മലേഷ്യൻ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് അൻവർ ഇബ്രാഹിം
ക്വലാലംപൂർ: തെക്ക്-കിഴക്കൻ ഏഷ്യൻ രാഷ്ട്രമായ മലേഷ്യയുടെ പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് പ്രതിപക്ഷനേതാവ് അൻവർ ഇബ്രാഹിം. സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷ പാർലമെന്റ് അംഗങ്ങളുടെയും പിന്തുണ തനിക്ക് ലഭിച്ചതായി അൻവർ ഇബ്രാഹിം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ ഭൂരിപക്ഷം പാർലമെന്റ് അംഗങ്ങളും പിന്തുണക്കുന്നുണ്ടെന്നും അതിനാൽ രാജാവിനെ കണ്ടു സർക്കാർ ഉണ്ടാക്കുന്നതിനുള്ള അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിപദത്തിലെത്താൻ രാജാവിന്റെ പിന്തുണ അനിവാര്യമായ അൻവർ ഇബ്രാഹിം തനിക്ക് എംപിമാർ പിന്തുണ നൽകിയത് രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാനും പുരോഗതിയിലേക്ക് നയിക്കാനുമാണെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

രാജാവിനെ കണ്ട് തന്റെ ഭൂരിപക്ഷം അറിയിക്കുവാൻ അൻവർ ഇബ്രാഹിം ശ്രമിച്ചിരുന്നെങ്കിലും അസുഖബാധിതനായതിനെ തുടർന്ന് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ശ്രമം ഫലം കണ്ടില്ല. രാഷ്ട്രീയ കൊടുങ്കാറ്റുകളെ തുടർന്ന് മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവെച്ചതിന് പിന്നാലെയാണ് നിലവിലെ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസീൻ അധികാരത്തിലെത്തുന്നത്. അൻവർ ഇബ്രാഹിം ഭരണമാറ്റം സൃഷ്ടിച്ചാൽ വെറും 7 മാസത്തെ കാലാവധി മാത്രമാണ് മുഹിയുദ്ദീൻ യാസിന് പ്രധാനമന്ത്രിപദത്തിൽ ലഭിക്കുക.

അൻവർ ഇബ്രാഹിമിന്റെ പ്രഖ്യാപനത്തോട് ഗവൺമെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അൻവർ ഇബ്രാഹിമിന്റെ പ്രഖ്യാപനം തീർത്തും കള്ളമാണെന്നാണ് വാണിജ്യ മന്ത്രി അസ്മീൻ അലി വ്യക്തമാക്കിയത്. നാഷണൽ ട്രസ്റ്റ് പാർട്ടി അൻവർ ഇബ്രാഹിമിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചപ്പോൾ മലേഷ്യൻ ഇസ്‌ലാമിക് പാർട്ടി അൻവർ ഇബ്രാഹിബിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി. അതേസമയം ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി കാര്യങ്ങൾ പഠിച്ചതിനുശേഷം നയം പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter