മധുരയിൽ ഇസ്‌ലാം വളരെ മുമ്പേ എത്തി: പര്യവേക്ഷണത്തിൽ  കണ്ടെത്തിയത് പുരാതന  സ്വർണ നാണയങ്ങൾ
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗായ് ജില്ലയിലെ കല്ലയ്യാർ കോയിലിനടുത്തുള്ള എളന്തക്കരായിയിൽ നടത്തിയ പര്യവേക്ഷണത്തിൽ സിറിയൻ നിർമിത പുരാതന സ്വർണ നാണയം കണ്ടെത്തി. തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള പുരാവസ്തു വകുപ്പിന്റെ പര്യവേക്ഷണം നടക്കുന്ന പ്രദേശത്ത് നിന്ന് കണ്ടെടുത്ത സ്വർണ നാണയത്തിൽ 'ലാ ഇലാഹ ഇല്ലല്ലാഹ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ നാണയം ഹിജ്റ ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണെന്ന് തമിഴ് ആഴ്ചപതിപ്പ് ആനന്ദ വികാതൻ റിപ്പോർട്ട് ചെയ്തു.

മധുരക്കടുത്തുള്ള കീയാടി, ശിവഗംഗായ് ജില്ല അതിർത്തി എന്നിവിടങ്ങളിലാണ് പര്യവേക്ഷണം നടന്നുകൊണ്ടിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്.

ലോക് ഡൗണിന് മുമ്പ് ആരംഭിച്ച പദ്ധതി പിന്നീട് അടിയന്തരമായി നിർത്തിവെക്കുകയായിരുന്നു. ഈ പദ്ധതി പുനരാരംഭിച്ചതോടെയാണ് സിറിയൻ നിർമ്മിത സ്വർണ്ണനാണയം കണ്ടെത്തുന്നത്. മധുരയിൽ ഇസ്‌ലാം വളരെ മുമ്പുതന്നെ കടന്ന് വന്നിട്ടുണ്ടെന്നാണ് ഈ കണ്ടെത്തൽ അർത്ഥമാക്കുന്നതെന്ന് തമിഴ്നാട് പുരാവസ്തു പ്രവർത്തകനായ ജമിനി രമേശ് വ്യക്തമാക്കുന്നു.

"ക്രി. 14ആം നൂറ്റാണ്ടിൽ മലിക് കാഫൂർ മധുരയിലേക്ക് പടനയിക്കുന്നതിന് മുമ്പായി തന്നെ അറബ് കച്ചവടക്കാരിലൂടെ ഇസ്‌ലാം ഇവിടെ എത്തിയിരുന്നു, ഇവിടെ ഭരണം നടത്തിയിരുന്ന പാണ്ഡ്യരാജാക്കന്മാരുമായി മുത്തുകൾ വ്യാപാരം നടത്താനായിരുന്നു അവർ മധുരയിൽ എത്തിയിരുന്നത്" പ്രദേശത്തെ അഭിഭാഷകനായ മുഹമ്മദ് യൂസഫ് പറയുന്നു. ക്രി 900 ൽ സൂഫി കളിലൂടെ സമാധാനപരമായാണ് ഇസ്‌ലാം എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പ്രദേശം കീഴടക്കിയ ഹൃസ്വമായ കാലം മുസ്‌ലിംകൾ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. നഗര നിർമ്മാണം, വാസ്തുവിദ്യ എന്നിവയിൽ കാതലായ മാറ്റങ്ങളാണ് മുസ്‌ലിം ഭരണ കാലത്ത് സംഭവിച്ചത്. റോമക്കാരിൽ നിന്നും സ്വായത്തമാക്കിയ സാങ്കേതിക വിദ്യയായിരുന്നു ഇതിനായി ഉപയോഗിക്കപ്പെട്ടിരുന്നത്", യൂസുഫ് പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter