സിന്ധിന്റെ നായകന്‍ (ഭാഗം ഏഴ്)

7.പ്രതികാരത്തിന്റെ ഇരകള്‍.

പ്രതീക്ഷിച്ചതുപോലെ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് പ്രതികാരം തുടങ്ങി. തന്നെ അധികാരത്തില്‍ നിന്നകററുവാന്‍ ശ്രമിച്ച ഖലീഫ വലീദിനെ പിന്തുണച്ച ഓരോരുത്തരോടും സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് പ്രതികാരം ചെയ്തു. ഹിജ്‌റ 96 മുതല്‍ 99 വരേയുള്ള ഏതാണ്ട് രണ്ടരക്കൊല്ലം മാത്രം ഭരണം നിര്‍വ്വഹിച്ച സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിനെ അമവികളിലെ വളരെ മികച്ച ഭരണാധികാരിയായിട്ടാണ് ഗണിക്കപ്പെടാറുള്ളത് എങ്കിലും അന്ധമായ ഈ വിരോധങ്ങള്‍ ആ വ്യക്തിത്വത്തില്‍ ചില കറുത്ത പുള്ളികള്‍ വീഴ്ത്തി. 
സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ ശുദ്ധ മനസ്സ് വായിക്കാവാന്‍ തന്റെ പിന്‍ഗാമിയുടെ കാര്യത്തില്‍ അദ്ദേഹം എടുത്ത തീരുമാനം മാത്രം മതിയാകും. സ്വന്തം മക്കളും സഹോദരങ്ങളും അര്‍ഹരായി ഉണ്ടായിരുന്നിട്ടും തന്റെ ശേഷക്കാരനായി അദ്ദേഹം ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ)വിനെ നിശ്ചയിക്കുകയുണ്ടായി. ഇസ്‌ലാമിക ലോകത്ത് നാലു റാഷിദീ ഭരണാധികാരികള്‍ക്കു ശേഷം പറയപ്പെടുന്ന നാമം രണ്ടാം ഉമര്‍ എന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍േറതാണ്. നീതിയിലും വികസനത്തിലും പ്രജാക്ഷേമത്തിലും ഉമറുല്‍ ഖത്താബിന്റെ തൊട്ടു പിന്നില്‍ നില്‍ക്കുന്ന ഭരണാധികാരിയായിരുന്നു ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ). മാത്രമല്ല സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ ഏററവും പ്രധാന ഉപദേശകനും അദ്ദേഹമായിരുന്നു. സ്വാലീഹീങ്ങളായ ആള്‍ക്കാര്‍ ഡമാസ്‌കസിലെ കൊട്ടാരത്തില്‍ കുടികെട്ടിയ കാലമായിരുന്നു സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്‍േറത്.
പക്ഷെ, മേല്‍പ്പറഞ്ഞ പ്രതികാരനടപടികള്‍ അദ്ദേഹത്തിന് കളങ്കമുണ്ടാക്കി. അദ്ദേഹത്തിന്റെ പ്രതികാരത്തിന് ഇരയായത് മൂന്ന് പ്രധാനികളായ നായകന്‍മാരായിരുന്നു. അവരിലൊരാള്‍ സമര്‍ഖന്ദ് വരേയുള്ള മധ്യേഷ്യന്‍ പ്രദേശങ്ങള്‍ ജയിച്ചടക്കിയ ഖുതൈബ ബിന്‍ മുസ്‌ലിം അല്‍ ബാഹിലിയായിരുന്നു. ഖുറാസാനും തുര്‍ക്കുമാനിസ്ഥാനും കടന്ന് ചൈനയിലെ വന്‍മതിലിനരികെ വരെ ഇസ്‌ലാമിക രാജ്യത്തിന്റെ അതിരെത്തിച്ച ഈ പടനായകനെ ഖലീഫ വധിച്ചത് എക്കാലത്തും ഇസ്‌ലാമിക ചരിത്രത്തില്‍ കണ്ണിനീരില്‍ നനഞ്ഞുകിടക്കുന്ന ഒരു അധ്യായമാണ്. പുതിയ ഖലീഫയോടുള്ള കൂറ് പ്രഖ്യാപിച്ചില്ല എന്നത് ഖുതൈബ ചെയ്ത ഒരു പാതകമായി പറയാമെങ്കിലും അദ്ദേഹം നേടിയിട്ടുള്ള നേട്ടങ്ങളും വിജയങ്ങളും അതിനെല്ലാം എത്രയോ ഉപരിയാണല്ലോ എന്നായിരുന്നു പൊതു സംസാരം.
രണ്ടാമത്തെ ഇര ഉന്തുലുസ് എന്ന സ്‌പൈന്‍ കീഴടക്കിയ മൂസാ ബിന്‍ നുസൈ്വറിന്റെ മകന്‍ അബ്ദുല്‍ അസീസായിരുന്നു. പിതാവ് തുടക്കം കുറിച്ച യൂറോപിലെ വിജയങ്ങള്‍ പൂര്‍ത്തീകരിച്ചത് അബ്ദുല്‍ അസീസായിരുന്നു. ഫ്രാന്‍സിന്റെ അതിര്‍ത്തിവരെ അദ്ദേഹം ഇസ്‌ലാമിക രാജ്യത്തിന്റെ അതിരുകള്‍ കൊണ്ടെത്തിച്ചു. അബ്ദുല്‍ അസീസിനോടുള്ള വിരോധമല്ല അദ്ദേഹത്തിന്റെ പിതാവ് മൂസാ ബിന്‍ നുസൈ്വറിനോടുള്ള പ്രതികാരമായിരുന്നു ഈ വധത്തിലൂടെ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് ചെയ്തത്.
മൂന്നാം ഇര സിന്ധിന്റെ വിമോചകന്‍ മുഹമ്മദ് ബിന്‍ ഖാസിമായിരുന്നു. മുഹമ്മദ് ബിന്‍ ഖാസിമിനോടും ഖലീഫയുടെ ക്രൂരത നേരിട്ടുള്ളതല്ലായിരുന്നു. ഹജ്ജാജ് ബിന്‍ യൂസുഫിനോടുള്ള പക -ഹജ്ജാജ് മരിച്ചുപോയതിനാല്‍- അദ്ദേഹത്തിന്റെ കുടുംബത്തോട് ഖലീഫ വീട്ടുകയായിരുന്നു. ഹജ്ജാജിന്റെ കാലത്ത് പല അധികാരങ്ങളും നേടിയവരെയെല്ലാം തെരഞ്ഞുപിടിച്ച് ഹജ്ജാജ് തന്നെയുണ്ടാക്കിയ വാസ്വിഥിലെ ജയിലിലടച്ചു. മൃഗീയമായി അവരെ ശിക്ഷിച്ചു. അവരിലൊളായി മുഹമ്മദ് ബിന്‍ ഖാസിമും.
അധികാര മാററം നടന്നതോടെ സിന്ധില്‍ പുതിയ പ്രവിശ്വാഭരണാധികാരിയായി യസീദ് ബിന്‍ അബൂ കബ്ശ സിന്ധിലെത്തി. മുഹമ്മദ് ബിന്‍ ഖാസിമിന്റെ സ്ഥാനത്ത് യസീദിനെ നിയമിച്ചുകൊണ്ടുള്ള രേഖയും അദ്ദേഹം കൊണ്ടൂവന്നിരുന്നു. അധികാരത്തില്‍ തല്‍പരനല്ലായിരുന്ന മുഹമ്മദ് ബിന്‍ ഖാസിം നിറഞ്ഞ മനസ്സോടെ പുതിയ ഭരണാധികാരിയെ സ്വീകരിച്ചു. അധികാരം നഷ്ടപ്പെടുന്നതില്‍ അദ്ദേഹത്തില്‍ യാതൊരു ഭാവമാററവുമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ സൈന്യത്തിനും സിന്ധിലെ മുസ്‌ലിംകളും അല്ലാത്തവരുമായ പൊതുജനങ്ങള്‍ക്കും വേദനയുണ്ടായി.
പുതിയ ഭരണാധികാരി പക്ഷെ, ചിരിച്ചില്ല. മുഹമ്മദ് ബിന്‍ ഖാസിമിന്റെ സ്വീകരണങ്ങളും സന്തോഷവും കണ്ടെന്നുനടിച്ചതുമില്ല.ക്രൂരഭാവത്തിലുള്ളതായിരുന്നു ഓരോ നോക്കും വാക്കും. ഒരു തെററും ചെയ്തിട്ടില്ലാത്ത തന്നോട് ഇങ്ങനെ പെരുമാറുന്നതില്‍ മുഹമ്മദിന് വല്ലാത്ത വിഷമം തോന്നി. പക്ഷെ, എന്തു കാര്യം?. താനിപ്പോള്‍ പൊതുജനങ്ങളില്‍ ഒരാള്‍ മാത്രമാണ്.
അധികം വൈകിയില്ല യസീദ് ബിന്‍ അബൂ കബ്ശ മുഹമ്മദ് ബിന്‍ ഖാസിമിനെ അറസ്‌ററു ചെയ്തു. സിന്ധിലെ ഓരോത്തരുടെയും സ്‌നേഹം ഏററുവാങ്ങിയ ആ മഹാന്റെ കയ്യിലും കാലിലും യസീദ് ചങ്ങലയിട്ടു. വളരെ നിന്ദ്യമായും നീചമായും മുഹമ്മദ് ബിന്‍ ഖാസിമിനെ വലിച്ചിഴച്ച് കൊണ്ടുപോയി കപ്പലില്‍ കയററി. കപ്പല്‍ ബസ്വറാ തുറമുഖത്തെത്തി. അവിടെ നിന്നും നേരെ ക്രൂരതകള്‍ ഫണമുയര്‍ത്തിയാടുന്ന ജയിലിലേക്ക്. താന്‍ സുഖലോലുപതയുടെ മടിത്തട്ടില്‍ വളര്‍ന്നുവന്ന വാസ്വിഥിലെ ജയിലിലേക്ക്. അവിടെ ചെന്നുനോക്കുമ്പോള്‍ തന്റെ കുടുംബാംഗങ്ങളായ ധാരാളം പേര്‍ അവിടെ മരിക്കാതെ മരിച്ചു കഴിയുന്നുണ്ടായിരുന്നു.
ജയിലില്‍ മുഹമ്മദ് ബിന്‍ ഖാസിമും കുടുംബാംഗങ്ങളും കടുത്ത പീഢനങ്ങള്‍ക്കായിരുന്നു വിധേയരായിരുന്നത്. ഇറാഖിലെ പുതിയ ഗവര്‍ണ്ണര്‍ യസീദ് ബിന്‍ മുഹല്ലബായിരുന്നു. ഇദ്ദേഹത്തിനു കീഴിലാണ് ജയിലും ശിക്ഷാനടപടികളുമൊക്കെ. എന്നാല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് ഹജ്ജാജിന്റെ കുടുംബാംഗങ്ങളെ ശിക്ഷിക്കുന്ന ആരാച്ചാര്‍ പണി മറെറാരാളെ ഏല്‍പ്പിച്ചിരിക്കുകയാണ്. സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ എന്നയാളെ. സ്വാലിഹ് ശരിക്കും നികുതി വകുപ്പ് മേധാവി മാത്രമാണ്. എന്നാല്‍ ഹജ്ജാജിന്റെ ആള്‍ക്കാരോട് ക്രൂരത ചെയ്യുവാന്‍ പററിയ ആള്‍ സ്വാലിഹ് ബിന്‍ അബ്ദുറഹ്മാനാണ് എന്ന് ഖലീഫ മനസ്സിലാക്കിയിട്ടുണ്ട്. അതിമൊരു കാരണമുണ്ട്.
സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന് ഒരു സഹോദരനുണ്ടായിരുന്നു. ആദം എന്നായിരുടെ അയാളുടെ പേര്‍. ആദം ഖവാരിജുകളുടെ ക്യാമ്പിലെത്തിപ്പെട്ടു. തീവ്രമായ ചിന്തകളിലേക്ക് അനുയായികളെ എത്തിക്കുകയാണ് ഖവാരിജുകളുടെ ശൈലി. ഖുര്‍ആനും സുന്നത്തും ചരിത്രങ്ങളും വെച്ച് അനുഭവങ്ങളെ അവര്‍ പര്‍വ്വതീകരിക്കുന്നു. നിരന്തരമായ ഉദ്‌ബോധനങ്ങളിലൂടെ അവര്‍ അനുയായികളെ ഏതു കാററിലും കോളിലും ആടിയുലയാത്ത വിധം ഉറപ്പിച്ചുനിറുത്തുന്നു. പീഢന-താഢനങ്ങള്‍ക്കോ പ്രകോപന-പ്രലോഭനങ്ങള്‍ക്കോ സ്വാധീനിക്കുവാന്‍ കഴിയാത്ത വിധം.
ആദമും അത്തരമൊരാളായി. ഹജ്ജാജ് അതറിഞ്ഞു. ഖവാരിജുകളെ വേട്ടയാടുന്ന കാലമായിരുന്നു. പിടികൂടുന്ന ഖവാരിജുകളെ ഓരോരുത്തരേയും അവരുടെ ന്യായങ്ങള്‍ പറയുവാനുള്ള അവസരം കൂടി നല്‍കാതെ ഹജ്ജാജ് കൊന്നുകളയുമായിരുന്നു. ആദമിനെ ഹജ്ജാജ് ഇങ്ങനെ ക്രൂരമായി തലയറുത്ത് കൊന്നു. അത് സഹോദരനായ സ്വാലിഹ് ബിന്‍ അബ്ദുറഹ്മാനെ പിടിച്ചുലച്ച സംഭവമായിരുന്നു.
ഇതിന് പ്രതികാരം ചെയ്യുവാന്‍ സ്വാലിഹിന് മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കവെ ഹജ്ജാജും ഖലീഫാ വലീദും മരിക്കുകയും സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് ഖലീഫയാവുകയും സ്വാലിഹിനെ ഇറാഖിലെ നികുതി വകുപ്പ് ഏല്‍പ്പിക്കുകയും ചെയ്തത്.അധികാരത്തിന്റെ ഒരു അഗ്രത്തിലെത്തിയ സ്വാലിഹ് തനിക്കു കിട്ടിയ അവസരങ്ങളൊക്കെ ഹജ്ജാജിനോടുള്ള പക അയാളുടെ കുടുംബാംഗങ്ങളോട് തീര്‍ക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്.
സ്വാലിഹ് ഓരോരുത്തരേയും ക്രൂരമായി ജയിലിലിട്ടു പീഢിപ്പിച്ചു. എന്നാല്‍ മുഹമ്മദ് ബിന്‍ ഖാസിമിനെ ശിക്ഷിക്കുവാന്‍ അയാള്‍ക്ക് മുമ്പില്‍ വേറെ ന്യായങ്ങളൊന്നും പ്രത്യക്ഷത്തിലില്ലായിരുന്നു. എന്തെങ്കിലും ചെറിയ കുററങ്ങള്‍ കണ്ടെത്തുകയും ചുമത്തുകയും ചെയ്ത ക്രൂരമായി ശിക്ഷിക്കുകയായിരുന്നു സ്വാലിഹിന്റെ ശൈലി.
മുഹമ്മദ് ബിന്‍ ഖാസിമിനെ ശിക്ഷിക്കുവാന്‍ ഒരു ന്യായത്തിന്റെ കച്ചത്തുരുമ്പ് തെരയുകയാണ് സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്‍. ഒന്നുമില്ലാതെ ശിക്ഷിക്കുമ്പോള്‍ അതു ജനങ്ങളുടെ ഇടയില്‍ വിപരീത ഫലമുണ്ടാക്കും എന്നയാള്‍ക്കറിയാം. മുഹമ്മദ് ബിന്‍ ഖാസിമിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. കാരണം മുഹമ്മദ് ബിന്‍ കാസിം ഇസ്‌ലാമിക ലോകത്ത് ഒരു  വികാരമായി ജ്വലിച്ചുനില്‍ക്കുന്ന ആളാണ്. ദൂരെ സിന്ധില്‍ ഐതിഹാസികമായ വിജയമാണ് മുഹമ്മദ് നേടിയിട്ടുള്ളത്.
ആ നാട് മുഴുവന്‍ മുസ്‌ലിംകളുടെ കീഴിലാക്കിയ മഹാനാണ്. അതും ദാഹിറിനെ പോലെ ഒരു വലിയ രാജാവിനെ നിഷ്‌കാസനം ചെയ്ത്. മുഹമ്മദ് ബിന്‍ ഖാസിം സിന്ധില്‍ നിന്നു പോരുന്ന രംഗം ആര്‍ക്കും മറക്കുവാനാവാത്തതാണ്. ആ നാടിനും നാട്ടുകാര്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. ചങ്ങലകളില്‍ ബന്ധിച്ച് അദ്ദേഹത്തെ കൊണ്ടുവരുന്ന ദിവസം അവിടെ കൂട്ടക്കരച്ചിലായിരുന്നു. അവരില്‍ വര്‍ണ്ണ-വര്‍ഗ-മത വിഭാഗീയതകള്‍ ഒന്നുമുണ്ടായിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്റെ ഒരു പടുകൂററന്‍ പ്രതിമ തന്നെ അവര്‍ സിന്ധില്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. സിന്ധിലെ ബഹുദൈവ വിശ്വാസികള്‍ തങ്ങളുടെ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉണ്ടാക്കാറുള്ളതുപോലെ.
ഒരു ചിത്രവും തെളിയാതെ സ്വാലിഹ് ദിനങ്ങള്‍ നീക്കി. അതിനിടയില്‍ തന്റെ ജോലിയായ നികുതിപിരിവില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഡമാഡ്കസില്‍ പോയി പുതിയ ഖലീഫയെ മുഖം കാണിക്കുമ്പോള്‍ നികുതി ശേഖരണത്തിലുള്ള ഉണര്‍വ്വം ഉന്‍മേഷവും കാണിക്കേണ്ടതുണ്ട്. ഖലീഫമാര്‍ ഏററവും ശ്രദ്ധിക്കുന്ന കാര്യമാണ് സാമ്പത്തിക വരവുകള്‍. പിരിവ് ജോറാക്കി ഖലീഫയെ കാണാന്‍ പോയാല്‍ ഖലീഫയോട് ഒന്നുകൂടി അടുക്കാം. അതുവെച്ച് തന്റെ ലക്ഷ്യങ്ങളിലേക്കൊക്കെ കൂടുതല്‍ വേഗത്തില്‍ അടുക്കാം.
അങ്ങനെ ചിന്തിച്ച സ്വാലിഹ് അതിനുള്ള ഒരുക്കങ്ങള്‍ നടത്തി.അധികം വൈകാതെ തലസ്ഥാനത്തേക്ക് ഖലീഫയെ കാണാന്‍ പോകുവാനുള്ള അവസരം വന്നു. സ്വാലിഹും ഒരു സംഘവും ഡമാസ്‌കസിലേക്ക് പുറപ്പെട്ടു. അപ്പോഴും സ്വാലിഹ് ഓരോ ഭാഗത്തേക്കും നോക്കിക്കൊണ്ടിരിക്കുകയാണ്. മുഹമ്മദ് ബിന്‍ ഖാസിമിനെതിരെ എന്തെങ്കിലും പിടിവള്ളി കിട്ടുമോ എന്നും നോക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter