ബാബരി കേസ്: നിയമപോരാട്ടവഴിയില്‍ ഇനിയും സാധ്യതകളുണ്ടെന്ന് അഖിലേന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോര്‍ഡ് അധ്യക്ഷൻ
ലഖ്‌നൗ: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് അന്തിമമല്ലെന്നും നിയമപോരാട്ടവഴിയില്‍ ഇനിയും സാധ്യതകള്‍ ഉണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അധ്യക്ഷനുമായ സഫരിയാബ് ജീലാനി പറഞ്ഞു. കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ പേഴ്സണൽ ലോ ബോര്‍ഡ് തീരുമാനിച്ച വാർത്തകൾകിടെയാണ് ജീലാനി ഈ പ്രസ്താവന നടത്തിയത്. അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ഒരു കേസിലെ അന്തിമ തീരുമാനമല്ല. അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഒരു ഡസനിലധികം ഉത്തരവുകള്‍ പിന്നീട് പുനപ്പരിശോധിക്കപ്പെട്ടിട്ടുണ്ട്. 13 അംഗ വിശാല ബെഞ്ച് വരെ രൂപീകരിച്ച് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുകള്‍ പുനപ്പരിശോധിച്ച ചരിത്രം സുപ്രിംകോടതിക്കുണ്ട്. അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ആണ് അന്തിമം എന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുമില്ല. ചരിത്രം അറിയാത്തവര്‍ ഈ കേസില്‍ ഞങ്ങള്‍ സുപ്രിംകോടതിയില്‍ പുനപ്പരിശോധന ഹരജി ഫയല്‍ചെയ്യുമ്പോള്‍ അല്‍ഭുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ സുപ്രിംകോടതി വിധി മാനിക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച മുസ്‌ലിം പക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നത് കോടതിയുടെ അന്തിമനിലപാടല്ല എന്നാണ് വ്യക്തിനിയമ ബോര്‍ഡിന് പറയാനുള്ളത്. കോടതി ഉത്തരവില്‍ സംതൃപ്തരാവാത്തവര്‍ക്ക് ഭരണഘടനയുടെ 137ാം വകുപ്പ് പ്രകാരം പുന:പരിശോധന ഹരജി നല്‍കാവുന്നതാണ്. കോടതി വിധി മുസ്‌ലിംകള്‍ സ്വാഗതംചെയ്‌തെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. ഒന്നോ രണ്ടോ ലക്ഷം പേര്‍ വിധി സ്വാഗതംചെയ്ത് കൊണ്ട് അതുപൊതുവായ വികാരമാവില്ലെന്നും ഇന്ത്യന്‍ മുസ്‌ലിംകൾ 200 ദശലക്ഷം വരുന്ന വലിയൊരുസമൂഹമാണെന്നും ജിലാനി കൂട്ടിച്ചേര്‍ത്തു. അടുത്തമാസം ഒന്‍പതിന് മുന്‍പായി തന്നെ പുനപ്പരിശോധന ഹരജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter