സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ പരാജയം ; ഇസ്രായേൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക്
ടെൽ അവീവ്: സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ഒരു കക്ഷിക്കും ലഭിക്കാതിരുന്ന ഇസ്രായേലിൽ പാർട്ടികൾ തമ്മിലെ ചർച്ചകൾ തീരുമാനത്തിലെത്താതിരുന്നതോടെ പുതിയ തിരഞ്ഞെടുപ്പ് നടന്നേക്കും. ഒരു വര്‍ഷത്തിനിടെ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മൂന്നാമതും തെരഞ്ഞെടുപ്പ് ആവശ്യമായി വരുന്നത്. ഏറ്റവും വലിയ ഒറ്റ കക്ഷി ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. 28 ദിവസത്തെ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി വക്താവ് അറിയിച്ചു. ഇതോടെ ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്‍സ് തീരുമാനം പ്രസിഡന്‍റിന് വിട്ടു. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മുൻ പ്രധാനമന്ത്രിയും ലിക്കുഡ് പാർട്ടി നേതാവുമായ ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങളും പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹുവിനെ പിന്തുണക്കാന്‍ ബെയ്തിനു പാര്‍ട്ടി നേതാവ് അവിഗ്ദോര്‍ ലിബര്‍മാന്‍ തയ്യാറാകാതിരുന്നതാണ് ഭരണത്തുടർച്ച എന്ന ലക്ഷ്യം നടക്കാതെ പോയത്. 120 അംഗ സഭയില്‍ 61 പേരുടെ പിന്തുണയുണ്ടെങ്കിലേ സര്‍ക്കാര്‍ രൂപീകരിക്കാനാവൂ. സെപ്തംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ 32 സീറ്റുകള്‍ നേടി ബെന്നി ഗാന്സിന്‍റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയായപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റാണ് ലഭിച്ചത്. ഏപ്രിലില്‍ നടന്ന തെരഞ്ഞടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകാത്തതിനാലാണ് സെപ്തംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ഇനി നിര്‍ണായകമാവുക പ്രസിഡന്‍റിന്റെ തീരുമാനമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter