രാമക്ഷേത്ര  തറക്കല്ലിടൽ ചടങ്ങ്  കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ലഭിച്ച സുപ്രീം കോടതിയുടെ അനുമതി പ്രകാരം ഉത്തർ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന രാമക്ഷേത്ര തറക്കല്ലിടലിനെതിരെ കടുത്ത പരാതി. ഇത് സംബന്ധിച്ച് വാജ്പേയി സര്‍ക്കാരിലെ സാമ്പത്തികകാര്യ സെക്രട്ടറി ഇഎ ശര്‍മ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ആ​ഗസ്ത് 5നു നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് പരാതി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉയര്‍ന്ന പദവികളിലുള്ളവര്‍ വീണ്ടും വീണ്ടും ലംഘിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. "നിങ്ങളുടെ മന്ത്രാലയം നിഷ്‌ക്രിയ കാഴ്ചക്കാരായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊതുജനങ്ങളെ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ഇത് പ്രോത്സാഹിപ്പിക്കും. പോസിറ്റിവ് കേസുകളുടെ ദൈനംദിന വര്‍ദ്ധനവ് 40,000 കവിഞ്ഞു. ദുരിത ബാധിതരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്ത്യ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടാന്‍ പോകുന്നു. ഈ പശ്ചാത്തലത്തില്‍, യുപി സര്‍ക്കാര്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ആ​ഗസ്ത് 5 ന് നിശ്ചയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആ ചടങ്ങില്‍ പങ്കെടുക്കുമെന്നും വാര്‍ത്താ റിപോര്‍ട്ടുകള്‍ കാണുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെടുകയാണ്. നിങ്ങളുടെ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, 29-6-2020 40-3 / 2020-ഡിഎം-ഐ (എ) ഉത്തരവ് പ്രകാരം "കണ്ടെയ്‌ന്‍ സോണുകള്‍ക്ക്" പുറത്ത് പോലും "മതപരമായ ഒത്തുചേരലുകള്‍" നിരോധിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു. അയോദ്ധ്യയില്‍ നടക്കാനിരിക്കുന്ന ശിലാസ്ഥാപന ചടങ്ങ് ഉള്‍പ്പെടെ എല്ലാ സമ്മേളനങ്ങളും അനിശ്ചിതമായി മാറ്റിവയ്ക്കാൻ അഭ്യർഥിച്ച അദ്ദേഹം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. ഒരു രാഷ്ട്രമെന്ന നിലയില്‍ നാം അത്തരം ലംഘനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter