മഅ്ദനിക്ക് നീതി നല്‍കുന്നതില്‍ രാജ്യം പരാജയപ്പെടുന്നതെന്തുകൊണ്ട്?
മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും എന്‍.ഐ.എ കോടതി അനുമതി നിഷേധിച്ചതോടെ മഅ്ദനി ഒരിക്കലൂടെ ചര്‍ച്ചയായിരിക്കുന്നു. ഈയൊരു കാരണത്തിന് കേരളത്തില്‍ പോകാന്‍ ജാമ്യവ്യവസ്ഥതയില്‍ ഇളവ് നല്‍കാനാകില്ലെന്നാണ് സി.ബി.ഐ കേസുകള്‍ക്കുള്ള ബംഗളൂരുവിലെ പ്രത്യേക കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, രോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തിരിക്കയാണ്.
ബംഗളൂരു സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിജാരണ തടവുകാരനായി കഴിയുകയാണ് മഅ്ദനി. മുമ്പ് മംഗലാപുരം സ്‌ഫോടന കേസിലും വിചാരണ തടവുകാരനായി സേലം സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹം അടക്കപ്പെട്ടിരുന്നു. നീണ്ട പത്തോളം വര്‍ഷങ്ങള്‍ക്കു ശേഷം വിചാരണക്കൊടുവില്‍ കുറ്റമുക്തനാണെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തെ വെറുതെ വിടുകയാണുണ്ടായത്.
ആരോപണത്തിലപ്പുറം ചെയ്‌തെന്ന് പറയപ്പെടുന്ന കുറ്റം തെളിയിക്കപ്പെടുകപോലും ചെയ്യാതെയാണ് ഇപ്പോഴും മഅ്ദനി ജയിലില്‍ കഴിയുന്നത്. ആരോ തയ്യാറാക്കി നല്‍കിയ ആരോപണ നാടകങ്ങള്‍ക്ക് മഅ്ദനി ഇരയായിക്കൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം. അതിന്റെ അനുരണനങ്ങളും പ്തിഫലനങ്ങളുമാണ് ഒന്നിനു പിന്നില്‍ മറ്റൊന്നായി ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നതും.
ഇന്ത്യയിലിന്ന് നീതി നിഷേധത്തിന്റെ ഏറ്റവും വലിയ ഉപമകളിലൊന്നാണ് അബ്ദുന്നാസ്വിര്‍ മഅ്ദനിയെന്നു പറയാം. 17 വര്‍ഷമായി വിവിധ ജയിലുകളില്‍ ആ ജീവിതം ഉരുകിത്തീരുന്നു. ഇന്ത്യന്‍ കോടതികള്‍ക്ക് സസൂക്ഷ്മം അന്വേഷണങ്ങള്‍ നടത്തിയിട്ടും അദ്ദേഹം കുറ്റവാളിയാണെന്നു തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. കുറ്റവാളിയായി കണ്ടെത്തി ശിക്ഷിക്കാന്‍ വഴിയൊരുങ്ങാത്തതു കൊണ്ടുതന്നെ വിചാരണ തടവുകാരനായി അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചിരിക്കയാണ്.
വര്‍ഗീയ പ്രസംഗങ്ങളും മതസൗഹാര്‍ദം തകര്‍ക്കുന്ന അധിക്ഷേപങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശി കലയെയും എന്‍. ഗോപാലകൃഷ്ണനെയും പോലെയുള്ളവര്‍ യാതൊരു നിയന്ത്രണവും വിലക്കുമില്ലാതെ ഊര് ചുറ്റുമ്പോഴാണ് മഅ്ദനിക്കെതിരെ ഈ വിവേചനം നടക്കുന്നതെന്നതാണ് ഏറെ ഖേദകരമാണ്. മതേതര ജനാധിപത്യ ഇന്ത്യയുടെ നീതിന്യായ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഈ വിവേചനം. ജാതി മത വര്‍ഗ ഭേദമന്യേ നീതി നടപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഇന്ത്യന്‍ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും. എന്നാല്‍, ഈ സങ്കല്‍പങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നതാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കേസ് നാടകങ്ങളും. മഅ്ദനിക്കു നേരെ നടക്കുന്ന നീതി നിഷേധവും ഈ ഗണത്തില്‍ പെടുത്തിവേണം മനസ്സിലാക്കാന്‍.
വര്‍ഗീയ വിഷം ചീറ്റി ഉറഞ്ഞുതുള്ളുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ അരമന പദ്ധതികളാണ് ഇതിലൂടെയെല്ലാം പുറത്തുവരുന്നത്. ഒടുവില്‍ സെന്‍കുമാറിലൂടെ പുറത്തുചാടിയും മറ്റൊന്നല്ല. ഇന്ത്യയില്‍ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധസ്ഥിത വിഭാഗങ്ങളുടെയും ന്യൂനപക്ഷ മുസ്‌ലിംകളുടെയും അവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ച മഅ്ദനി അഴികള്‍ക്കുള്ളില്‍ കഴിയണമെന്നത് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ചിരകാല സ്വപ്‌നമാണ്. അതാണ് പല രൂപത്തിലായി മഅ്ദനിക്കെതിരെ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഫാസിസം ഇവിടെ ഉന്നംവെക്കുന്നത് ഒരു മഅ്ദനിയെ മാത്രമല്ല, രാജ്യത്തെ ന്യൂനപക്ഷങ്ങളെ മൊത്തമാണെന്നതാണ് വസ്തുത. മഅ്ദനിക്കെതിരെയുള്ള നീതി നിഷേധത്തെ ആ നിലക്കാണ് കാണാനാവുക. രാഷ്ട്രീയ കക്ഷിത്വത്തിന്റെ പേരില്‍ മഅ്ദനി വിഷയം ഒരിക്കലും അവഗണിക്കപ്പെടരുത്. ഇതിനു പിന്നിലെ ഒളിയജണ്ടകള്‍ തകര്‍ത്ത്, മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സാധിക്കേണ്ടതുണ്ട്.
Leave A Comment