സ്ത്രീകള്‍ അറിയേണ്ട കാര്യങ്ങള്‍
ആര്‍ത്തവ സംബന്ധമായ അറിവുകള്‍ കരസ്ഥമാക്കല്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ്. ഭര്‍ത്താക്കള്‍ അറിവുള്ളവരാണെങ്കില്‍ ഭാര്യമാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കല്‍ അവരുടെ കടമയാകുന്നു. ഭര്‍ത്താവിന്ന് അറിവില്ലെങ്കില്‍ അവള്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിക്കാന്‍ ഭര്‍ത്താവിന്റെ അനുവാദം വേണമെന്നില്ല. നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി ഭര്‍ത്താവിന്റെ അനുവാദം കൂടാതെ മതപ്രസംഗമോ മറ്റോ കേള്‍ക്കാന്‍ പോകല്‍ നിഷിദ്ധമാകുന്നു.

തൊട്ടാല്‍ വുളുമുറിയുന്ന സ്ത്രീ പുരുഷന്മാര്‍ അന്യോന്യം കാണല്‍ ഹറാമാണ്. അവരില്‍ നിന്ന് പിരിഞ്ഞ മുടി, നഖം എന്നിവയും കാണാന്‍ പാടില്ല. അത് കൊണ്ട് ഇവരണ്ടും മറയ്ക്കല്‍ നിര്‍ബന്ധമാകുന്നു. ഇപ്രകാരം 'സവാജിര്‍' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. കൊമ്പുവെക്കല്‍ (പുരാതന കാലത്തുണ്ടായിരുന്ന ഒരു ചികിത്സ) മുതലായ ചികിത്സ ചെയ്യേണ്ട ആവശ്യം നേരിടുമ്പോള്‍ സ്ത്രീകളില്‍ അത് പഠിച്ചവരാരും ഇല്ലാത്ത പക്ഷം അവരുടെ ഭര്‍ത്താവ്, വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അന്യപുരുഷന്മാര്‍ക്ക് ചികിത്സാര്‍ത്ഥം അവളെ കാണല്‍ അനുവദനീയമാണ്. സ്ത്രീകളില്‍ ചിലരെങ്കിലും ഇത്തരം ചികിത്സകള്‍ പഠിക്കേണ്ടതനിവാര്യമാകുന്നു. തനിക്ക് നമസ്‌കാരം നിര്‍ബന്ധവും അതുപേക്ഷിക്കല്‍ നിഷിദ്ധവുമായതു പോലെത്തന്നെ ഭാര്യമാര്‍, സന്താനങ്ങള്‍, തന്റെ വാക്ക് സ്വീകരിക്കുന്നവര്‍ എന്നിവരോട് നമസ്‌കാരം കൊണ്ട് കല്‍പിക്കലും സ്വീകരിച്ചില്ലെങ്കില്‍ ശകാരിച്ചോ അടിച്ചോ അവരെക്കൊണ്ട് അത് ചെയ്യിക്കലും നിര്‍ബന്ധമാണ്. തന്റെ സ്വത്ത് നശിപ്പിക്കുമ്പോള്‍ ശിക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശിക്ഷ ഇതിന്ന് നല്‍കേണ്ടതാകുന്നു. ഇത് കൊണ്ടൊന്നു ഫലപ്പെടാതെ വന്നാല്‍ അവരെ വെറുക്കേണ്ടതും അവരുമായുള്ള ബന്ധം വേര്‍പ്പെടുത്തേണ്ടതുമാണ്. അവര്‍ അല്ലാഹുവിന്നും റസൂലിന്നും എതിര്‍ പ്രവര്‍ത്തച്ചവരാണെന്നത് തന്നെ കാരണം. അവരുമായി യോജിച്ചു ജീവിക്കല്‍ നിഷിദ്ധമാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ജനത അല്ലാഹുവിനേയും റസൂലിനേയും എതിര്‍ക്കുന്നവരോട് സ്‌നേഹ ബന്ധം പുലര്‍ത്തുന്നതായി നീ കാണുകയില്ല. അവര്‍ തങ്ങളുടെ പിതാക്കളോ പുത്രന്മാരോ സഹോദരന്മാരോ കുടുംബക്കാരോ ആയിരുന്നാലും (ശരി). അവരുടെ ഹൃദയങ്ങളില്‍ വിശ്വാസത്തെ (അല്ലാഹു) ആലേഖനം ചെയ്തിരിക്കുന്നു. അവങ്കല്‍ നിന്ന് ഒരു ആത്മാവിനെ കൊണ്ട് അവരെ അല്ലാഹു ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന തോട്ടങ്ങലില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും അതില്‍ (എന്നെന്നും) അവന്‍ സതാമസിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു അവരെക്കുറിച്ചും അവര്‍ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരാകുന്നു. അവരാണ് അല്ലാഹുവിന്റെ പാര്‍ട്ടി. അറിയുക, അല്ലാഹുവിന്റെ പാര്‍ട്ടി തന്നെയാണ് വിജയികള്‍. (ഖു.ശ. 59:22) നഗ്നതമായ്ക്കല്‍ സ്ത്രീ പുരുഷഭേദമന്യെ നിര്‍ബന്ധമാണ്; അത് തുറന്നിടലും അതിലേക്ക് നോക്കലും കുറ്റവും, സൂറത്തുന്നൂറില്‍ അല്ലാഹു സത്യവശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനെസ്സംബന്ധിച്ചും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സ്ത്രീകള്‍ അവരുടെ ശരീരം മുഴുവന്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ മറയ്‌ക്കേണ്ടതാണ്. വിരൂപിണിയാണെങ്കില്‍ കൂടി അവളെ നോക്കല്‍ ഹറാമാകുന്നു. കണ്ണിന്റെ വ്യഭിചാരം നോട്ടവും ഹൃദയത്തിന്റേത് ചിന്തയും നാവിന്റേത് സംസാരവുമാണ്. അന്യസ്ത്രീകളിലേക്കുള്ള നോട്ടത്തെ നിങ്ങള്‍ സൂക്ഷിക്കുക, അത് ഹൃദയത്തില്‍ വികാരം ജനിപ്പിക്കും നാശത്തിന് അത് തന്നെ മതി എന്ന് ബഹു. ഈസാ നബി(അ) അരുളിയിട്ടുണ്ട്. 'പുലിയുടെ പിന്നില്‍ നിങ്ങല്‍ നടന്നുകൊള്ളുക, എന്നാലും സ്ത്രീകളുടെ പിന്നില്‍ നടക്കരുത്; ഭൂമുഖത്തുണ്ടായതും ഉണ്ടാവാനുള്ളതുമായ എല്ലാ ആപത്തുകളും നോട്ടത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്.' എന്ന് ഹ. ദാവൂദ് നബി(അ) പറഞ്ഞിരിക്കുന്നു. അലിയ്യി(റ) നെ വധിച്ച അബ്ദുര്‍റഹ്മാനിബ്‌നു മുല്‍ജം ഒരു കൃസ്ത്യാനി സ്ത്രീയുമായി പ്രേമബന്ധത്തിലായിരുന്നു. തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന്ന് അലിയ്യി(ക.വ) നെ വധിക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അയാള്‍ ആ ക്രൂരകൃത്യം നിര്‍വ്വഹിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter