പാക് മലയാളി രാഷ്ട്രീയ നേതാവ് ബി. എം കുട്ടി വിട പറഞ്ഞു
കറാച്ചി: പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവും മലയാളിയുമായ ബി.എം കുട്ടി അന്തരിച്ചു. 90 വയസ്സായിരുന്നു. 1947 ൽ ഇന്ത്യാ പാക് വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ മലയാളികളി ലൊരാളായിരുന്നു അദ്ദേഹം. മലപ്പുറം തിരൂരിൽ ജനിച്ച അദ്ദേഹത്തിന്റെ പൂർണ നാമം ബിയ്യാത്തില്‍ മൊയ്തീന്‍കുട്ടി എന്നാണ്. 1949ല്‍ മദ്രാസില്‍ നിന്നാണ് കറാച്ചിയിലേക്ക് കപ്പല്‍ കയറിയത്. പാകിസ്ഥാനിലെത്തിയ ബി.എം കുട്ടി ഇന്ത്യന്‍ കോഫി ഹൗസില്‍ ജീവനക്കാരനായി ജോലിക്ക് ചേർന്നു. പിന്നീട് തൊഴിലാളി സംഘടനാപ്രവര്‍ത്തകനുമായി പല തവണ സമരങ്ങള്‍ നയിച്ചിട്ടുണ്ട്. അറസ്റ്റ് വരിച്ച്‌ പാക്കിസ്ഥാനിലെ ജയിലുകളില്‍ കഴിഞ്ഞ ചരിത്രവുമുണ്ട്. നാഷണല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന നാഷണല്‍ അവാമി പാര്‍ട്ടി ബലൂചിസ്ഥാനിൽ അധികാരത്തിലെത്തിയതോടെ യാണ് ബി.എം കുട്ടിയുടെ രാഷ്ട്രീയ രാശി തെളിഞ്ഞത്‌. ഗവര്‍ണ്ണറുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായായിരുന്നു തുടക്കം. പിന്നീട് വന്ന സര്‍ക്കാരുകള്‍ റഷ്യന്‍ ബന്ധം ആരോപിച്ച് കുട്ടിയെ തടങ്കലിലാക്കിയെങ്കിലും പൊതു രംഗത്ത് നിന്ന് വിട വാങ്ങാതെ ജനാധിപത്യപ്രസ്ഥാനം രൂപീകരിച്ച് ജീവിത ദൗത്യം വിജയകരമായി തുടർന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയരംഗത്ത് സമാധാനപ്രചാരകനായിരുന്നു കുട്ടി. ഇന്ത്യയുമായി സമാധാന ബന്ധം സ്ഥാപിക്കാൻ അത്യധികം വാദിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍കാരിയായ ബ്രിജിസ് ആയിരുന്ന ഭാര്യ. ഖേദങ്ങളില്ലാതെ 60 വര്‍ഷത്തെ പ്രവാസമെന്ന ബി.എം കുട്ടിയുടെ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter