ഭര്‍ത്താവിന്റെ അസാന്നിധ്യത്തിലെ ഭാര്യമാര്‍
wifee''ഓ...എന്തൊരു ദീര്‍ഘമുള്ള രാത്രി എന്നോടൊപ്പം മണിയറ പങ്കിടാന്‍ പ്രിയ തോഴനടുത്തില്ല. സ്രഷ്ടാവിനെ ഞാന്‍ ഭയക്കുന്നു; അവന്റെ ശിക്ഷയെയും. എന്റെ മണവാളനെ ഞാന്‍ ആദരിക്കുകയും ചെയ്യുന്നു. ഇതില്ലായിരുന്നുവെങ്കില്‍ സുമുഖന്മാരാല്‍ ഈ കട്ടില്‍ ചലിക്കുമായിരുന്നു.'' ഇളം കാറ്റിനെ തഴുകിവരുന്ന ആ ഈരടി ഖലീഫ ഉമര്‍(റ) സശ്രദ്ധം വീക്ഷിച്ചു. തൊട്ടടുത്ത വീട്ടിലെ ആ പെണ്‍കൊടിയുടെ ആഗ്രഹം ഖലീഫക്കു മനസ്സിലായി. തന്റെ മകളെ വിളിച്ചു ഖലീഫ ഉമര്‍(റ) ചോദിച്ചു: ''ഒരു സ്ത്രീക്ക് ഭര്‍ത്താവിന്റെ അഭാവം എത്രനാള്‍ സഹിക്കാനാവും?'' മകള്‍: ''നാലു മാസം.'' ഖലീഫ ഉടനെ ഉത്തരവിറക്കി: ''ഇനി മുതല്‍ ഒരാളും ഭാര്യമാരെ പിരിഞ്ഞ് നാലു മാസത്തിലധികം എവിടേക്കും പോവരുത്. ആ സ്ത്രീയുടെ ഭര്‍ത്താവിനെ ആളയച്ചു വരുത്തുകയും ചെയ്തു. — — — സഹോദരിമാരില്‍ ഭൂരിഭാഗവും ഇന്ന് ഭര്‍ത്താവിന്റെ അഭാവം കടിച്ചമര്‍ത്തി കഴിയുന്നവരാണ്. പ്രവാസത്തിന്റെ കയ്പ്പുനീരു കുടിച്ചു തീര്‍ക്കുന്നതിലേറെ വേദനാജനകമാണ് 'ഗള്‍ഫ് ഭാര്യമാരു'ടെ ജീവിതം. ഉദ്ധൃത കവിത ധ്വനിപ്പിക്കുന്ന അടക്കാനാവാത്ത ആഗ്രഹങ്ങളുടെ വേലിയേറ്റത്തിലാണ് ഈ സഹോദരിമാരുടെ മനസ്സു വായിക്കാന്‍ കഴിയുന്നത്. 'സാമൂഹ്യദ്രോഹികള്‍' തക്കം പാര്‍ത്തിരിക്കുന്ന നാടുകളാണ് നമ്മുടേത്. പൂവാലശല്യവും ഗള്‍ഫുഭാര്യമാരെ തേടിയിറങ്ങുന്നവരും വര്‍ധിച്ചുവരികയാണ്. സഹോദരിമാര്‍ പരിസരബോധമുള്ളവരായിട്ടില്ലെങ്കില്‍ വഞ്ചിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന കെണിവലയില്‍ അകപ്പെടും. ഗള്‍ഫു ഭാര്യമാരെ ചുറ്റിപ്പറ്റി കഴിയുന്ന ധാരാളം പേരുണ്ട്. ഓട്ടോ ഡ്രൈവര്‍മാര്‍, മീന്‍ കച്ചവടക്കാര്‍.... അങ്ങനെ ധാരാളം പേര്‍. ഗള്‍ഫു ഭാര്യമാരുടെ വീടുകളില്‍ എത്ര സ്വാതന്ത്ര്യത്തോടെയും കയറിയിറങ്ങാനും ഏതു റൂമിലും ചെന്നുകയറാനും സ്വാതന്ത്ര്യമുള്ള ചിലരുണ്ട്. പക്ഷേ, അപകടം പിണയും മുമ്പ് നമ്മുടെ സഹോദരിമാര്‍ ഇത് തിരുത്തിയില്ലെങ്കില്‍ വന്‍നാശമായിരിക്കും സംഭവിക്കുക. തന്റെ ശരീരം അന്യര്‍ക്ക് പ്രദര്‍ശിപ്പിക്കാനോ തന്റെ ഭര്‍ത്താവിനുള്ള വിരിപ്പ് അന്യനു വിരിക്കുന്നതോ കര്‍ശനമായി ഇസ്‌ലാം വിലക്കുന്നു. അംറുബ്‌നുല്‍ അഹ്‌വസ്(റ) ഉദ്ധരിക്കുന്നു: ''ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ്വ) പറയുന്നത് കേട്ടു: നിങ്ങള്‍ക്ക് നിങ്ങളുടെ സ്ത്രീകളോട് ചില ബാധ്യതകളുണ്ട്, അവര്‍ക്ക് നിങ്ങളുടെ മേലിലും ചില ബാധ്യതകളുണ്ട്. നിങ്ങള്‍ വെറുക്കുന്നവര്‍ നിങ്ങളുടെ വിരിപ്പില്‍ ചവിട്ടാനനുവദിക്കാതിരിക്കലും നിങ്ങളുടെ വീട്ടില്‍ അന്യര്‍ക്ക് പ്രവേശനാനുമതി കൊടുക്കാതിരിക്കലും സ്ത്രീകള്‍ നിങ്ങള്‍ക്ക് ചെയ്തുതരേണ്ട ബാധ്യതകളാണ്.'' (തിര്‍മുദി) സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ ആകര്‍ഷണീയ പ്രകൃതിയിലാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. സ്ത്രീ പുരുഷനിലേക്കും പുരുഷന്‍ സ്ത്രീയിലേക്കും ആകര്‍ഷിക്കുന്നതുകൊണ്ടാണ് മനുഷ്യപരമ്പരയുടെ നിലനില്‍പ്പിന്ന് അല്ലാഹു സംവിധാനിച്ച സന്താനോല്‍പ്പാദനം നടക്കുന്നത്. പക്ഷേ, ഇസ്‌ലാം ചില നിയമവ്യവസ്ഥകള്‍ക്കടിസ്ഥാനത്തിലാണ് ഈ സന്താനോല്‍പാദനം സംവിധാനിച്ചിട്ടുള്ളത്. സ്ത്രീയും പുരുഷനും ലൈംഗിക വികാരമുള്ളവരാണ്. അതിനെ നിയന്ത്രിക്കുകയോ കര്‍ശനമായി വിലക്കുകയോ ചെയ്യുന്നതിനു പകരം പ്രകൃതിയുടെ മതമായ ഇസ്‌ലാം നിയമവ്യവസ്ഥക്കുള്ളില്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. വൈവാഹിക ജീവിതത്തിലൂടെ ലൈംഗിക വികാരശമനത്തിന് സാധിക്കും. പുരുഷന്റെ വികാര ശമനത്തോടെ സ്ത്രീയെ നിരാശപ്പെടുത്തരുതെന്നും അവളോട് സഹകരിച്ചു തൃപ്തിവരുന്നത് വരെ അവളെ സഹായിക്കണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സ്ത്രീയുടെ പ്രകൃതിയാണ് പുരുഷന്റെ സാമീപ്യം കൊതിക്കല്‍. പുരുഷസ്പര്‍ശനവും തലോടലും ഓരോ ഭാര്യമാരും ആഗ്രഹിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കിടയില്‍ കുറഞ്ഞ ലീവ് ലഭിക്കുമ്പോള്‍ നാട്ടിലെത്തുന്ന ഭര്‍ത്താക്കാന്‍മാര്‍ എല്ലാ അര്‍ത്ഥത്തിലും അടിച്ചു പൊളിച്ചു നാടുചുറ്റുന്നതിനിടയില്‍ അത്തരം കാര്യങ്ങള്‍ കൂടി കണ്ടറിയേണ്ടതാണ്. എന്നാല്‍, വീട്ടിലെ സഹോദരിമാര്‍ക്കാണ് ഇവിടെ വലിയ ഉത്തരവാദിത്തമുള്ളത്-ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ തന്റെ ശരീരം സംരക്ഷിക്കാനുള്ള കടമയും അവര്‍ക്കുണ്ട്. ''സ്വര്‍ഗത്തിന്റെ ഏതു കവാടത്തിലൂടെയും പ്രവേശനാനുമതി ലഭിക്കുന്ന സ്ത്രീയുടെ വിശേഷണങ്ങള്‍ പറയവേ നബി(സ്വ) പ്രത്യേകം എണ്ണിയ വിശേഷണം 'അവളുടെ ഗുഹ്യഭാഗത്തെ അന്യരില്‍നിന്നും സംരക്ഷിച്ചു' എന്നതാണ്. സൂറത്തുന്നൂറില്‍ അന്യപുരുഷന്‍മാരെ നോക്കുന്നതും ഗുഹ്യഭാഗങ്ങള്‍ വെളിവാക്കുന്നതും കര്‍ശനമായി സ്ത്രീകളെ വിലക്കുന്നുണ്ട്(24:31). വലിയ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ തന്റെ ഭര്‍ത്താവിന്റെ ജ്യേഷ്ഠനും അനുജനും മറ്റും ഉണ്ടാകും. തനിക്ക് കാണാനനുവാദമില്ലാത്ത അവരുടെ മുമ്പിലെല്ലാം കൊഞ്ചിക്കുഴയാനും ലൈംഗികച്ചുവയുള്ള അനാവശ്യവാക്കുകള്‍ പറയാനും ഭര്‍ത്താവിന്റെ അഭാവം ചില വീടുകളില്‍ സ്ത്രീകള്‍ക്ക് ധൈര്യം നല്‍കാറുണ്ട്. നബി(സ്വ) ഇത്തരം ഭവനങ്ങളിലെ ഈ സാഹചര്യത്തെ മരണത്തോടാണ് ഉപമിച്ചിട്ടുള്ളത്. ഖുര്‍ആന്‍ വ്യഭിചാരത്തെ വിലക്കുന്ന ആയത്തില്‍ 'വ്യഭിചാരത്തോട് അടുക്കുക പോലും ചെയ്യരുത്''എന്നാണ് പഠിപ്പിക്കുന്നത്. വ്യഭിചാരത്തിലേക്കെത്തിക്കുന്ന എല്ലാം വ്യഭിചാരത്തിന്റെ ഭാഗമായി നബി(സ്വ) പരിചയപ്പെടുത്തുന്നുണ്ട്. നടത്തവും പിടിത്തവും നോട്ടം പോലും വ്യഭിചാരമായി നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. നോട്ടം പിശാചിന്റെ വിഷലിപ്ത അമ്പുകളില്‍ ഒരമ്പാണ് എന്ന് നബി(സ്വ) പരിചയപ്പെടുത്തി. അന്യ സ്ത്രീ പുരുഷന്‍മാര്‍ ഒരിടത്ത് സംഗമിക്കുന്നത് നിഷിദ്ധമാക്കിയതിലൂടെ വ്യഭിചാരത്തിന്റെ എല്ലാ വാതിലുകളും ഇസ്‌ലാം കൊട്ടിയടക്കുന്നു. നമ്മുടെ സഹോദരിമാര്‍ക്ക് സാഹചര്യങ്ങളും സൗകര്യങ്ങളും ഏറെയുള്ള ഈ കാലത്ത് സൂക്ഷ്മത കൂടുതല്‍ കൈ കൊള്ളലനിവാര്യമാണ്. ടിവിയും മൊബൈലും ഇല്ലാത്ത വീട് ഇന്നില്ല. ഗള്‍ഫില്‍ പോകുന്ന ഭര്‍ത്താവിന്റെ ഓരോ സമ്മാനപ്പൊതികളായി ലഭിക്കുന്നതാണ് ഇവയെല്ലാം. ഏകാന്തതയുടെ ആലസ്യം വിട്ടകലാന്‍ ടിവിയും മൊബൈലും ആദ്യമാദ്യം തമാശയായായിരിക്കും ഉപയോഗിക്കുക. പിന്നീടത് അപകടത്തിലെത്തും. അതുകൊണ്ട് ഭര്‍ത്താവിന്റെ അഭാവത്തിലും അന്യരില്‍ നിന്ന് ശരീരവും മനസ്സും സംരക്ഷിക്കാനും അല്ലാഹുവിനെ ഭയപ്പെടാനും ഭര്‍ത്താവിനെ വഞ്ചിക്കാതിരിക്കാനും സഹോദരിമാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter