ലിബിയൻ സംഘർഷം: ലിബിയൻ ഗോത്രങ്ങളുടെ സഹായം തേടി ഈജിപ്ത്
ട്രിപ്പോളി: ലിബിയൻ ആഭ്യന്തര യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ തയ്യാറായി നിൽക്കുന്ന ഈജിപ്ത് ലിബിയയിലെ വലിയ ഗോത്രങ്ങളുടെ പിന്തുണ തേടിയതായി റിപ്പോർട്ട്. യുഎൻ അംഗീകൃത സർക്കാറിനെതിരായി കമാൻഡർ ഹഫ്തറിനെയാണ് സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഈജിപ്ത് പിന്തുണക്കുന്നത്. സർക്കാർ സേനക്കെതിരെ വിജയം കൈവരിക്കാൻ ഈ ഗോത്ര സഖ്യങ്ങൾ ഉപകരിക്കുമെന്ന് ഈജിപ്ത് പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് അൽ സീസി പ്രത്യാശ പ്രകടിപ്പിച്ചു.

ഇതിനായി ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ സുപ്രീം ഗോത്ര സമിതിയംഗങ്ങളുടെ യോഗം ഈജിപ്ത് വിളിച്ചുചേർത്തിരുന്നു. ഈജിപ്ഷ്യൻ ഇന്റലിജൻസ് ഏജൻസി സംഘടിപ്പിച്ച യോഗത്തിൽ നിരവധി ഗോത്ര നേതാക്കളാണ് പങ്കെടുത്ത് ഈജിപ്തിന് പിന്തുണ അറിയിച്ചത്. മുൻകാലങ്ങളിൽ ഉസ്മാനീ ഖിലാഫത്തിനെതിരെയും യൂറോപ്യൻ ശക്തികൾക്കെതിരെയും സായുധ പോരാട്ടം നടത്തിയ പാരമ്പര്യം ഉള്ളവരാണ് ഈ ഗോത്രവിഭാഗങ്ങൾ. തുർക്കി പിന്തുണക്കുന്ന യുഎൻ അംഗീകൃത ഗവൺമെന്റ് ഓഫ് നാഷണൽ അക്കോഡിനെയും (ജി.എൻ.എ) ചില ഗോത്രങ്ങൾ പിന്തുണക്കുന്നുണ്ട്. സമീപ കാലത്ത് ഹഫ്തർ സൈന്യത്തിനെതിരെ ജി.എൻ.എ വലിയ വിജയം കൈവരിച്ചിരുന്നു. തുർക്കിയുടെ പിന്തുണയുള്ളതിനാൽ ഈ വിജയങ്ങൾ മേഖലയിൽ തുർക്കിയുടെ മേൽക്കോയ്മയിലേക്ക് നയിക്കുമെന്നാണ് ഈജിപ്ത് ഭയപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter