ദല്‍ഹിയിലെ ദലിത് ക്ഷേത്രം പുനര്‍ നിര്‍മിച്ചില്ലെങ്കില്‍ രാജ്യവ്യാപക സമരമെന്ന് ദലിത് സംഘടനകള്‍

ദല്‍ഹിയിലെ തുഗ്ലകാബാദില്‍ സുപ്രിം കോടതി വിധി പ്രകാരം ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച് മാറ്റിയ ഗുരു രവിദാസ് മന്ദിര്‍ പുനര്‍ നിര്‍മിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് ജന്തര്‍മന്തറില്‍ ഒത്തുകൂടിയ പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 26 ലധികം ദലിത് സംഘടനകളില്‍ നിന്നുള്ള അംഗങ്ങളാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് രാംലീല മൈതാനത്ത് ഇവര്‍ അനിശ്ചിതകാല സത്യഗ്രഹസമരവും ആരംഭിച്ചിട്ടുണ്ട്.

 

അതിനിടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ അടക്കം 91 പ്രക്ഷോഭകരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിനിടെ വാഹനങ്ങളടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ചെന്ന പേരിലാണ് അറസ്റ്റ് നടപടിയെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.

വനഭൂമിയിലാണ് ക്ഷേത്രം നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊളിച്ച് മാറ്റാനുള്ള വിധി പുറപ്പെടുവിച്ചത്. ഇതാണ് കാരണമെങ്കില്‍ സമാനമായി വനഭൂമിയില്‍ നിര്‍മിച്ച ശബരിമല, തിരുപ്പതി ക്ഷേത്രങ്ങള്‍ക്കും എന്ത് കൊണ്ടാണ് വിധി ബാധകമാവാത്തതെന്നും പ്രക്ഷോഭകര്‍ ചോദിച്ചു. അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് പറയുന്നവര്‍ എന്ത് കൊണ്ടാണ് മറ്റൊരിടത്ത് ദലിത് ക്ഷേത്രം നിര്‍മിക്കാമെന്ന് പറയുന്നതെന്നും പ്രക്ഷോഭകര്‍ ചോദിച്ചു. പട്ടിക ജാതിക്കാരുടെ വിഷയം വരുമ്പോള്‍ പലര്‍ക്കും വലിയ ഇരട്ടത്താപ്പാണെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter