പൗരത്വഭേദഗതി എൻഡിഎയിൽ ചർച്ചചെയ്തില്ല: അമിത് ഷായുടെ ഏകാധിപത്യ ശൈലിയിൽ അതൃപ്തിയുമായി ഘടകകക്ഷികൾ
ന്യൂഡല്‍ഹി: സുപ്രധാനമായ ബില്ലുകൾ പാസാക്കുന്നതിന് മുമ്പ് എൻഡിഎയിൽ ചർച്ച ചെയ്യാത്തതിനെതിരെ ശിരോമണി അകാലിദൾ രംഗത്തെത്തി. ഘടകകക്ഷികൾക്ക് നൽകേണ്ട പരിഗണന ലഭിക്കാത്തതിനാല്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ സഖ്യകക്ഷികളിലധികവും അതൃപ്​തിയിലാണെന്ന്​ ശിരോമണി അകാലിദള്‍ നേതാവും രാജ്യസഭ എംപിയുമായ നരേഷ്​ ഗുജ്റാൾ വ്യക്തമാക്കി. നേതാക്കള്‍ പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ ബി.ജെ.പിയെ കേന്ദ്രത്തില്‍ പിന്തുണക്കുന്ന തന്റെ പാര്‍ട്ടിക്ക്​ പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച്‌​ ആലോചിക്കേണ്ടി വരുമെന്നും നരേഷ്​ ഗുജ്​റാള്‍ മുന്നറിയിപ്പ് നൽകി. ശിരോമണി അകാലിദള്‍ ദേശീയ പൗരത്വ രജിസ്​റ്ററിന്​ (എന്‍.ആര്‍.സി) എതിരാ​ണ്​. പൗരത്വ നിയമ പ്രകാരം പൗരത്വത്തിന്​ അപേക്ഷിക്കുന്ന അഭയാര്‍ഥികളുടെ പട്ടികയില്‍ മുസ്​ലിമുകളെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം പോലുള്ള സുപ്രധാന വിഷയങ്ങളില്‍ പോലും എന്‍.ഡി.എയില്‍ ചര്‍ച്ച നടക്കുന്നില്ലെന്നത്​ നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതുകൊണ്ട്​ തന്നെ പല എന്‍.ഡി.എ സഖ്യകക്ഷികളും അസന്തുഷ്ടരാണെന്നും തുറന്നടിച്ചു. നിലവിലെ ബി.ജെ.പി നേതാക്കള്‍ക്ക്​ 'വാജ്​പേയ്​ സ്​പര്‍ശം' ആണ്​ ​ വേണ്ടത്. 20ഓളം പാര്‍ട്ടികളടങ്ങിയ സഖ്യം നയിച്ചിരുന്നയാളാണ്​ വാജ്പേയിയെന്നും എന്നിട്ടും വേണ്ട പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നതിനാല്‍ എല്ലാവരും സന്തുഷ്​ടരായിരുന്നുവെന്നും എല്ലാ വിഷയങ്ങളിലും ചര്‍ച്ചകൾ നടന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter