വിശ്വാസി സ്വയംപര്യപ്തനാവണം
മിഖ്ദാമുബ്നു മഅ്ദീകരിബ്(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതര്‍(സ) പറഞ്ഞു: ''സന്തം കൈകള്‍ കൊണ്ടുള്ള അധ്വാനത്തില്‍നിന്ന് ഭക്ഷിക്കുന്നതിനെക്കാള്‍ ഏറ്റവും ഉത്തമമായ ഒരു ഭക്ഷണവും ഒരാള്‍ ഭക്ഷിച്ചിട്ടില്ല. അല്ലാഹുവിന്റെ പ്രവാചകനായ ദാവൂദ്(അ) സ്വന്തം കരങ്ങള്‍കൊണ്ട് ജോലി ചെയ്തുകൊണ്ടാണ് ഭക്ഷണം കഴിച്ചിരുന്നത്.'' (ബുഖാരി) ഓരോ വ്യക്തിയും സ്വന്തം തൊഴിലെടുത്ത് ഉപജീവനം കഴിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ മാഹാത്മ്യവും അനാവരണം ചെയ്യുന്നതാണ് ഉദ്ധൃത തിരുവാക്യം. ഒരാളുടെ ജീവിതം അപരന്ന് ഭാരമാകരുത്. ഓരോ വ്യക്തിയും അവനവന്റെ ജീവിതപ്രയാണത്തിന് സ്വയം പര്യാപ്തരായിരിക്കുമ്പോഴാണ് മറ്റുള്ളവര്‍ക്ക് ഭാരമാകാതിരിക്കുന്നത്. സ്വയം പര്യാപ്തതക്കുള്ള മാര്‍ഗങ്ങള്‍ ഓരോരുത്തരും സ്വയം കണ്ടെത്തണം. സ്വന്തമായി തൊഴില്‍ കണ്ടെത്തി അതിലേര്പ്പെടുകയാണ് സ്വാശ്രയ ജീവിതത്തിന്റെ പ്രായോഗിക മാര്‍ഗങ്ങളില്‍ സുപ്രധാനമായത്. കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഏറ്റവും ഉത്തമമായതു വേറെയൊന്നില്ല എന്നാണ് തിരുമേനി(സ) അധ്യാപനം ചെയ്യുന്നത്. സ്വയംതൊഴില്‍ ചെയ്ത് കിട്ടുന്നതില്‍നിന്ന് കഴിക്കുന്ന ഭക്ഷണത്തില്‍ 'ഹറാമോ' മറ്റു കലര്‍പ്പുകളോ വന്നുചേരാന്‍ സാധ്യത വളരെ കുറവായിരിക്കും. ചെയ്യുന്ന തൊഴില്‍ ശറഅ് അനുവദിക്കുന്നതാകണമെന്നുമാത്രം. അതിനാല്‍, അങ്ങനെയുള്ള ഭക്ഷണമാണ് ഖൈറായ ഭക്ഷണം. സ്വയം കഴിക്കുന്നതും തന്റെ ആശ്രിതരെ ഭക്ഷിപ്പിക്കുന്നതും ഏറ്റവും ഖൈറായ ഭക്ഷണമായിരിക്കണമല്ലോ? ഉപജീവനത്തിനുവേണ്ടി തൊഴിലെടുക്കുന്നത് മനുഷ്യന്റെ അന്തസിനും ആഭിജാത്യത്തിനും കുറവ് വരുത്തുമെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് മിഥ്യയാണ്. ഉദ്ധൃത ഹദീസില്‍ അല്ലാഹുവിന്റെ ദൂതരായ ദാവൂദ് നബി(അ) സ്വയം കൈതൊഴിലെടുത്ത് കൊണ്ടാണ് ഭക്ഷണത്തിന് വക കണ്ടെത്തിയിരുന്നതെന്ന പരാമര്‍ശം തൊഴിലെടുക്കുന്നത് കുറച്ചിലാണെന്ന ധാരണ തിരുത്തുന്നതാണ്. പ്രവാചക പദവിയോളം ഉന്നതമായ ഒരു സ്ഥാനം ഇഹലോകത്ത് മനുഷ്യന് ലഭിക്കാനില്ല. തറവാടിത്തവും ആഭിജാത്യവുമുള്ള വ്യക്തികള്‍ക്കേ പ്രസ്തുത പദവി അല്ലാഹു നല്‍കിയിട്ടുളളൂ. ദാവൂദ്(അ) അക്കൂട്ടത്തില്‍പെടുന്നു. മഹാന് തൊഴിലെടുക്കുന്നതില്‍ യാതൊരു കുറവും കണ്ടിരുന്നില്ലയെങ്കില്‍ സാധാരണ മനുഷ്യര്‍ക്ക് അവരെത്ര ഉന്നതസ്ഥാനീയരാണെങ്കില് പോലും തൊഴിലെടുക്കുന്നതിന് അന്തസ്സിന്റെ പ്രശ്നം നോക്കേണ്ടതില്ലെന്നു വ്യക്തമാണ്. സാമ്പത്തിക സുസ്ഥിതി ഇല്ലാതിരുന്നിട്ടും തൊഴിലെടുക്കാന്‍ ശാരീരികമായി കഴിവുള്ള ചിലര്‍ ഉപജീവനത്തിന്ന് സ്വയം തൊഴിലുകളെടുക്കാതെ പരാന്ന ഭുക്കുകളായി ജീവിതപുരാണം നടത്തുന്നവരുണ്ട്. സ്വന്തം ജീവിതത്തെ മറ്റുള്ളവര്‍ക്ക് ശല്യവും ഭാരവുമാക്കുന്നവരാണ് അത്തരക്കാര്‍. യാചന നടത്തിയും 'മാന്യമായ' പിരിവുകള്‍ മുഖേനയും അഷ്ടിക്ക് വക കണ്ടെത്തുകയാണ് അക്കൂട്ടര്‍. അപരന്റെ മുന്നില്‍ തന്റെ പ്രാരാബ്ധങ്ങളുടെ ഭാണ്ഡം കെട്ടഴിക്കാന്‍ മനഃസങ്കോചമേതുമില്ല അവര്‍ക്ക്. ഇത്തരം യാചനാ സ്വഭാവത്തെ ഇസ്ലാം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഇതിനെക്കാള്‍ ഭേദം വിറകുവെട്ടി വിറ്റ് ഉപജീവനം കഴിക്കുകയാണെന്ന് പ്രവാചകപ്രഭു നിര്‍ദേശിക്കുന്നു. ''നിങ്ങളിലൊരാള്‍ ഒരു കെട്ട് വിറക് ശേഖരിച്ച് തന്റെ മുതുകില്‍ ചുമന്ന് കൊണ്ടു വരുന്നതാണ് ജനങ്ങളോട് യാചിക്കുന്നതിനെക്കാള്‍ ഏറ്റവും ഗുണകരമായത്. ജനങ്ങള്‍ നല്കിയാലും നല്കാതിരുന്നാലും'' (ബുഖാരി-മുസ്ലിം) സഹായിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാണെങ്കില്കൂടി പരസഹായം സ്വീകരിക്കാതിരിക്കുന്നതാണ് ഉത്തമം എന്ന് നബിതിരുമേനി(സ)യുടെ ഈ ഉപദേശം സുതരാം വ്യക്തമാക്കുന്നുണ്ട്. അനസ്(റ) ഉദ്ധരിക്കുന്നു: ''അന്‍സാരിയായ ഒരു മനുഷ്യന് നബി(സ)യെ സമീപിച്ചു. എന്തെങ്കിലും തരണം എന്നാവശ്യപ്പെട്ടു. നബി(സ) ചോദിച്ചു:''നിന്റെ വീട്ടില്‍ ഒന്നുമില്ലേ?'' ''ഉണ്ട്, ഞങ്ങള്‍ ധരിക്കാനും വിരിക്കാനും ഉപയോഗിക്കുന്ന കട്ടിയുള്ള ഒരു പുതപ്പുണ്ട്; വെള്ളം കുടിക്കാനുളള ഒരു മരപ്പാത്രവും.'' ''അത് പോയി കൊണ്ടുവരൂ'' നബി(സ) കല്പ്പിച്ചു. അന്‍സാരി അതു കൊണ്ടുവന്നു. നബി(സ) അവ കൈയിലെടുത്ത് ഉയര്‍ത്തികാട്ടി സദസ്യരോട് ചോദിച്ചു: ''ഇവരണ്ടും ആര് വാങ്ങും?'' ഒരാള്‍ പറഞ്ഞു: ''ഒരു ദിര്‍ഹമിന് ഞാന്‍ അതു വാങ്ങാം.'' നബി(സ) വീണ്ടും ചോദിച്ചു: ''അതില്‍ കൂടുതല്‍ വിലക്ക് ആര് വാങ്ങും?'' നബി(സ) ഈ ചോദ്യം രണ്ടോ മൂന്നോ പ്രാവശ്യം ആവര്‍ത്തിച്ചു. ''ഞാന്‍ രണ്ട് ദിര്‍ഹമിന് വാങ്ങാം'' മറ്റൊരാള്‍ പറഞ്ഞു. നബി(സ) ആ വസ്തുക്കള്‍ അദ്ദേഹത്തിന് നല്കി. രണ്ടു ദിര്‍ഹം അന്‍സാരിക്ക് നല്‍കിക്കൊണ്ട് പറഞ്ഞു: ''ഇതില്‍ ഒരു ദിര്‍ഹം കൊണ്ട് ഭക്ഷണസാധനങ്ങള്‍ വാങ്ങി കുടുംബത്തിന് നല്‍കുക. ഒരു ദിര്‍ഹം കൊണ്ട് ഒരു മഴു വാങ്ങി ഇവിടെ കൊണ്ടുവരിക.'' അന്‍സാരി മഴു വാങ്ങി നബി(സ)യെ സമീപിച്ചു. നബി(സ) സ്വന്തം കൈകൊണ്ട് മഴുവിന്ന് മരം കൊണ്ട് താഴ് ഇട്ടുകൊടുത്ത് അദ്ദേഹത്തോട് പറഞ്ഞു: ''നീ ഇതു കൊണ്ട് വിറക് ശേഖരിച്ച് വില്പന നടത്തുക. പതിനഞ്ച് ദിവസത്തേക്ക് നിന്നെ ഇവിടെ കാണരുത്.'' അദ്ദേഹം മഴുവുായി സ്ഥലം വിട്ടു. ദിവസങ്ങള്‍ക്ക് ശേഷം അന്‍സാരി തിരുമേനി(സ)യെ സമീപിച്ചു. അദ്ദേഹത്തിന് പത്ത് ദിര്‍ഹം ലഭിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും വാങ്ങിയിട്ടുണ്ട്. അതു കണ്ട നബി(സ) പറഞ്ഞു: ''അന്ത്യദിനത്തില്‍ യാചന നിന്റെ മുഖത്ത് പാടുകളുണ്ടാക്കുന്നതിനെക്കാള് ഇതാണ് നിനക്ക് ഏറ്റവും ഉത്തമമായ മാര്‍ഗം.''(അബൂദാവൂദ്-തുര്‍മുദി) തൊഴിലെടുത്ത് ജീവിക്കുന്നതാണ് പരാശ്രയത്തെക്കാള് ഗുണപ്രദമായതെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അല്ലാഹുവിന്ന് തൃപ്തിയുള്ള വിഭാഗമാണ് തൊഴിലാളികളെന്ന് തിരുവാക്യങ്ങളില്‍ വന്നിട്ടുണ്ട്. ഇബ്നു ഉമര്‍(റ) പറയുന്നു: നബി(സ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ''ജോലി ചെയ്യുന്ന സത്യവിശ്വാസിയെ അല്ലാഹു ഇഷ്ടപ്പെടുന്നതാണ്(ത്വബ്റാനി) തൊഴിലുകളില്‍ ഏറ്റവും നല്ലത് കൈതൊഴിലുകളും എല്ലാ നല്ലതരം തൊഴിലുകളുമാണെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. സഈദുബ്നു ഉമൈര്‍(റ) തന്റെ പിതൃവ്യരില്‍ നിന്ന് ഉദ്ധരിക്കുന്നു: ''അല്ലാഹുവിന്റെ പ്രവാചകരോട് ഒരാള്‍ ചോദിച്ചു: ''സമ്പാദ്യങ്ങളില്‍ ഏറ്റവും പരിശുദ്ധമായത് ഏതാണ്?'' നബി(സ) പറഞ്ഞു: ''ഒരാള്‍ തന്റെ കൈകൊണ്ട് പ്രവര്ത്തിച്ചുണ്ടാക്കുന്നതും എല്ലാ കുറ്റകരമല്ലാത്ത സമ്പാദ്യങ്ങളുമാകുന്നു.'' (ഹാകിം) ഇസ്ലാം കുറ്റകരമായി കാണാത്ത ഏത് തൊഴിലുകളും അഭികാമ്യമാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്. ജീവിതസന്ധാരണത്തിന് സ്വാശ്രയത്വം കണ്ടെത്തണമെന്നാണ് സത്യവിശ്വാസികളോട് ഇസ്ലാം നിര്‍ദേശിക്കുന്നത്.
Leave A Comment