നൽകിയിരുന്നുവെങ്കിൽ തന്റെ മകൻ കൊല്ലപ്പെടുമായിരുന്നില്ലെന്നും അഖിലേഷ് യാദവിന്റെ ഭരണകാലത്ത് മകൻ സുരക്ഷിതനായിരുന്നുവെന്നും ഹിന്ദു സർക്കാർ വന്നപ്പോഴാണ് മകൻ കൊല്ലപ്പെട്ട ദുരവസ്ഥ ഉണ്ടായതെന്നും അവർ പറഞ്ഞു. ഖുർഷിദ് ബാഗിൽ വീടിനടുത്തുള്ള ഓഫിസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കമലേഷ് തിവാരി (43) കൊല്ലപ്പെട്ടത്. കമലേഷിന്റെ വസതിയിലെത്തിയ കൊലയാളികൾ അദ്ദേഹത്തെ കുത്തി വീഴ്ത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം തവണ വെടിയേറ്റ കമലേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 2015 ൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന്റേ പേരിൽ വിവാദത്തിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് കമലേഷ് തിവാരി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter