ഡൽഹി കലാപം: വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയുടെ പേര് പുതിയ കുറ്റപത്രത്തിലുമില്ല
ന്യൂഡല്‍ഹി: പൗരത്വ സമരത്തിൽ പങ്കെടുത്തവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി​ ​പൊലീസ് പുറത്തിറക്കിയ ഏറ്റവും പുതിയ കുറ്റപത്രത്തിലും കലാപം ആളിക്കത്തിക്കാൻ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാവ്​ കപില്‍ മിശ്രയുടെ പേര് ഇടം പിടിക്കാത്തത് വിവാദമാവുന്നു.

കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉയരുകയും മിശ്രക്കെതിരായ സാക്ഷികള്‍ ഉണ്ടാവുകയും ചെയ്തിട്ടും കുറ്റപത്രത്തില്‍ ഈ വർഗീയ വാദിയുടെ പേരില്ലാത്തത്​ വലിയ വിവാദത്തിനാണ്​ തിരികൊളുത്തിയിരിക്കുന്നത്​. 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തിന്​ കപില്‍ മിശ്രയടക്കമുള്ളവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ്​ കാരണമായി ആരോപിക്കപ്പെടുന്നത്​. കലാപത്തിനിടെ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലാണ്​ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്​.

കപില്‍ മിശ്രക്കെതിരെ കുറ്റപത്രത്തില്‍ സാക്ഷിമൊഴി ഉളളതായാണ് റിപ്പോര്‍ട്ട്. കപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച്‌ നശിപ്പിച്ചതായി ഒരു സി.എ.എ വിരുദ്ധ സമരവേദിയില്‍ വെച്ച്‌ വിളിച്ച്‌ പറയുന്നതായി കേട്ടു എന്നാണ് സാക്ഷിമൊഴി. എന്നാൽ ഈ സാക്ഷിമൊഴി തള്ളിക്കളഞ്ഞ പോലീസ് സമരക്കാരെ ഇളക്കിവിടാന്‍ ചിലര്‍ മനഃപ്പൂര്‍വ്വം പ്രചാരണം നടത്തിയതാണെന്നാണ് പറയുന്നത്. 76 പൊലീസുകാരും ഏഴ്​ പ്രദേശവാസികളും അടക്കം 164 സാക്ഷി മൊഴികളാണ് ഡല്‍ഹി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter