സി.എ.എ നടപ്പാക്കും മുമ്പ് ബിജെപിക്ക് അധികാരത്തില്‍ നിന്ന്​ പുറത്തേക്കുള്ള വഴി കാണിച്ചുതരുമെന്ന് തൃണമൂല്‍ എം.പി മഹുവ മെത്ര
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി തൃണമൂല്‍ എം.പി മഹുവ മെത്ര. സി.എ.എ നടപ്പാക്കും മുമ്പ് നിങ്ങള്‍ക്ക്​ അധികാരത്തില്‍ നിന്ന്​ പുറത്തേക്കുള്ള വഴി കാണിച്ചുതരാമെന്ന്​ അവർ തുറന്നടിച്ചു. ട്വിറ്ററിലാണ്​ മഹുവ മെത്ര ഇങ്ങിനെ കുറിച്ചത്​. ബി.ജെ.പിയേയും ജെ.പി നദ്ദയേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു അവരുടെ ട്വീറ്റ്​. 'നദ്ദ പറയുന്നു സി.എ.എ നടപ്പാക്കുമെന്ന്​. ഞങ്ങളുടെ രേഖകള്‍ നിങ്ങളെ കാണിക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക്​ പുറത്തേക്കുള്ള വാതില്‍ ഞങ്ങള്‍ കാണിച്ചുതന്നിരിക്കും'-അവര്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയില്‍ സംസാരിക്കവേയാണ്​ ബി.ജെ.പി അധ്യക്ഷ​ന്‍ സി.എ.എയെപറ്റി അഭി​പ്രായ പ്രകടനം നടത്തിയത്​. സി.എ.എ നടപ്പാക്കുന്നത്​ വൈകിയത്​ കോവിഡായതിനാലാണെന്നും നദ്ദ പറഞ്ഞിരുന്നു. പാര്‍ട്ടി സി.എ.എ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവര്‍ക്കും അതി​ന്‍റെ ഗുണം ലഭിക്കുമെന്നും നദ്ദ പറഞ്ഞു. 2021ല്‍ നടക്കാനിരിക്കുന്ന തെര​ഞ്ഞെടുപ്പിന്​ മുന്നോടിയായി സംഘടനാകാര്യങ്ങള്‍ക്ക്​ മേല്‍നോട്ടം വഹിക്കാനാണ്​ നദ്ദ ബംഗാളിലെത്തിയത്​. മമതയെപ്പോലെ വിഭജിച്ച്‌​ ഭരിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്ലാവര്‍ക്കും വികസനമെത്തിക്കാനാണെന്നും നദ്ദ പറഞ്ഞു.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന നിയമമായ പൗരത്വ ഭേദഗതി നിയമം അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ അലയടിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter