കശ്മീർ, അസം വിഷയങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎസ് ജനപ്രതിനിധികൾ
വാഷിങ്ടൺ: ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അമേരിക്കൻ ജനപ്രതിനിധികൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ (ജനപ്രതിനിധി സഭ) വിദേശകാര്യ സമിതിയുടെ 'ദക്ഷിണേഷ്യയിലെ മനുഷ്യാവകാശം' സംബന്ധിച്ച വാദംകേൾക്കലിലാണ് ഇന്ത്യൻ വംശജയായ യു.എസ് സെനറ്റ് അംഗം പ്രമീല ജയപാൽ, ഇൽഹാൻ ഉമർ തുടങ്ങിയവർ കശ്മീർ, അസമിലെ പൗരത്വ രജിസ്റ്റർ തുടങ്ങിയ സംഭവങ്ങളിൽ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചത്. 'ജമ്മു കശ്മീരിൽ പൊതുജന സുരക്ഷാ നിയമപ്രകാരം 4000 പേരെ തടവിലാക്കി എന്നാണ് ഇന്ത്യയിലെ ഒരു മജിസ്‌ട്രേറ്റ് റിപ്പോർട്ട് ചെയ്തത്. കുറ്റപത്രമോ വിചാരണയോ ഇല്ലാതെ ജനങ്ങളെ രണ്ടു വർഷം വരെ തടവിൽ വെക്കാൻ അധികൃതരെ അനുവദിക്കുന്ന വിവാദനിയമവും നിലവിലുണ്ട്. ആഗസ്റ്റ് മുതൽ ഒമ്പത് വയസ്സുകാരനടക്കം 144 കുട്ടികളെ ജമ്മു കശ്മീർ പൊലീസ് തടവിലാക്കി എന്ന് കോടതി ആവശ്യപ്പെട്ട ഒരു റിപ്പോർട്ടിൽ പറയുന്നു.' - പ്രമീല ജയ്പാൽ വാദംകേൾക്കലിനിടെ പറഞ്ഞു. അസമില്‍ പൗരത്വം തെളിയിക്കാൻ കഴിയാത്തവർക്കു വേണ്ടി ഇന്ത്യൻ ഭരണകൂടം നിർമിക്കുന്ന ക്യാമ്പുകൾ റോഹിങ്ക്യ കൂട്ടക്കുരുതിയെ ഓർമിപ്പിക്കുന്നുവെന്ന് ഇൽഹാൻ ഉമർ പറഞ്ഞു. ബി.ജെ.പി സർക്കാറിന്റെ 'ഹിന്ദുദേശീയതാ പ്രൊജക്ടി'ന്റെ ഭാഗമാണ് കശ്മീരിലെയും അസം പൗരത്വ രജിസ്റ്ററിലെയും നടപടികൾ എന്നാണ് ഇൽഹാൻ ഉമർ ആരോപിച്ചത്. 'ഇന്ത്യയുമായുള്ള നമ്മുടെ പങ്കാളിത്തം ജനാധിപത്യത്തിന്റെയും മതകീയ ബഹുസ്വരതയുടെയും മനുഷ്യാവകാശത്തോടുള്ള ബഹുമാനത്തിന്റെയും പങ്കാളിത്തം അടിസ്ഥാനമാക്കിക്കൂടിയാണ്. മോദിക്കും ബി.ജെ.പി സർക്കാറിനും കീഴിൽ ഈ വ്യക്തിഗത മൂല്യങ്ങളെല്ലാം ഭീഷണി നേരിടുകയാണ്. കശ്മീരിലെ പ്രശ്‌നങ്ങൾ ഒരു സമഗ്ര ഹിന്ദു ദേശീയതാ പദ്ധതിയുടെ ഭാഗമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.' - ഇൽഹാൻ പറഞ്ഞു അസം പൗരത്വ രജിസ്റ്റർ വിഷയം മുസ്ലിംകളെ മാത്രം ലക്ഷ്യംവെച്ചുള്ളതാണെന്നും പൗരത്വം തെളിയിക്കാൻ കഴിയാത്തവർക്കു വേണ്ടി ഇന്ത്യൻ ഭരണകൂടം നിർമിക്കുന്ന ക്യാമ്പുകൾ റോഹിങ്ക്യൻ കൂട്ടക്കുരുതിയെ ഓർമിപ്പിക്കുന്നുവെന്നും ഇൽഹാൻ പറഞ്ഞു. 'അസമിലെ മുസ്‌ലിംകളെ ആ ക്യാമ്പിൽ അടക്കാനാണോ നമ്മൾ കാത്തിരിക്കുന്നത്?' - അവർ ചോദിച്ചു പൗരത്വം തെളിയിക്കേണ്ടത് മുസ്‌ലിംകൾ മാത്രമായിരിക്കുമെന്ന് വ്യക്തമാക്കുന്ന ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകൾ ഉദ്ധരിച്ച ഇൽഹാൻ, അമേരിക്ക വിഷയത്തിൽ ഇടപെടണമെന്നും ശക്തമായ ആശങ്കയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter