റമദാന്‍ 28. ജീവിതവും ഇതുപോലെയാണ്...എല്ലാം പെട്ടെന്നായിരിക്കും..
പഠിക്കുന്ന കാലത്ത്, ഒരിക്കല്‍ ക്ലാസിലെത്തിയ ഉസ്താദ് ചോദിച്ചു, ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ഉല്‍പന്നം, അത് ഏത് സമയത്തും പ്രവര്‍ത്തന രഹിതമായേക്കാം, ഏതാണെന്ന് പറയാമോ?
ആരെങ്കിലും മറുപടി പറയാനായി അദ്ദേഹം അല്പ്പനേരം നിര്‍ത്തി, എല്ലാവരുടെയും മുഖത്ത് മാറിമാറി നോക്കി. പലരും പലതും പറഞ്ഞുനോക്കി. വലിയ പ്രതീക്ഷയോടെ വാങ്ങി പെട്ടെന്ന് കേടുവന്ന ചില വസ്തുക്കളുടെ പേര് പറഞ്ഞ് കമ്പനിയോടുള്ള ദേഷ്യം തീര്‍ക്കാനും ചിലര്‍ ആ അവസരം ഉപയോഗിച്ചു. ആരും ശരിയുത്തരം പറയുന്നില്ലെന്ന് മനസ്സിലാക്കിയ ഉസ്താദ്, ഏറെ ആഴമുള്ള വാക്കുകളുടെ തുടക്കമെന്നോണം ഇങ്ങനെ പറഞ്ഞു, ലോകത്ത് ഒരു ഗ്യാരണ്ടിയും ഇല്ലാത്തത് മനുഷ്യനാണ്. പൂര്‍ണ്ണാരോഗ്യത്തോടെ നടന്നുപോവുന്ന നിമിഷത്തിലും ഒരു പക്ഷേ, നിശ്ചലനായി താഴെ വീണേക്കാം, ശേഷം ഉസ്താദ് തന്റെ പ്രത്യേകമായ ശൈലിയില്‍ ശബ്ദത്തിന് പരമാവധി ഗാംഭീര്യം നല്‍കി, സൂറതുല്‍മുനാഫിഖൂനയിലെ പതിനൊന്നാം സൂക്തം ഇങ്ങനെ ഓതി, വലന്‍ യുഅഖിറല്ലാഹു നഫ്സന്‍ ഇദാ ജാഅ അജലുഹാ..... അര്‍ത്ഥം അറിയാമായിരുന്ന ഞങ്ങള്‍ അതിങ്ങനെ മനസ്സിലാക്കി, നിര്‍ണ്ണിതമായ കാലാവധി എത്തിയാല്‍ ഒരു ആത്മാവിനെയും അല്ലാഹു ലവലേശംപോലും കാലതാമസം നല്‍കുകയില്ല.
ഉസ്താദിന്റെ മുഖത്ത് അല്പനേരത്തേക്ക് ചിന്താവിഷ്ടമായ ഒരു മൌനം കത്തിനിന്നു, അത് കണ്ട് മരണത്തെകുറിച്ചുള്ള ചിന്തകള്‍ ഞങ്ങളെയും ഗ്രസിച്ചു.
Also Read:റമദാന്‍ 29. ശിഷ്ട ജീവിതം മുഴുവന്‍ റമദാന്‍ ആക്കിയാലോ...
ഓര്‍ത്തുനോക്കിയാല്‍, മനുഷ്യജീവിതം ഏത് സമയത്തും നിലച്ചുപോയേക്കാം. പൂര്‍ണ്ണാരോഗ്യത്തോടെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാനായി കിടന്നയാള്‍, മരണത്തിന് കീഴടങ്ങി രാവിലെ ഉണരാതിരിക്കുന്നത്.... സ്വന്തം കാലില്‍ വീട്ടില്‍നിന്ന് നടന്നുനീങ്ങിയ ആള്‍ അധികം വൈകാതെ ജീവനറ്റ് വീണ് താങ്ങിയെടുത്ത് തിരിച്ചുകൊണ്ടുവരുന്നത്... ഘോരഘോരം പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് കണ്ണുകളടക്കുന്നത്.. ഇങ്ങനെ ദിവസം തോറും നാം കണ്ടും കേട്ടും അറിയുന്ന മരണത്തിന്റെ മുഖങ്ങള്‍ എത്രയാണ്.
ഭൂമിയില്‍ ഇതുവരെ ജീവിച്ച ആരുംതന്നെ ഇവിടെ ശാശ്വതമായി ബാക്കിയായിട്ടില്ല. അത് കൊണ്ട് തന്നെ നാമും ഒരു ദിവസം പോവേണ്ടവരാണ്. അത് എപ്പോഴും ഏത് സമയത്തുമാവാം. കൊണ്ടറിയും മുമ്പേ അത് കണ്ടറിഞ്ഞ് ആ അവസാനയാത്രക്കായി തയ്യാറെടുപ്പുകള്‍ നടത്താനാവണം നമ്മുടെ ശ്രദ്ധ. അത്തരക്കാരെ നമുക്ക് സൂത്രശാലികളെന്നോ യഥാര്‍ത്ഥ ബുദ്ധിമാന്മാരെന്നോ വിളിക്കാം.
വരാനിരിക്കുന്നത് നേരത്തെ കണ്ടറിയാതെ, കൊണ്ടറിയുന്നത് വരെ കാത്തിരിക്കുന്നവരോട് നമുക്ക് സഹതപിക്കാം. സമാനാര്‍ത്ഥമുള്ള പ്രവാചക വചനം ഇമാം തുര്‍മുദി നിവേദനം ചെയ്യുന്നത് നമുക്ക് ഇങ്ങനെ വായിക്കാം.
യഥാര്‍ത്ഥ ബുദ്ധിമാന്‍, സ്വന്തം ശരീരത്തെ വരുതിയിലാക്കി മരണശേഷമുള്ള ജീവിതത്തിന് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നവനാണ്. അതൊന്നും ചെയ്യാതെ, ദേഹേഛകള്‍ക്കനുസൃതമായി ജീവിച്ച് അല്ലാഹുവില്‍ വ്യര്‍ത്ഥപ്രതീക്ഷകള്‍ വെക്കുന്നവനത്രെ ഏറ്റവും ബലഹീനന്‍.
റമദാന്‍ നമുക്ക് ആ തയ്യാറെടുപ്പിനുള്ള വിശിഷ്ട സമയമായിരുന്നു, അതിലുപരി അത്തരം വ്യവസ്ഥാപിതജീവിതത്തിന്റെ പരിശീലനക്കളരിയായിരുന്നു. ഈ ഒരു മാസത്തിലൂടെ ശീലിച്ചെടുത്ത നിയന്ത്രണങ്ങളും ആരാധനകളിലെ ആവേശവും നമുക്ക് ശേഷജീവിതത്തിലും പുലര്‍ത്താന്‍ ശ്രമിക്കാം, നാഥന്‍ തുണക്കട്ടെ.
Leave A Comment