മരണം... സമയമെത്തിയാല്‍ അത് വരും.. എത്തിയാലേ വരൂ...
മരണം... സമയമെത്തിയാല്‍ അത് വരും.. എത്തിയാലേ വരൂ...
ഒരു സുഹൃത്ത് പങ്കുവെച്ച വീഡിയോ ക്ലിപ്പ് ആണ് ഇന്ന് രാവിലെ ആദ്യമായി കാണാനിടയായത്. ഒരു സൈക്കിള്‍ യാത്രക്കാരന്‍ റോട്ടിലൂടെ പോകുകയാണ്. ജംഗ്ഷനിലെത്തിയ അദ്ദേഹം നേരെ മുന്നോട്ട് പോകുന്നു. സൈഡിലൂടെ വന്ന, പത്തിലേറെ ചക്രങ്ങളുള്ള ഒരു ലോറി വലത്തോട്ടും തിരിയുന്നു. നിമിഷനേരം കൊണ്ട് സൈകിളും യാത്രക്കാരനും ലോറിയുടെ കീഴില്‍. ഇതൊന്നും അറിയാതെ ലോറി ഡ്രൈവര്‍ പൂര്‍ണ്ണമായും വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് പോകുന്നു.
ശേഷം, ആദ്യം കാണുന്നത് കഷ്ണം കഷ്ണമായി കിടക്കുന്ന സൈകിളാണ്, ഒരു സൈകിളായിരുന്നുവെന്ന് തോന്നുക പോലും ചെയ്യാത്ത വിധം അത് തുണ്ടം തുണ്ടമായിരിക്കുന്നു. സൈകിള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ പിന്നെ യാത്രക്കാരന്റെ അവസ്ഥ പറയേണ്ടിവരില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ്, ഒരു പോറല്‍ പോലും ഏല്‍ക്കാതെ അദ്ദേഹം എണീറ്റ് വരുന്നത് കാണുന്നത്. കാണുന്ന പോലും അറിയാതെ പറഞ്ഞുപോകും, യാ അല്ലാഹ്, നീ നിശ്ചയിച്ച സമയമെത്താതെ ഒരാളും മരിക്കുകയില്ലെന്നത് എത്ര സത്യം. മരണത്തെകുറിച്ചുള്ള ഭയം വേണ്ടെന്ന് ദിവസങ്ങളോളം ഉപദേശം നടത്തുന്നതിനേക്കാള്‍ എത്രയോ ഫലപ്രദമാണ് ആ വീഡിയോ ക്ലിപ്പെന്ന് ഇപ്പോഴും മനസ്സ് പറയുന്നു.
ഒന്ന് ആലോചിച്ചാല്‍ തന്നെ, ആയുസ്സ് എന്നത് എത്ര വലിയ നിശ്ചയമാണെന്ന് മനസ്സിലാകും. യുക്തിചിന്തകള്‍ക്ക് യാതൊരു വകുപ്പുമില്ലാത്തതാണ് മരണമെന്ന് പലപ്പോഴും തോന്നാറുണ്ട്. ഏറെ പ്രായമെത്തി, അവശനായി, ഒന്നും ചെയ്യാനാവാതെ എത്രയോ പേര്‍ വര്‍ഷങ്ങളോളം കിടന്നകിടപ്പില്‍ ജീവിക്കുന്നത് നാം കാണുന്നു. എന്നാല്‍ അതേ സമയം, ഒരു തലവേദന പോലുമില്ലാതെ നടക്കുന്നതിനോ ജോലിചെയ്യുന്നതിനോ ഇടയില്‍ മരിച്ച് വീഴുന്ന എത്രയോ ആരോഗ്യദൃഢഗാത്രരായ ആളുകളും.
മരണത്തിന് കാരണം, അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ അല്ലെന്ന് സുവ്യക്തം. ആയിരുന്നുവെങ്കില്‍, മരുന്നുകളും ചികില്‍സകളും കൊണ്ട് മരണത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയേണ്ടിയിരുന്നു. അങ്ങനെ സാധിച്ചിരുന്നെങ്കില്‍, ലോകത്തെ വന്‍കിട മുതലാളിമാരും രാഷ്ട്ര നേതാക്കളും അത് സാധിച്ചെടുത്തേനെ. മരണത്തിന് മുമ്പില്‍ ഏത് ചികില്‍സാരീതിയും ആരോഗ്യ രംഗത്തെ ആധുനികശാസ്ത്രീയ സമ്പ്രദായങ്ങളുമെല്ലാം പരാജയപ്പെടുന്നതാണ് നാം കാണുന്നത്.
ആരും ക്ഷണിക്കാന്‍ കാത്ത് നില്‍ക്കാതെ, സമ്മതം ചോദിക്കുക പോലും ചെയ്യാതെ ഏത് സമയത്തും കടന്നുവരാവുന്ന പ്രതിഭാസമാണ് മരണം. ആ സത്യം മനസ്സിലാക്കി, അതിനനുസൃതമായി ജീവിതം ചിട്ടപ്പെടുത്തി, ഏത് സമയത്തും ആ അതിഥിയെ സ്വീകരിക്കാന്‍ തയ്യാറായി നടക്കുന്നവരാരോ, അവരത്രെ യഥാര്‍ത്ഥ ബുദ്ധിമാന്മാര്‍. അല്ലാത്തവരെയൊക്കെ വിഢികളെന്നേ വിളിക്കാനൊക്കൂ.
ഒരു സ്വൂഫീവര്യന്‍ പറഞ്ഞത് എത്ര സത്യം, അസുഖമാണെന്ന് കരുതി ആരും ആശങ്കപ്പെടേണ്ടതില്ല, സമയമെത്തിയാലേ മരിക്കൂ. യാതൊരു അസുഖവുമില്ലെന്ന് കരുതി സന്തോഷിക്കുകയും വേണ്ട, സമയമെത്തിയാല്‍ മരിക്കുക തന്നെ ചെയ്യും.
ഒരു അറബി കവിതയിലെ വരികള്‍ ഇങ്ങനെ വായിക്കാം.
ചിരിച്ചും ഹസിച്ചും നടക്കുന്നിതെത്രപേര്‍
വിരിച്ചുകഴിഞ്ഞതറിയാതെ തന്‍ കഫന്‍
മരണം വരിച്ചില്ലേ ബാലകരെത്രയോ
ധരിച്ചിരുന്നു, ദീര്‍ഘകാലേ വസിച്ചിടാന്‍
വരനായൊരുക്കിയ തരുണികളെത്ര പേര്‍
ആ രാത്രിയെത്തിടാ, യാത്ര പറഞ്ഞുപോയി
മാരകരോഗികള്‍ കാത്തു കിടക്കവേ
ആരോഗ്യഗാത്രരോ മണ്ണിലമരുന്നൂ
Leave A Comment