ഇസ്രായേലുമായുള്ള നിലപാടിൽ യാതൊരു മാറ്റവുമില്ല: യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രായേലിനെതിരെ തുറന്നടിച്ച് ഖത്തർ അമീർ
ന്യൂയോർക്ക്: യുഎഇ ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് ഒരാഴ്ച പിന്നിടവേ ഇസ്രായേലുമായുള്ള സമീപനത്തിൽ ഒരു മാറ്റവും ഇല്ലെന്ന് പ്രഖ്യാപിച്ച് ഖത്തർ. ഐക്യരാഷ്ട്ര സഭയുടെ 75-ാമത് ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് നിലപാടിൽനിന്ന് മാറ്റമൊന്നും ഇല്ലെന്ന് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമിം ഹമദ് അല്‍ താനി വ്യക്തമാക്കിയത്. ഫലസ്തീന്‍ ഭൂപ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ നടത്തുന്ന കടന്നു കയറ്റങ്ങളെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു ഹമദ് അല്‍ താനിയുടെ പ്രസംഗം.

ഫലസ്തീനീ ഭൂമിയിലെ തുടര്‍ച്ചയായ അധിനിവേശങ്ങള്‍, ഗാസ മുനമ്പിലെ കടുത്ത ഉപരോധങ്ങള്‍, വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന കൈയേറ്റ നയങ്ങള്‍ തുടങ്ങിയ ഇസ്രഈല്‍ അതിക്രമങ്ങളെ ജനറല്‍ അസംബ്ലിക്ക് മുമ്പാകെ തുറന്നു കാട്ടിയ ഖത്തര്‍ അമീർ ഇസ്രായേലിന്‍റെ ഇത്തരം നടപടികളെ നേരിടാന്‍ ഫലപ്രദമായ ഒരു ശ്രമവും സ്വീകരിക്കാന്‍ കഴിയാത്ത വിധത്തിലാണ് അന്താരാഷ്ട്ര സമൂഹം നിലകൊള്ളുന്നതെന്നും വിമര്‍ശിച്ചു. 2002 ല്‍ നിലവില്‍ വന്ന അറബ്-ഇസ്രായേല്‍ സമാധാന ഉടമ്പടിയെ എടുത്തുപറഞ്ഞ് ഖത്തർ അമീർ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ഇസ്രായേല്‍ തയ്യാറാകുമ്പോള്‍ മാത്രമേ മേഖലയില്‍ സമാധാനം പുലരുകയുള്ളുവെന്നും പറഞ്ഞു. ഫലസ്തീന്‍ വിഷയത്തിലെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ട അദ്ദേഹം ഗാസ മുനമ്പിലെ ഉപരോധങ്ങള്‍ എടുത്തുകളയുക തന്നെ വേണമെന്നും തുറന്നടിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter