ആസിയ ബെൽഹാജ്, യൂറോപ്യൻ പർദ്ദ ധാരികളുടെ ഹീറോയിൻ

അൾജീരിയൻ വംശജയായ ഇറ്റലിക്കാരിയാണ്, വംശീയ അധിക്ഷേപങ്ങൾക്കെതിരെ, വിശിഷ്യാ പര്‍ദ്ദയോടുള്ള വിദ്വേഷത്തിനെതിരെ പോരാടുന്ന ആസിയ ബൽഹാജ്. "പർദ ധരിച്ചവളേ, നീ നേതാവുക" എന്ന മുദ്രാവാക്യത്തോടെ യൂറോപ്പിലെ പർദ്ദ ധരിച്ച സ്ത്രീകൾക്കായി ഒരു മത്സരം തന്നെ സംഘടിപ്പിച്ചതോടെ ആസിയ കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഇറ്റലിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഈ ഹിജാഭ് ധാരിണി മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

പതിനാറാം വയസ്സിലായിരുന്നു ആസിയ ഇറ്റലിയിലെത്തുന്നത്. ഒരു കത്തോലിക്ക് ആധിപത്യ രാജ്യത്ത് ഇസ്‍ലാമിക രീതികള്‍ പാലിച്ച് ജീവിക്കുന്നത് അത്ര സുഗമമായിരുന്നില്ല. ഇറ്റലിയിലേക്കുള്ള കൂടുമാറ്റത്തെ തുടര്‍ന്നുണ്ടായ അനുഭവങ്ങള്‍ അനാട്ടോളിയ ഏജൻസിയുമായുള്ള ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കിയത് ഇങ്ങനെയാണ്. 

"എത്തിയ ഉടനെ ഇറ്റാലിയൻ ഭാഷ പഠിക്കാനും ഈ രാജ്യത്തിന്റെ സംസ്കാരം അറിയാനുമാണ് ഞാന്‍ ശ്രമിച്ചത്. പര്‍ദ്ദ ധരിച്ച സ്ത്രീയെ സ്വീകരിക്കാൻ അവര്‍ക്ക് പ്രയാസമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. യൂറോപ്യൻ സമൂഹം വിശാല ചിന്താഗതിയുള്ളവരാണെന്നായിരുന്നു പലരെയും പോലെ എന്റെയും ധാരണ. അത് ശരിയല്ലെന്ന് വൈകാതെ എനിക്ക് മനസ്സിലായി. പര്‍ദ്ദയെ വലിയൊരു പ്രശ്നമായാണ് അവർ കാണുന്നത്. അതിലേറെ എന്നെ അല്‍ഭുതപ്പെടുത്തിയത്, ഇവര്‍ക്ക് പർദ്ദയെ കുറിച്ചോ അത് ധരിക്കുന്നവരെ കുറിച്ചോ ഇസ്‍ലാമിനെ കുറിച്ചോ കൂടുതലൊന്നും അറിയില്ല എന്നതാണ്.

ഈ ധാരണകളെ തിരുത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ഞാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് പോലും അതിന്റെ ഭാഗമായിരുന്നു. പര്‍ദ്ദയും ഹിജാബും ധരിച്ച സ്ത്രീ തെരഞ്ഞടുപ്പിൽ മത്സരിക്കുക എന്നത് അവര്‍ക്കെല്ലാം പുതിയൊരു അനുഭവമായിരുന്നു. പല വട്ടം ആലോചിച്ച ശേഷമാണ് മല്‍സരിക്കാന്‍ തീരുമാനിക്കുന്നത്. പലരും അത് വേണമെന്ന് ഉപദേശിച്ചിരുന്നു, അതോടൊപ്പം, പല കോണുകളിൽ നിന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ എനിക്ക് അതിന് കൂടുതല്‍ ശക്തി പകര്‍ന്നു. 

വെനെറ്റോയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിച്ച, പർദ്ദയും ഹിജാബും ധരിച്ച ആദ്യ സ്ത്രീയായി മാറുന്നത് അങ്ങനെയാണ്. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചക്ക് വഴി വെച്ചു. വംശീയവാദികളിൽ നിന്നും തീവ്രവാദികളിൽ നിന്നും ധാരാളം വിമർശനങ്ങൾക്കും ഭീഷണികൾക്കും വരെ ഇത് കാരണമായി. ഞാൻ ഇറ്റലിയില്‍ നിന്ന് എത്രയും വേഗം പോവണമെന്നും അല്ലാത്ത പക്ഷം കൊന്നു കളയുമെന്ന് വരെ ഭീഷണി വന്നു. 

ആവശ്യങ്ങളാണ് കണ്ടുപിടിത്തത്തിന്റെ മാതാവ് എന്നാണല്ലോ പറയാറ്. എന്റെ ചുവടുവെപ്പുകളെല്ലാം ആവശ്യങ്ങളുടെയും സാഹചര്യത്തിന്റെയും സൃഷ്ടിയായിരുന്നു. ഹിജാബുമായി ബന്ധപ്പെട്ട് 2019ല്‍ "Beyond the veil... From a foreign woman to a citizen എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചതും ഇതിന്റെ ഭാഗായിരുന്നു. മുസ്‍ലിം സ്ത്രീകൾക്ക് തുറന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കുക എന്നതായിരുന്നു പുസ്തകത്തിന്റെ ലക്ഷ്യം. കാരണം, പർദ്ദയുടെ പ്രശ്നം ചർച്ചക്ക് വരുമ്പോൾ  പർദ്ദ ധരിച്ച സ്ത്രീകൾക്ക് അവസരം നൽകാതെ, മറ്റുള്ളവർക്കാണ് സംസാരിക്കാൻ അവസരം നൽകുന്നത്. മുഖം മറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ സംഭവിക്കുന്ന ഏറ്റവും വലിയ പിഴവ് ഇത് തന്നെയാണ്.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ്, "പർദ ധരിച്ചവളേ... നീ നേതാവുക" എന്ന തലക്കെട്ടോടെ ഇറ്റലിയിലെ പർദ്ദ ധരിച്ച സ്ത്രീകൾക്കായി ബെല്‍ഹാജ് ഒരു മത്സരം ആരംഭിച്ചത്. സോഷ്യൽ മീഡിയയിലും ഇറ്റാലിയൻ മാധ്യമങ്ങളിലും ഇത് വലിയ ചലനമുണ്ടാക്കി. യൂറോപ്യൻ സമൂഹത്തിൽ പൊതുവെ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ മുസ്‍ലിം പെൺകുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇറ്റലിയില്‍ താമസിക്കുന്ന, ഈജിപ്ത്, മൊറോക്കോ, അൾജീരിയ, പാകിസ്ഥാൻ വംശജരായ ഒട്ടേറെ സ്ത്രീകള്‍ ഈ മല്‍സരത്തില്‍ പങ്കെടുത്തു. 

ഹിജാബ് മത്സരത്തിന് ഇറ്റാലിയൻ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും വലിയ പ്രചാരം ലഭിച്ചു. വ്യവസായിയായ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ ഉടമസ്ഥതയിലുള്ള "മീഡിയസാറ്റ്" ഗ്രൂപ്പിന്റെ കീഴിലുള്ള ചാനലുകൾ ഇത് പ്രക്ഷേപണം ചെയ്തു. വംശീയവാദികള്‍ അവിടെയും സൈബര്‍ ആക്രമണങ്ങളുമായി രംഗത്തെത്തി. ആസിയയുടെ ഫേസ്ബുക്ക് അകൗണ്ട് മരവിപ്പിക്കപ്പെടുക പോലുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അവർ കോടതിയെ സമീപിച്ചിരിക്കുകയാണ്.

എന്ത് വെല്ലുവിളികളുണ്ടായാലും തന്റെ ദൌത്യവുമായി മുന്നോട്ട് പോവുമെന്ന് തന്നെയാണ് ആസിയാ ബല്‍ഹാജ് പറയുന്നത്. പേടിച്ച് പിന്മാറാനുള്ളതല്ലല്ലോ ജീവിതം. സമൂഹത്തിനും സമുദായത്തിനും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളതാണ് ഇത്. അതിനായി, മരണം വരിക്കേണ്ടി വന്നാല്‍ പോലും അതൊരു നേട്ടമായേ ഞാന്‍ കാണൂ, അവര്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ ആ വാക്കുകളിലെ ധൈര്യവും കണ്ണുകളിലെ അഭിമാനബോധവും സ്ഫുരിക്കുന്നുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter