ഇണയും തുണയും
ഭാര്യയും ഭര്‍ത്താവും ഇണകളാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. സ്വന്തമായ മനസ്സും ശീലങ്ങളും താല്‍പര്യങ്ങളുമുള്ളവര്‍ ഒരുമിച്ചു ജീവിക്കണമെങ്കില്‍ പരസ്പരം വിട്ടുവീഴ്ച അനിവാര്യമാണ്. അടിമ-ഉടമ ബന്ധമല്ല ദമ്പതികള്‍ക്കിടയിലുള്ളത്. ഇണയും തുണയുമാണവര്‍. സ്‌നേഹമാണ് ഇരു വിഭാഗത്തിന്റെയും ആയുധം. ബലപ്രയോഗത്തിലൂടെ മനുഷ്യമനസ്സ് കീഴടക്കാന്‍ കഴിയില്ലായെന്നതാണ് ഇസ്‌ലാമും ചരിത്രവും നല്‍കുന്ന പാഠം. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ഇണയുടെ ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടറിയാനും കഴിയണം. ക്ഷമയോടെ കാര്യങ്ങള്‍ വിലയിരുത്താനും പ്രശ്‌നങ്ങള്‍ കൂടിയാലോചിക്കാനും മനസ്സു തുറന്നു സംസാരിക്കാനും തയ്യാറാവുന്നവര്‍ക്കിടയില്‍ ആരോഗ്യകരമായ ബന്ധം പ്രതീക്ഷിക്കാം. ഉള്ളിലൊതുക്കുന്ന ആത്മ സംഘര്‍ഷങ്ങള്‍ പകരം നല്‍കുന്നത് വ്യക്തിയുടെ ആയുസ്സും ആരോഗ്യവുമാണ്. കലവറയില്ലാത്ത പിന്തുണയുമായി ഒരുമിച്ചു ജീവിക്കുകയാണെങ്കിലോ ജീവിതം സ്വര്‍ഗപൂര്‍ണമാവുകയും ചെയ്യും. ഒരു നല്ല ഭര്‍ത്താവാകുക എളുപ്പമല്ല. ഭാര്യയുടെ സ്വഭാവങ്ങളും ഇഷ്ടങ്ങളും മനസ്സിലാക്കാനും ക്ഷമയോടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും കഴിയണം. അവളുടെ മനസ്സിന് സന്തോഷം നല്‍കുന്ന വാക്കുകളും പ്രവൃത്തികളും ഉണ്ടാക്കുന്നതിനു മടിക്കരുത്. ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അക്കാര്യം അവളെ ബോധ്യപ്പെടുത്തി സ്വന്തം താല്‍പര്യത്തില്‍നിന്നും അവള്‍ പിന്തിരിയാന്‍ അവസരമൊരുക്കണം. നല്ല പെരുമാറ്റത്തില്‍ മാത്രമേ മധുരസ്മരണകള്‍ നിലനില്‍ക്കൂ. തന്റെ അസാന്നിധ്യത്തിലും സ്ത്രീക്കു പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കുക ഒരുമിച്ചുള്ളപ്പോഴുള്ള അനുഭവങ്ങളാണ്. വീണ്ടും വീണ്ടും ഭര്‍ത്താവിന്റെ സാന്നിധ്യം കൊതിക്കുന്ന ഭാര്യ തന്റെ അനുഭവങ്ങളെയാണ് പ്രേരക ശക്തിയാക്കുന്നത്. കുറ്റങ്ങളും കുറവുകളും മനുഷ്യ സഹജമാണ്. സ്വാഭാവികമായും അതു തന്റെ ഭാര്യയിലും പ്രതീക്ഷിക്കാം. അവ തിരുത്തേണ്ടതാണ്. പക്ഷെ, മിക്ക പുരുഷന്മാരും തന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍വെച്ചു ഭാര്യയെ ശാസിക്കാനും കുറ്റപ്പെടുത്താനും മുതിരും. സ്വന്തം മാതാവിന്റെയും സഹോദരിമാരുടെയും സജീവ പിന്തുണയും അതിനുണ്ടാവും. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് സ്ത്രീ അനുഭവിക്കുന്ന ഈ ക്രൂര കൃത്യം അവളുടെ മനസ്സിലേല്‍പിക്കുന്ന മുറിവുകള്‍ അതിമാരകമാണ്. പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഭര്‍ത്താവ് ഓര്‍ത്തിരിക്കേണ്ട സത്യമിതാണ്: തന്റെ ഭാര്യ അവളുടെ മാതാപിതാക്കള്‍, മറ്റു കുടംബാംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം വിട്ട് സ്വന്തം താല്‍പര്യങ്ങളും സുഖങ്ങളും മാറ്റിവെച്ച് തന്റെ വീട്ടില്‍ കഴിയുന്നത് ഭര്‍ത്താവായ തന്നെ മാത്രം ലക്ഷ്യമാക്കിയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവ് തന്നെ അവളുടെ പരസ്യ ശത്രുവായിത്തീര്‍ന്നാല്‍ അതെന്തുമാത്രം നിര്‍ഭാഗ്യകരമാണ്? സ്വഭാവദൂഷ്യമുള്ള ഭാര്യയെ ഉപദേശിക്കാനും ഫലിച്ചില്ലെങ്കില്‍ കിടപ്പറയില്‍ ബഹിഷ്‌കരിക്കാനും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഉപദേശവും ബഹിഷ്‌കരണവും സ്വകാര്യതയിലാകണമെന്നാണ് പ്രവാചക നിര്‍ദ്ദേശം. എന്നുവെച്ചാല്‍, കിടപ്പറയില്‍ ബഹിഷ്‌കരിക്കാന്‍ മാത്രം പ്രശ്‌നം രൂക്ഷമായാലും അത് പകലില്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകാന്‍ ഇടവരരുത്. ഇതാണ് ഇസ്‌ലാമിക നിര്‍ദ്ദേശം. അഭിമാനം എല്ലാവര്‍ക്കുമുണ്ട്. അത് ചവിട്ടി മെതിക്കപ്പെടുമ്പോള്‍ ഏതു പ്രിയപ്പെട്ടവനും വെറുക്കപ്പെട്ടവനും ശത്രുവാകും. കണ്ണീരിന്റെ ദു:ഖപുത്രിമാരായി മിക്ക ഭാര്യമാരും ഭര്‍തൃഭവനത്തില്‍ കഴിയേണ്ടിവരുന്നത് ഭര്‍ത്താവിന്റെ സംസ്‌കാര ശൂന്യതകൊണ്ടാണ്. തന്റെ ഭാര്യക്കും കുടുംബങ്ങള്‍ക്കുമിടയില്‍ നക്ഷത്രമെണ്ണുന്ന ഭര്‍ത്താക്കളുമുണ്ട്. പരസ്പരം ശത്രുതയോടെ പോരടിക്കുന്ന ഭാര്യയും തന്റെ സഹോദരിമാരും മാതാവും. ഇവര്‍ക്കിടയില്‍ കക്ഷി ചേരാന്‍ നിവൃത്തിയില്ലെന്നു മാത്രമല്ല, ആര്‍ക്കും മുറിവേല്‍ക്കാതെ തന്റെ ഭാര്യയെ സംരക്ഷിക്കാനും പലര്‍ക്കും സാധിക്കാറില്ല. മരുമകളിലുള്ള അധികാര ഭാവം ഇസ്‌ലാം അനുകൂലിക്കുന്നില്ല. തന്റെ മകനില്‍ പരമാവധി സ്വാധീനത്തിനു മാതാവിന് അവകാശമുണ്ട്. എന്നാല്‍, അതപ്പടി മരുമകളിലേക്ക് പകര്‍ത്താന്‍ ന്യായമില്ലതാനും. കേരളീയ കുടുംബാന്തരീക്ഷത്തില്‍ അടിഞ്ഞുകൂടിയ ഈ ചിന്താധാരകള്‍ക്കു ഇസ്‌ലാമിന്റെ പിന്തുണയില്ലെന്നു നാം തിരിച്ചറിയണം. വേലക്കാരിക്കു സമാനമായി വിഴുപ്പലക്കാനും അടുക്കള ജോലിക്കും വിധിക്കപ്പെട്ടവളായി ഭര്‍തൃവീട്ടിലെത്തുന്ന സ്ത്രീ ഇന്ന് ചൂഷണം ചെയ്യപ്പെടുകയാണ്. ഭര്‍തൃമാതാവും സഹോദരിമാരും ഒരുമിച്ചുനടത്തുന്ന പോരില്‍നിന്നും മോചനം നേടാന്‍ കഴിയാതെ ഭര്‍തൃവീട് നരകമായി അനുഭവപ്പെടുന്ന സഹോദരികള്‍ ഏറെയുണ്ട്. മതബോധമുള്ള ഒരു സമൂഹത്തില്‍ മാത്രമേ ഇത്തരം പീഢനങ്ങളില്‍നിന്നും സ്ത്രീ മോചിതയാകൂ. ഭാര്യയുടെ അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും പരമാവധി വകവെച്ചുകൊടുക്കാന്‍ തയ്യാറാകുന്ന ഭര്‍ത്താവിന് തനിക്ക് ഭാര്യയില്‍നിന്നു ലഭിക്കേണ്ട അവകാശങ്ങള്‍ ലഭ്യമാവണം. സ്‌നേഹം നിറഞ്ഞ മനസ്സുമായി ഭര്‍തൃവീട്ടിലെത്തുന്ന ഭാര്യ പുതിയൊരു തസ്തികയില്‍ വേറിട്ടൊരു ജീവിതം നയിക്കുകയാണ്. ഇവിടെ തന്റെ സ്വപ്നങ്ങളിലെ രാജകുമാരനും നിലനില്‍പ്പിന്റെ കൂട്ടുകാരനും ഭര്‍ത്താവാണ്. അവനില്ലെങ്കില്‍ ഈ വീടും താനനുഭവിക്കുന്ന സൗകര്യങ്ങളും തനിക്കു ലഭ്യമല്ല. പറമെ, തന്റെ സ്ത്രീത്വത്തിന്റെ പൂര്‍ണതക്കും ഭര്‍ത്താവിന്റെ പിന്തുണ വേണം. സാമ്പത്തിക ബാലന്‍സിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഭര്‍ത്താവിന് ഊര്‍ജം നല്‍കുന്നത് ഭാര്യായാണ്. ലോകത്തു വിജയം വരിക്കുന്ന ഏതൊരു മനുഷ്യന്റെ കാര്യത്തിലും അണിയറയില്‍ ഭാര്യയുടെ സജീവ സാന്നിധ്യമുണ്ട്. മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം സമാധാനമാണ്. ഇത് പുരുഷന് ലഭിക്കുന്ന കേന്ദ്രം സ്ത്രീയാണെന്നു ഖുര്‍ആന്‍ പഠിപ്പിക്കുന്നു. സ്ത്രീയെ പുരിഷനില്‍നിന്നു സൃഷ്ടിക്കാന്‍ അല്ലാഹു ന്യായമാക്കിയത് പുരുഷന് സമാധാനം ഭാര്യയില്‍നിന്നു ലഭിക്കാന്‍വേണ്ടി എന്നതാണ്. വഹ്‌യിന്റെ പ്രഥമ ഘട്ടത്തില്‍ താനനുഭവിച്ച സംഘര്‍ഷങ്ങളില്‍നിന്നു മോചനം തേടി പ്രവാചകന്‍ ഓടിയണഞ്ഞത് തന്റെ ഭാര്യ ഖദീജാ ബീവിയിലേക്കായിരുന്നു. ഖുര്‍ആന്‍ അധ്യാപനവും പ്രവാചകന്റെ പ്രവര്‍ത്തനവും തെളിയിക്കുന്ന വസ്തുത ഇതാണ്: പരുഷന്റെ സമാധാന കേന്ദ്രം അവന്റെ ഭാര്യയാണ്. ഇതു തിരിച്ചറിഞ്ഞു പെരുമാറുന്നവളാണ് യഥാര്‍ത്ഥ ഭാര്യ. ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന ഭര്‍ത്താവിനോട്, വന്നുകയറുമ്പോള്‍ തന്നെ പരാതികളും പരിഭവങ്ങളും പറഞ്ഞ് സ്വസ്ഥത  നഷ്ടപ്പെടുത്തരുത്. അവന്റെ മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാക്കുന്ന വാക്കും പ്രവൃത്തിയും അവനില്‍നിന്നും ഉണ്ടാവുകയും വേണം. ഭര്‍ത്താവിന്റെ സാന്നിധ്യം കാരണം താന്‍ ഏറെ സന്തോഷവതിയാണെന്നു കക്ഷിയെ ബോധ്യപ്പെടുത്താന്‍ കഴിയണം. കുത്തുവാക്കുകളും അവഗണനാ ഭാവങ്ങളും ആരിലും മടുപ്പുളവാക്കും. ബന്ധങ്ങളുടെ കെട്ടുറപ്പ് പെരുമാറ്റത്തെ ആശ്രയിച്ചാണെന്നു വിസ്മരിക്കരുത്. കാത്തിരിപ്പിനും, കാത്തിരിക്കുന്നുവെന്ന തിരിച്ചറിവിനും പറഞ്ഞറിയിക്കാനാവത്തൊരു സുഖമുണ്ട്. വൈകിട്ട് ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഭാര്യ വന്നുകയറിയ ഉടനെ അല്‍പസമയമെങ്കിലും അദ്ദേഹത്തിന്റെ കൂടെയുണ്ടാകാന്‍ ശ്രദ്ധിക്കണം. ആവശ്യങ്ങള്‍ കണ്ടറിയണം. ആവശ്യപ്പെടുന്നതിനു മുന്തിയ പരിഗണന നല്‍കണം. പ്രയാസമുണ്ടാക്കുന്ന വല്ല വിവരവും പറയാനുണ്ടെങ്കില്‍ പൊടുന്നനെ പറയാതെ മറ്റു വിഷയങ്ങള്‍ക്കിടയില്‍ ഗൗരവം ചോര്‍ന്നുപോകാതെ അറിയിക്കുക. അതേസമയം, സന്തോഷവാര്‍ത്ത എത്രയും പെട്ടന്ന് പറയുകയും വേണം. അവസരത്തിനൊത്ത് പെരുമാറാന്‍ കഴിയുന്നുവെന്നതാണ് മനുഷ്യന്റെ പ്രത്യേകത. ദു:ഖത്തിലും സന്തോഷത്തിലും കൂടെ നില്‍ക്കാനുണ്ടാകുമെന്നത് വല്ലാത്തൊരു സുഖവും ആശ്വാസവുമാണ്. പെരുമാറ്റത്തിലെ വശീകരണവും വാക്കുകളില്‍ നിറയുന്ന കൊച്ചു തമാശകളും നമ്മുടെ ആരോഗ്യസംരക്ഷത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ട് മദ്യപാനത്തിലേക്കും മറ്റു ദുശ്ശീലങ്ങളിലേക്കും നീങ്ങുന്നവരെ കുറ്റപ്പെടുത്തുംമുമ്പ് അവരെ അതിലേക്കു പ്രേരിപ്പിച്ച കാര്യങ്ങള്‍ നാം മനസ്സിലാക്കണം. ചിലരെങ്കിലും ഒരല്‍പം സ്വസ്ഥതക്കുവേണ്ടിയാണ് മദ്യത്തില്‍ അഭയം തേടുന്നത്. അതവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നത് വേറെക്കാര്യം. കൂട്ടുകുടുംബ സംവിധാനമാണ് നമ്മുടേത്. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെ മാതാവ്, പിതാവ്, സഹോദരിമാര്‍, സഹോദര ഭാര്യമാര്‍, കുട്ടികള്‍ തുടങ്ങി പലരും ഉണ്ടാകും. ഭര്‍ത്താവിനെ സ്‌നേഹിക്കുന്നവര്‍ ഈ കുടുംബ വൃത്തത്തില്‍നിന്നു ഭര്‍ത്താവിനെ പുറത്തു ചാടിക്കാന്‍ ശ്രമിക്കരുത്. പകലില്‍ നടന്ന മറ്റുള്ളവരുടെ അസ്വസ്ഥതയുണ്ടാക്കുന്ന ചില്ലറ പെരുമാറ്റങ്ങള്‍ പെരുപ്പിച്ച് ഭര്‍ത്താവിനോട് പറയുന്നവള്‍ സല്‍സ്വഭാവിയല്ല.  തന്റെ അത്തരത്തിലുള്ള പ്രയാസങ്ങള്‍ പരമാവധി മറച്ചുവെക്കലാണ് ബുദ്ധി. കാരണം, ഭര്‍ത്താവ് അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്ന് അകലരുത്. ഒരു കുടുംബ കലഹത്തിന് ഞാന്‍ കാരണക്കാരിയാകരുത് എന്നായിരിക്കണം അവളുടെ ചിന്ത. പലതും കണ്ടില്ലെന്നും ചിലതെങ്കിലും കേട്ടില്ലെന്നും നടിക്കേണ്ടിവരും. ഉരുളക്കുപ്പേരി കണക്കെ പ്രതികരിക്കുന്ന മരുമക്കളെ അമ്മായിയമ്മ പൊറുക്കണമെന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശാന്തമായി ശ്രമിക്കുകയും വേണം. മൗനം പാലിക്കേണ്ട ഘട്ടത്തില്‍ കത്തിക്കയറുകയും കാര്യങ്ങള്‍ വിശദീകരിക്കേണ്ട അവസരത്തില്‍ മൗനിയാവുകയും ചെയ്യുന്നത് മറ്റുള്ളവരുടെ ദേഷ്യം ഇരട്ടിപ്പിക്കാന്‍ നിമിത്തമാകും. അതുകൊണ്ടുതന്നെ, എന്തിനും വേണ്ടത് തന്റേടമാണ്. സ്‌നേഹംകൊണ്ടും സ്വഭാവഗുണം കൊണ്ടും ഭര്‍ത്താവിനെയും കുടുംബത്തെയും കീഴടക്കാന്‍ പെണ്ണിന് കഴിയണം. അതവളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും കുടുംബത്തില്‍ സമാധാനമുണ്ടാക്കുകയും ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter