ജനത കർഫ്യൂവിനിടെ ഷഹീൻ ബാഗിലും ജാമിഅയിലും പെട്രോൾ ബോംബേറ്
ന്യൂഡൽഹി: കോവിഡ് 19നെ നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്ത ജനത കർഫ്യൂവിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ മുഖമായി മാറിയ ഷാഹിൻ ബാഗിലെയും ജാമിഅയിലെയും സമരപ്പന്തലുകൾ ക്ക് നേരെ അജ്ഞാതരുടെ പെട്രോൾ ബോംബേറ്.

ഞായറാഴ്ച രാവിലെയാണ് ഷഹിൻ ബാഗിലെ സമരപ്പന്തലിന് ഏതാനും മീറ്ററുകൾ അകലെയുള്ള പോലീസ് ബാരിക്കേഡിനടുത്ത് പെട്രോൾ ബോംബ് വീണത്. ബൈക്കിൽ വന്ന് ബോംബെറിഞ്ഞ അക്രമികളെ പിടികൂടാനായിട്ടില്ല. പെട്രോളും മറ്റുചില സ്ഫോടനമുണ്ടാക്കുന്ന രാസവസ്തുക്കളും കുപ്പിയിൽ നിറച്ച് നിർമ്മിച്ച പെട്രോൾ ബോംബുകളിൽ ചിലത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അതേസമയം ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ സമരം നടക്കുന്ന ഗേറ്റിന് നേരെയാണ് ബോംബെറിഞ്ഞത്. ഡെലിവറി ബോയ് വേഷത്തിലെത്തിയാണ് അക്രമി ബോംബെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.

നേരത്തെ കൊറോണ വൈറസ് പടരുന്നത് പ്രമാണിച്ച് സമരം നിർത്തിവെക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും വൈറസ് പ്രതിരോധിക്കാനുള്ള പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരക്കാർ സമരം തുടരുക തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter