ചന്ദ്രശേഖർ ആസാദ് ഷഹീൻബാഗിൽ: ആവേശത്തിമർപ്പിൽ സമര വേദി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായതിന് ശേഷം ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതോടെ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ഡൽഹിയിലെത്തി. കൊടും തണുപ്പിനെ വകവെക്കാതെ ഷഹീന്‍ബാഗിൽ സമരം നടത്തുന്ന ഇന്ന് സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതല്‍ കരുത്തു പകരാനാണ് ആസാദ് ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ ഒരു മാസമായി അലയടിച്ച 'ഹെ ദേഖേംഗെ…' വരികൾ പാടി സമരക്കാർ ആസാദിനെ സ്വാഗതം ചെയ്തു. സമരവീര്യം നിറഞ്ഞു നില്‍ക്കുന്ന ഉമ്മക്കൂട്ടത്തിലേക്ക് അയാളെത്തി. നീല ഷാള്‍ തലയില്‍ ചുറ്റി, മീശ പിരിച്ച്‌ കയ്യില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്‌ ആസാദ് എത്തിയതോടെ സമരം അത്യാവേശത്തിലായി. സമരപ്പന്തലിലെ ഉമ്മമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ആസാദ് തുടങ്ങിയത്. 'ഇത് വെറുമൊരു രാഷ്ട്രീയ പ്രക്ഷോഭമല്ല. നമുക്ക് നമ്മുടെ ഭരണഘടനയേയും രാജ്യത്തിന്റെ ഐക്യത്തേയും സംരക്ഷിക്കേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡുകള്‍ ഭേദിച്ച കൊടും തണുപ്പിന് സമരക്കാരുടെ വീര്യം തകര്‍ക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയ ആസാദ് അടുത്ത പത്തു ദിവസത്തിനുള്ളില്‍ രാജ്യമെങ്ങും അയ്യായിരം ഷഹീന്‍ബാഗുകള്‍ ഉയരുമെന്നും ഉറപ്പ് നൽകി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter