'മീശ'യിലെ പോത്തന്‍ മാപ്പിളയും 'പശുക്കൊല' കാലത്തെ ആവിഷ്‌കാര സ്വാതന്ത്ര്യവും

എസ്.ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. എഴുതി തീരും മുമ്പേ മീശ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. സാഹിത്യകാരന്മാരും സാംസ്‌കാരിക നായകന്മാരും  മീശയ്‌ക്കൊപ്പം നിന്ന് വിമര്‍ശകര്‍ക്കെതിരില്‍  ശബ്ദമുയര്‍ത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, വാക്കുകളാണ് മീശയിലൂടെ എഴുത്തുകാരന്‍ പ്രതിപാദിച്ചതെന്നും എതിര്‍ ശബ്ദങ്ങളെല്ലാം വെറും പാഴ് വാക്കുകളാണെന്നും എഴുത്തുകാര്‍ തുറന്നടിച്ചു.

''എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല. സൃഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗം എടുത്തല്ല അതിനെ വിലയിരുത്തേണ്ടതെന്നും, പുസ് കത്തിന്റെ മുഴുവന്‍ ആശയമാണ് പരിഗണിക്കേണ്ടതെന്നും'' കോടതി പറഞ്ഞു.

കോടതി ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന നിലയ്ക്കാണ് മീശയ്‌ക്കൊപ്പം നിന്നത്. പക്ഷെ ആവിഷ്‌കാര സാതന്ത്യം അതിര് കടക്കാന്‍ പാടുണ്ടോ? സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ എന്തും എഴുതാമെന്നാണോ? 

എഴുത്തുകാര്‍ ഒരിക്കലും ഒരു സമൂഹത്തെയും അവരുടെ സമ്പ്രദായത്തെയും കുറ്റപ്പെടുത്തുന്ന രീതിയില്‍ തൂലിക ചലിപ്പിക്കരുത്. ഒരു പക്ഷെ എഴുത്തുകള്‍ വായനക്കാര്‍ക്ക് യാഥാര്‍ത്ഥ്യം പകര്‍ന്നേക്കാം. മറ്റു ചിലര്‍ക്ക് വേദന നല്‍കിയേക്കാം. സമൂഹത്തില്‍ എഴുത്തുകാര്‍ക്കുള്ള സ്വാധീനം വലുതാണെന്ന് കഴിഞ്ഞ കാലങ്ങളില്‍ നാം കണ്ടതാണ്. 

അസത്യത്തിനെതിരില്‍ തുറന്നടിച്ചതില്‍ നിശ്ശബ്ദരാക്കപ്പെട്ടവര്‍. എഴുത്തിന് മൂല്യമുണ്ടെന്ന് തെളിയിച്ചവര്‍. ധാര്‍മിക മൂല്യമാണ് എഴുത്തിന്റെ ലക്ഷ്യമെന്നും എന്തും എഴുതാമെന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി നില്‍ക്കണമെന്നും ജനഹിതത്തെ മാനിച്ച് കൊണ്ടായിരിക്കണം എഴുത്ത് സൃഷ്ടിക്കേണ്ടതെന്നും ജനവികാരം  തെളിയിച്ച് കഴിഞ്ഞു.

എഴുതാം പക്ഷെ ഒരു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാവരുത്. ''ഏറ്റവും നല്ല വസ്ത്രം  ഭംഗിയായണിഞ്ഞ് ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്. തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വ്വമായി പ്രഖ്യാപിക്കുകയാണിവര്‍.'' 

തന്റെ ദൈവത്തോട് വൃത്തിയായി നല്ല വസ്ത്രമണിത്ത് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന സ്ത്രീകള്‍, അവരെ മറ്റൊരു രീതിയില്‍ വായിക്കാനുള്ള ഇടമായി മാറ്റുന്നു. തീര്‍ത്തും തിരുത്തേണ്ട വരികളല്ലെ, അമ്പലത്തില്‍ സ്ത്രീകള്‍ പോകുന്നത് ദുരുദ്ദേശ്യം കൊണ്ടാണെന്ന് ഈ തലമുറ മാത്രമല്ല ഇനി വരും തലമുറയും വായിച്ച് തെറ്റിദ്ധരിക്കില്ലെ? എഴുതണമെന്ന ചിന്തയിലൊതുങ്ങി എന്തുമെഴുതാമെന്ന മനോഭവം മാറ്റേണ്ടതുണ്ട്.

തീര്‍ന്നില്ല, മീശയിലെ 78-ാം പേജിലെ ''പോത്തന്‍ മാപ്പിള'' എന്ന പ്രയോഗവും കൂട്ടി വായിക്കേണ്ടതാണ്.

''ചോറും മീന്‍ കറിയും വിട്ടാല്‍ പോത്തിറച്ചിയിലായിരുന്നു മാപ്പിളയ്ക്ക് കമ്പം.പാട വരമ്പത്ത് നില്‍ക്കുമ്പോള്‍ പോലും കലപ്പയില്‍ കെട്ടി ഉഴുന്ന പോത്തിലായിരിക്കും മാപ്പിളയുടെ കണ്ണ്. അതിന്റെ മുന്‍ കൈകള്‍ക്കിടയിലെ വാരിയെല്ലിന് താഴെയുള്ള ഉടവു തട്ടാത്ത ഇറച്ചിയെ ഓര്‍ത്ത് വെള്ളമിറക്കും. എവിടെയെങ്കിലും പോത്തിനെ വെട്ടുന്നുണ്ടെന്നറിഞ്ഞാല്‍ 'പോത്തന്‍ മാപ്പിള' അതില്‍ പങ്ക് ചേരും''

എന്ന് തുടര്‍ന്ന് വരുന്ന വരികള്‍..  

ആവര്‍ത്തിച്ചുള്ള പോത്തന്‍ മാപ്പിളയും, മുസ്ലിംകളെ മാത്രം ബീഫ് തിന്നുന്നവരാക്കി ചിത്രീകരിക്കുന്ന എഴുത്തുകാരന്റെ പ്രയോഗവും തീര്‍ത്തും നിരാകരിക്കേണ്ടതാണ്. വായിക്കുന്നവര്‍ക്ക് ബീഫിനോട് മുസ്ലിംകള്‍ക്ക് ഇത്രയധികം കമ്പമോ എന്ന രീതിയിലുള്ള എഴുത്ത്. രാജ്യത്ത് ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ എഴുത്തുകാരും സാഹിത്യകാരന്മാരും അതിനെതിരില്‍ പ്രതികരിച്ച് ബീഫ് മുസ്ലിംകളുടെ മാത്രം ഭക്ഷണമല്ല എന്ന് തുറന്ന് പറയുമ്പോള്‍ എസ്. ഹരീഷ് മീശയിലൂടെ അതിനെ തെറ്റിക്കുകയാണ്''.

തെറ്റിദ്ധാരണ പരത്തുന്ന എഴുത്തിനെന്ത് പ്രസക്തി? സമൂഹ നന്മയ്ക്കാവണം എഴുത്ത്. ആരെയും കുറ്റപ്പെട്ടത്തി കൊണ്ടല്ല സുഹത്തില്‍ പേര് നിര്‍മ്മിക്കേണ്ടത്. അസത്യത്തിനെതിരില്‍ സത്യം തുറന്ന് പറഞ്ഞായിരിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter