മൂന്ന്തരം നോമ്പുകള്‍

ഇമാം ഗസാലി (റ) പറയുന്നു, നോമ്പ് മൂന്ന് തരമാണ്. സാധാരണക്കാരുടെ നോമ്പ്, വിശിഷ്ടവ്യക്തികളുടെ നോമ്പ്, അതിവിശിഷ്ടവ്യക്തികളുടെ നോമ്പ്.

വയറും ഗുഹ്യസ്ഥാനവും അതിന്റെ വികാരപ്രകടനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് സാധാരണക്കാരുടെ നോമ്പ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണം കഴിക്കാതെയും വൈകാരികബന്ധം ഇല്ലാതെയും നിലകൊള്ളുന്നതോടെ നോമ്പ് പൂര്‍ണ്ണമായി എന്നാണവരുടെ ധാരണ. ഇത്തരക്കാരെക്കുറിച്ചാണ് പ്രവാചകര്‍ (സ) പറഞ്ഞത്, എത്രയെത്ര നോമ്പുകാരാണ്, അവരുടെ നോമ്പില്‍നിന്ന് ബാക്കിയാവുന്നത് വിശപ്പും ദാഹവും മാത്രമാണ്.

വിശിഷ്ടവ്യക്തികളുടെ നോമ്പില്‍ മേല്‍പറഞ്ഞതോടൊപ്പം മുഴുവന് അവയവങ്ങളും കൂടി നോമ്പില്‍ പങ്കാളികളാവുന്നു. അല്ലാഹു നിഷിദ്ധമായ ഒന്നിലേക്കും നോക്കുകയോ കാണുകയോ അത്തരം കാര്യങ്ങളൊന്നും സംസാരിക്കുകയോ കേള്‍ക്കുകയോ അവര് ചെയ്യില്ല. അസത്യം, ഏഷണ, പരദൂഷണം തുടങ്ങിയവയൊന്നും കടന്നുവരുന്നേയില്ല. ഇതാണ് പ്രവാചകര്‍ (സ) പഠിപ്പിച്ചത്, നിങ്ങളാരെങ്കിലും നോമ്പുകാരനായാല്‍ തെറി പറയുകയോ ശണ്ഠ കൂടുകയോ അരുത്, ആരെങ്കിലും അവനോട് എതിര്‍ക്കാനോ ശണ്ഠ കൂടാനോ വന്നാല്‍, നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറട്ടെ.

ഈ വിഭാഗം ഇത്ര കര്‍ശനമായി നോമ്പ് അനുഷ്ഠിക്കുമ്പോഴും അവരുടെ മനസ്സുകള്‍ ആശങ്കയില്‍ തന്നെയാണ്, തങ്ങളുടെ നോമ്പ് അല്ലാഹു സ്വീകരിക്കുമോ ഇല്ലേ എന്ന് സദാസമയവും ആശങ്കപ്പെട്ടുകൊണ്ടിരിക്കുകയായിരിക്കും അവര്‍. പേടിയുടെയും പ്രതീക്ഷയുടെയും ഇടയിലായിരിക്കും അവര്‍ എന്നര്‍ത്ഥം.

മൂന്നാമത്തെ വിഭാഗത്തിന്റെ നോമ്പ് ഏറ്റവും മഹത്തരവും ഉദാത്തവുമാണ്. അവയവയങ്ങളെല്ലാം മേല്‍പറഞ്ഞവിധം നോമ്പ് എടുക്കുന്നതോടൊപ്പം അവരുടെ മനസ്സുകള്‍ കൂടി നോമ്പ് എടുക്കുന്നു. അഥവാ, നോമ്പ് സമയത്ത് മതപരവും ആത്മീയവുമായ ചിന്തകളല്ലാത്ത ഒന്നും തന്നെ അവരുടെ മനസ്സിലേക്ക് കടുന്നുവരുന്നേയില്ല. ഉറച്ച മനസ്സിന്റെ ആളുകളാണ് അവര്‍. പ്രവാചകരും ഔലിയാക്കളുമെല്ലാം ഈ വിഭാഗം നോമ്പ് അനുഷ്ഠിക്കുന്നവരാണ്.

സുഹൃത്തേ, സ്വന്തം നോമ്പിനെക്കുറിച്ച് ഇനി ഒന്ന് ചിന്തിച്ചുനോക്കുക. ഏതേ ഗണത്തിലാണ് നമ്മുടെ നോമ്പ് വരുന്നതെന്ന്. പരമാവധി ഉന്നതങ്ങളിലേക്ക് പോവാനായിരിക്കണം നമ്മുടെ ശ്രമം. സാധാരണക്കാരന്റെ നോമ്പാണ് നമ്മുടേതെങ്കില്‍ എത്രയും വേഗം അത് വിശിഷ്ടരുടെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുക. അവിടെ നിന്ന് അതിവിശിഷ്ടരുടേതിലേക്കും, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter